“വാ..നമുക്ക് അവളുടെ കുഴിമാടത്തില്‍ ഒന്ന് പോയിട്ട് വരാം..ഒപ്പം ദേവകിയെ ഒന്ന് കാണുകയും ചെയ്യാം..”
എന്തോ ആലോചിച്ചുറച്ച പോലെ ബലരാമന്‍ പറഞ്ഞു. അനുജന്മാര്‍ പരസ്പരം നോക്കി; പിന്നെ ഏട്ടന്റെ പിന്നാലെ പുറത്തേക്ക് ഇറങ്ങി.
അവര്‍ ചെല്ലുമ്പോള്‍ ദേവകി ചടഞ്ഞുകൂടി ഭിത്തിയില്‍ ചാരി ഇരിക്കുകയാണ്. കഞ്ഞി വിളമ്പി വച്ചത് അതേപടി പാത്രത്തില്‍ ഇരിപ്പുണ്ട്. അവളുടെ അനുജത്തി അടുത്തു തന്നെ താടിക്ക് കൈയും കൊടുത്ത് വിദൂരതയിലേക്ക് നോക്കി ഒപ്പം തന്നെ ഉണ്ടായിരുന്നു.
“ചേച്ചി..അങ്ങുന്നുമാര്..”
പിള്ളമാരെ കണ്ടപ്പോള്‍ അവള്‍ ചേച്ചിയോട് പറഞ്ഞു. അവരെ കണ്ടതോടെ ദേവകിയുടെ നിയന്ത്രണം പോയി. അവള്‍ വീണ്ടും അലമുറ ഇട്ടു കരയാന്‍ തുടങ്ങി.
“ഇവള്‍ ഒന്നും കഴിച്ചില്ലേ കൊച്ചെ?” ബലരാമന്‍ അനുജത്തിയോട് ചോദിച്ചു.
“ഇല്ലങ്ങുന്നെ..ഇന്നലേം ഇത് തന്നാരുന്നു സ്ഥിതി….രാവിലെ കഞ്ഞി കൊണ്ട് വച്ചിട്ട് എത്ര പറഞ്ഞിട്ടും കുടിക്കുന്നില്ല” അവള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് എഴുന്നേറ്റ് ഭവ്യതയോടെ നിന്നു പറഞ്ഞു.
“എടി ദേവകീ..നീ കഞ്ഞി കുടിക്ക്..നീ ഇങ്ങനെ തിന്നാതേം കുടിക്കാതേം ഇരുന്നാല്‍ ചത്ത പെണ്ണ് തിരിച്ചു വരുമോ..സംഭവിച്ചത് സംഭവിച്ചു..നമുക്ക് എന്ത് ചെയ്യാനൊക്കും?” ബലരാമന്‍ അവളോട് പറഞ്ഞു.
“എന്റെ അങ്ങുന്നെ..എനിക്ക് ജീവിക്കണ്ടായെ..എന്റെ പൊന്നുമോള്‍ ഇല്ലാത്ത ഈ നശിച്ച ഭൂമിയില്‍ എനിക്ക് ജീവിക്കണ്ടായെ..അയ്യോ ആര്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കണം..എന്റെ ജീവനങ്ങ് എടുക്കെന്റെ ഭഗവാനെ.എന്റെ ജീവനങ്ങ് എടുക്കോ..” ദേവകി നിലവിളിച്ചു.
“നീ അവളെ നിര്‍ബന്ധിപ്പിച്ച് വല്ലതും കഴിപ്പിക്ക്..ഞങ്ങള് പിന്നെ വരാം..”
ബലരാമന്‍ അനുജന്മാരെയും കൂട്ടി കല്യാണിയെ അടക്കിയ സ്ഥലത്തേക്ക് ചെന്നു. അവളെ കുഴിച്ചിട്ടിരുന്ന സ്ഥലത്തെ മണ്‍കൂനയുടെ മുകളില്‍ ഇട്ടിരുന്ന പൂക്കള്‍ മഴയത്ത് ഒലിച്ചു മാറിയിരുന്നു. ബലരാമന്‍ ആ പൂക്കളിലേക്കും കൂനയിലേക്കും സൂക്ഷിച്ചു നോക്കി. അയാളുടെ കണ്ണുകളില്‍ ചെറിയ ഭീതി നിഴലിക്കുന്നത് അനുജന്മാര്‍ കണ്ടു.
“അത് കണ്ടോ..എന്താണത്?” അയാള്‍ അനുജന്മാരുടെ ശ്രദ്ധ ആ കുഴിമാടത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ചോദിച്ചു. അവരും നോക്കി.
“തെങ്ങിന്റെ പൂക്കുല അല്ലെ അത്…ഇത് ആരാണ് ഇവിടെ ഇട്ടത്?” മാധവന്‍ സംശയത്തോടെ ചോദിച്ചു.
“രാവിലെ ആരെങ്കിലും ഇവിടെ വന്നുകാണും” അര്‍ജുനന്‍ തന്റെ സംശയം പറഞ്ഞു.