ശ്രീദേവി കുളിമുറിയില്‍ കയറി കതടച്ചു കുറ്റിയിട്ടു. പിന്നെ വസ്തങ്ങള്‍ ഊരി ദേഹം കഴുകി. തണുത്ത വെള്ളത്തില്‍ ദേഹം കഴുകിയപ്പോള്‍ അവള്‍ക്ക് നല്ല സുഖം തോന്നി. തോര്‍ത്തെടുത്ത് ദേഹം തുടച്ച ശേഷം അവള്‍ പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് പഴയവ ബക്കറ്റില്‍ കഴുകാനായി മാറ്റിയിട്ട് കണ്ണാടിയുടെ മുന്‍പിലെത്തി മുടി വിടര്‍ത്തിയിട്ടു. പെട്ടെന്ന് കുളിമുറിയിലെ ലൈറ്റ് പോയി അവിടെയാകെ ഇരുള്‍ പരന്നു.
“ഛെ..” എന്ന് സ്വയം പറഞ്ഞുകൊണ്ട് അവള്‍ കുറ്റി മാറ്റി പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ കതകിന്റെ കുറ്റി നീങ്ങിയില്ല.
“ഇതെന്താ മാറാത്തത്” എന്ന് പറഞ്ഞ് അവള്‍ ബലം പിടിച്ച് അത് നീക്കാന്‍ നോക്കിയപ്പോള്‍ ലൈറ്റ് വന്നു.
“ഉഫ്ഫ്..ഈ കരണ്ടിന്റെ ഒരു കാര്യം”
ശ്രീദേവി വീണ്ടും തിരിഞ്ഞു കണ്ണാടിയില്‍ നോക്കി മുടി വിടര്‍ത്തി. പെട്ടെന്ന് അവള്‍ ഞെട്ടി വീണ്ടും കണ്ണാടിയിലേക്ക് അവിശ്വസനീയതയോടെ നോക്കി. ശ്രീദേവിയുടെ ദേഹം കുളി കഴിഞ്ഞിട്ടും വിയര്‍ക്കാന്‍ തുടങ്ങി. അവള്‍ വീണ്ടും വീണ്ടും കണ്ണാടിയില്‍ നോക്കി. അവളെ ഭയം ഗ്രസിച്ചു. ശ്രീദേവിയുടെ ശരീരം ശക്തമായി വിറച്ചു. അവിടെ കണ്ണാടിയില്‍ അവള്‍ കണ്ടത് സ്വന്തം മുഖമായിരുന്നില്ല; മറിച്ച് കല്യാണിയുടെ മുഖമാണ്! കല്യാണി കണ്ണാടിയില്‍ നിന്നു തന്നെ നോക്കി പുഞ്ചിരിക്കുന്നു. ശ്രീദേവിക്ക് ഉച്ചത്തില്‍ നിലവിളിക്കാന്‍ തോന്നി. പക്ഷെ തന്റെ നാവ് കെട്ടപ്പെട്ടിരിക്കുന്നത് അവള്‍ അറിഞ്ഞു. ശബ്ദം പുറത്ത് വരുന്നില്ല. നില്‍ക്കുന്ന ഇടത്ത് നിന്നും തനിക്ക് അനങ്ങാനും സാധിക്കുന്നില്ല. കല്യാണി തന്നെത്തന്നെ നോക്കി പുഞ്ചിരിക്കുകയാണ്. പക്ഷെ ആ കണ്ണുകള്‍ക്ക് വന്യമായ ഒരു തിളക്കം. അവള്‍ക്ക് തല കറങ്ങുന്നത് പോലെ തോന്നി. അവള്‍ ഭിത്തിയില്‍ ചാരി നിലത്തേക്ക് തെന്നി നിരങ്ങി ഇരുന്നു.
“മോളെ ശ്രീദേവി..മേല് കഴുകി കഴിഞ്ഞില്ലേ?”
കുറെ നേരം ആയിട്ടും കുളിക്കാന്‍ കയറിയ മരുമകളെ കാണാതെ വന്നപ്പോള്‍ രാധമ്മ വിളിച്ചു ചോദിച്ചു. അവര്‍ കതകില്‍ മുട്ടിക്കൊണ്ട് വീണ്ടും വിളിച്ചു.
“എന്താടീ?” ബലരാമന്‍ ഭാര്യയുടെ ശബ്ദം കേട്ടു വിളിച്ചു ചോദിച്ചു.
“ഒന്നൂല്ല ചേട്ടാ..ശ്രീദേവി കുളിക്കാന്‍ കയറിയിട്ട് ഇറങ്ങിയില്ല…കുറെ നേരമായി…മോളെ..”
അവര്‍ വീണ്ടും വിളിച്ചപ്പോള്‍ കതക് തുറക്കപ്പെട്ടു. ശ്രീദേവി മുഖം കുനിച്ച് പുറത്തിറങ്ങി അവരെ നോക്കാതെ മുറിയിലേക്ക് പോയി. അവള്‍ മുടി കെട്ടിയിരുന്നില്ല.