വൈകിട്ടത്തെ ഫുട്ബോൾ കളിയ്ക്കു നിൽക്കാതെ ഞാൻ വേഗം ഓടി വീട്ടിലെത്തി, ചേച്ചിയോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്.! ഞാൻ എത്തിയപ്പോഴേക്കും ടിവിയുടെ ഫ്രണ്ടിൽ തന്നെ എന്തോ പരിപാടിയും കണ്ടുകൊണ്ടു പ്ലേറ്റിൽ നിന്നും എന്തോ കൊറിച്ചുകൊണ്ട് അവളിരുപ്പുണ്ടായിരുന്നു,
ഞാൻ ഓടി റൂമിൽ കയറി ഡ്രെസ്സും മാറി ഒരു കുളിയും കുളിചെന്ന് വരുത്തി, ഡ്രസ്സ് മാറി അവളുടെ അടുത്ത് പോയി സെറ്റിയിൽ ഇരുന്നു ,
എന്നെ കണ്ടതും അവൾ പെട്ടെന്ന് റിമോട്ടെടുത്തു കയ്യിൽ പിടിച്ചു, ഞാൻ ഒരു ചിരിയും ചിരിച്ചു അവളുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നു
” എടി എനിയ്ക്കു റിമോട്ടൊന്നും വേണ്ടാ, അത് നീയെടുത്തോ, അല്ലേലും നീയെന്റെ സ്വന്തം ചേച്ചിയല്ലേ..!” ഞാൻ അവളുടെ പ്ലേറ്റിലിരുന്ന ചക്ക വറുത്തത് എടുത്തു കൊണ്ടു, ഇനി അവളെന്താ പറയാൻ പോവുന്നതെന്നറിയാനായി ഒളികണ്ണിട്ടു നോക്കി,
അവൾ എന്നെ ഒന്ന് നോക്കി, പിന്നെ ഒരു പുച്ഛം ചിരി ചിരിച്ചു
” പറയാനാനുള്ള കാര്യം പറയടാ തവളേ, നീ കിടന്നു ഉരുളാതെ കാര്യത്തിലേക്കു വാ, എന്തേലും കാര്യം സാധിക്കാനുണ്ടാവും അല്ലാണ്ട്, ഇങ്ങനെ നീ പതപ്പിക്കില്ലാലോ..” അവൾ എന്നെ നോക്കി പിന്നെയും ചിരിച്ചു
ഞാൻ കാര്യം ഏതാണ്ട് ചോദിക്കാമെന്നുള്ള അവസ്ഥ ആയപ്പോൾ , അവളുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നു, ‘അമ്മ വരുന്നുണ്ടോന്നു ഒന്നുകൂടി അടുക്കളയിലേക്കു നോക്കി ഉറപ്പാക്കി
” അതേ, എടി ഇത് എനിയ്ക്കുള്ള ഡൌട്ട് അല്ല, എന്റെ ഒരു ഫ്രെണ്ടിനാണ്,” ഞാൻ ഒന്ന് കൂടി മുരടനക്കി തുടർന്നു
” എടി അവനെ ഇന്ന് ഒരു പെണ്ണ് ഇഷ്ടമാണെന്നു പറഞ്ഞു, പെണ്ണ് കാണാനൊക്കെ സുന്ദരിയാണ്,
പക്ഷെ ഇത്തിരി ഓവർ പൊസ്സസ്സീവ് അല്ലെന്നു അവനൊരു ഡൌട്ട്, അല്ല മറ്റുള്ള പെൺപിള്ളേരോട് സംസാരിക്കുന്നതു പോലും അവൾക്കു ഇഷ്ടമല്ലത്രേ, അവനാണേൽ പ്രേമിച്ചു ഒരു പരിചയവുമില്ല, അവനാണേൽ അവളോട് പ്രണയമുണ്ടോ എന്ന് പോലും ഒരു പിടിയുമില്ലാത്ത അവസ്ഥ..!”
ഞാൻ ഇത്രയും പറഞ്ഞു അവളുടെ മുഖത്തേയ്ക്കു നോക്കി,
അവൾ ആ ഉണ്ട കണ്ണ് വെച്ച് എന്നെ സൂക്ഷിച്ചു നോക്കി, പിന്നെ ചെറുതായൊന്നു ചിരിച്ചു
” എനിയ്ക്കു ഇതിനെ പറ്റി അത്ര ആധികാരികമായി പറയാൻ അറിഞ്ഞുകൂടാ, എന്നാലും ഒന്ന് പറയാം, ഞങ്ങൾ പെണ്ണുങ്ങൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുകയാണേൽ, അയാൾ ഞങ്ങളുടെ മാത്രമായിരിക്കും, തിരിച്ചും അങ്ങനെ തന്നെ..!” അവൾ പെട്ടെന്ന് ഒന്ന് നിർത്തി
“അല്ലേ ഇനിയിപ്പോ നിന്റെ ആ ഫ്രണ്ടിന്റെ പേര് സുനിൽ എന്നെങ്ങാനും ആണേൽ, അമ്മയോട് പറഞ്ഞു ഞാൻ ഇപ്പൊ തന്നെ നിന്റെ പുറം പൂരപ്പറമ്പാക്കും..!” അവൾ എന്നെ പെട്ടെന്ന് ഭീഷണിപ്പെടുത്തി
” ഒന്ന് പോയെടി, എന്നെയൊക്കെ ആര് പ്രേമിക്കാനാ, ഇത് ക്ലാസ്സിലുള്ള വേറൊരുത്തനാ..!” ഞാൻ പെട്ടെന്ന് അവിടെന്നു തടിതപ്പാനായി നോക്കി
” ആ ആയാൽ കൊള്ളാം, എന്തായാലും നീയാ ഫ്രണ്ടിനോട് പറഞ്ഞേരെ, നല്ല പെൻകുട്ടിയാണേൽ വിടാണ്ട് പിടിച്ചോളാൻ..” ഇതും പറഞ്ഞു ഒരു ചിരിയും പാസ്സാക്കി അവൾ പിന്നെയും ടിവിയിലേയ്ക്ക് മറിഞ്ഞു
ഞാൻ എന്ത് തീരുമാനിക്കണമെന്നറിയാതെ കുഴങ്ങി, ഇനിയെന്തായാലും വരുന്നത് വഴിയേ നേരിടാമെന്നു ഉറച്ചു ഞാൻ എന്റെ റൂമിലേയ്ക്ക് വിട്ടു, നാളെത്തേയ്ക്കുള്ള നാടക ഡയലോഗെല്ലാം പഠിക്കാൻ ഇപ്പൊ ഒരു പ്രത്യേക ആവേശം.. അത് വായിച്ചു ഞാൻ എന്തൊക്കെയോ സ്വപ്നങ്ങളും കണ്ടു അന്നത്തെ ദിവസം എങ്ങനെയോ തള്ളി നീക്കി