അജ്ഞാതന്‍റെ കത്ത് 3

Posted by

“ഞാൻ വീട്ടിലുണ്ടെടോ…. എന്താ കാര്യം”

“എനിക്ക് സാറിനെ കാണണം. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.”

“താൻ വാടോ.താൻ വന്നിട്ട് ഇന്നലെ കണ്ടില്ലെന്ന് മേരി പരാതിയും പറഞ്ഞു. നീയിപ്പോ എവിടെ “

” ഞാൻ ആലുവയിലാണ്. ബാക്കി വന്നിട്ട് പറയാം.”

ഞങ്ങളവിടുന്നിറങ്ങാൻ നേരം റിപ്പോർട്ടർ സാബുവും,റോഷനും തിടുക്കത്തിൽ ന്യൂസ് കവർ ചെയ്യാൻ തുടങ്ങി.

സുനിതയോട് ലേറ്റാവുമെന്ന് വിളിച്ചു പറഞ്ഞപ്പോഴും എന്റെ ജീവിതത്തിലെ മറ്റൊരദ്ധ്യായത്തിലേക്കുള്ള യാത്രയാണിതെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. ഞാനായിരുന്നു ഡ്രൈവ് ചെയ്തത്.ജോണ്ടിയേയും അരവിയെയും സ്റ്റുഡിയോയിൽ വിട്ട് ഞാൻ നേരെ സാമുവേൽ സാറിന്റെ വീട് ലക്ഷ്യം വെച്ച് നീങ്ങി.അരവി വരാമെന്ന് പല തവണ പറഞ്ഞിട്ടും വേണ്ടായെന്ന് പറഞ്ഞ് ഒഴിവാക്കിയതെന്തിനാണെന്ന് തിരിച്ചറിയുന്നില്ല.
വല്ലാത്ത ദാഹം ഇടയ്ക്ക് കാർ നിർത്തി ഒരു കടയിൽ കയറി ഒരു ബോട്ടിൽ വെള്ളം വാങ്ങി തിരിച്ചു വന്നു വീണ്ടും യാത്ര തുടർന്നു.

ചെവിക്കു പിന്നിൽ കഴുത്തിൽ ഒരു തണുപ്പ് ലോഹക്കുഴൽ പോലെ.ഇടതു കൈയാൽ ഞാനത് തൊട്ടു നോക്കി.അതൊരു പിസ്റ്റളാണെന്നു തിരിച്ചറിയും മുന്നേ

” ഞാൻ പറയുന്നതിനനുസരിച്ച് ഇനി കാർ മുന്നോട്ട് പോവണം”

കുപ്പിച്ചില്ലുപോലെ ചെവിയിൽ ഒരു പെൺ സ്വരം പതിഞ്ഞിരുന്നു. ശത്രുവിന്റെ സ്വരം

ഭയം കണ്ണുകളിലേക്ക് കുടിയേറി

” പിന്നോട്ട് നോക്കണ്ട. സ്ട്രൈറ്റ് and ഫസ്റ്റ് റൈറ്റ്. “

തൃപ്പുണിത്തുറ റെയിൽവേ സ്റ്റേഷൻ റോഡ്, രക്ഷപ്പെടാൻ ഒരു പഴുതുമില്ല. ഒരു ട്രെയിൻ വരുന്ന ശബ്ദം കേൾക്കാം. പിന്നിൽ എത്ര പേരുണ്ടെന്നു വ്യക്തമല്ല. സ്റ്റേഷൻ പരിസരത്തൊന്നും ഒരൊറ്റ മനുഷ്യനില്ല. വണ്ടി ഞാൻ നിർത്തി.

“നിർത്തരുത് നേരെ പോകണം.”

” ഞാൻ നിർത്തിയതല്ല, ഓഫായതാണ്. സ്റ്റാർട്ടാവുന്നില്ല, “

ശബ്ദത്തിൽ വല്ലാത്ത എളിമ കലർത്തി ഞാൻ പറഞ്ഞപ്പോഴും നെഞ്ച് ഭയം കൊണ്ട് പടപടാ മിടിക്കുകയായിരുന്നു.
പിന്നിലിരിക്കുന്ന സ്ത്രീയുടെ മുഖം കാണാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല.അവർ പല തരത്തിൽ വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു കൊണ്ടേ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *