അജ്ഞാതന്‍റെ കത്ത് 3

Posted by

അവന്റെ വീട്ടിൽ നിന്നുമാണ് വിളിച്ചത്. കട്ട് ചെയ്ത് പോക്കറ്റിലേക്കിടാൻ നേരം അവൻ ഫോണിലേക്ക് സൂക്ഷിച്ച് നോക്കി.

“വേദ ഇത് നോക്ക് “

ഫോണവൻ എനിക്ക് നേരെ നീട്ടി. ഞാൻ നോക്കിയപ്പോൾ കണ്ടത് സജീവിന്റെ നമ്പറിൽ നിന്നും വന്ന മെസ്സേജാണ്

‘ എനിക്ക് നിങ്ങളുടെ സഹായം വേണം. ഞാൻ ആലുവയിലെ ന്യൂഅവന്യൂ ഫ്ലാറ്റിലുണ്ട്. സെവൻത് ഫ്ലോർ റൂം നമ്പർ 307 ‘

മനസിൽ എന്തൊക്കെയോ പ്രതീക്ഷ. സമയം 7.54 Pm.വിശപ്പ് മഥിച്ചു തുടങ്ങിയെങ്കിലും സജീവിനെ കണ്ടിട്ടാവാം ബാക്കി.

” പോകാം ല്ലേ?”

ഞാൻ തലയാട്ടി. ജോണ്ടിയുടെ ഫോൺ ശബ്ദിച്ചു, അവൻ പതിയെ ഇരുന്നു സംസാരം തുടങ്ങി.ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൻ ചമ്മലുകാരണം ചിരിച്ചു.
ഞാനവനെ നോക്കി നടക്കട്ടെയെന്നർത്ഥത്തിൽ തലയാട്ടി.
അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ന്യൂഅവന്യൂവിലെത്തി.കാർ പാർക്കിംഗിൽ നിർത്തിയപ്പോഴും ജോണ്ടി ഫോൺ സംസാരം നിർത്തിയിരുന്നില്ല.

“നീ സംസാരിക്ക് ഞങ്ങൾ പോയിട്ട് വരാം “

എന്നും പറഞ്ഞ് ഞങ്ങൾ നടന്നു. ആളുകൾ ഫ്ലാറ്റിന്റെ ഇടതു വശത്തേക്ക് ധൃതിവെച്ചോടുന്നത് കണ്ടു. ഓടുന്നവരിൽ ഒരാളോട് കാര്യം തിരക്കി.

“ആരോ മുകളിൽ നിന്നും എടുത്തു ചാടിയതാ “

അയാൾക്കൊപ്പം ഞങ്ങളും ഓടി.
കമിഴ്ന്നു കിടക്കുന്ന ഒരു പുരുഷൻ തലയുടെ ഭാഗത്തായി പരക്കുന്ന രക്ത ചുവപ്പ്,

“അയ്യോ ഇത് 307 ലെ സജീവ് സാറാണല്ലോ”

സെക്യൂരിറ്റിയുടെ ശബ്ദം. കാതിൽ കൂടം കൊണ്ടടിച്ചതു പോലെയാണ് തുളഞ്ഞു കയറിയത്. കാണാൻ വന്നവൻ ഇതാ പിണമായി മുന്നിൽ.
അറിയാതെ മുകളിലേക്ക് നോക്കി. അവിടെ ഒരു സ്ത്രീയുടെ നിഴൽ എത്തി നോക്കിയതായി തോന്നി.

” അരവി കം ഫാസ്റ്റ് “

ഞാൻ അരവിയെ കൂട്ടി ഏഴാം ഫ്ലോർ ലക്ഷ്യം വെച്ച് ഓടി.സജീവ് ആത്മഹത്യ ചെയ്തതല്ല എന്ന ഒരു തോന്നൽ എനിക്കു ഉണ്ടായിരുന്നു. അങ്ങനെ ചെയ്യാൻ അയാൾ തീരുമാനിച്ചിരുന്നെങ്കിൽ ഒരിക്കലും അയാൾ ആ മെസ്സേജ് അയക്കില്ലായിരുന്നു. എന്തിനേയോ അയാൾ ഭയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *