“വിഡ്ഢി..കണ്ണ് കൊണ്ട് കണ്ടിട്ടും പഠിക്കാത്ത വിഡ്ഢി…നീ തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ജനിച്ചവനാണ്..ഹും”
അവള്‍ ഭൂമി ചവിട്ടിക്കുലുക്കി മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. മോഹനന്‍ ഞെട്ടിത്തരിച്ച് അവളുടെ പോക്ക് നോക്കി നിന്നു. എന്താണ് ഇവളിങ്ങനെയൊക്കെ പറയുന്നത്. അവന്‍ തളര്‍ന്ന് കട്ടിലില്‍ ഇരുന്നു.
അടുത്ത ദിവസം മഞ്ജുഷയെ കണ്ട മോഹനന്‍ അവളെ രഹസ്യമായി വിളിച്ചുകൊണ്ട് ആരും കാണാതെ ഒരു മുറിയില്‍ കയറി.
“എടീ..ഇന്നലെ നീ കണ്ട കാര്യം ആരോടും പറയരുത്..കേട്ടോ…” അവന്‍ ശബ്ദം താഴ്ത്തി അവളോട് പറഞ്ഞു. മഞ്ജുഷ അത്ഭുതത്തോടെ അവനെ നോക്കി.
“ഇന്നലെ എന്ത് കണ്ടൂന്നാ?” അവള്‍ മനസിലാകാതെ ചോദിച്ചു.
“എടി കൂടുതല്‍ പൊട്ടന്‍ കളി വേണ്ട..നീ ഇതാരോടും പറയാതിരുന്നാല്‍ മതി”
“നീ എന്താ ഈ പറയണേ..തെളിച്ചു പറ? എന്ത് കണ്ട കാര്യമാ…”
മോഹനന്‍ സംശയത്തോടെ അവളെ നോക്കി. തലേ രാത്രി കണ്ടപ്പോള്‍ അവളുടെ മുഖത്തിന്റെ മാറ്റവും കണ്ണുകളുടെ തിളക്കവും ഒപ്പം ആ ദേഹത്ത് നിന്നും വമിച്ച ഗന്ധവും ഓര്‍ത്തപ്പോള്‍ അവനില്‍ സംശയമുദിച്ചു. കല്യാണിയുടെ ഗന്ധം ഇന്നലെ ഇവള്‍ക്കുണ്ടായിരുന്നു.
“മഞ്ജുഷ..ഇന്നലെ നിനക്ക് എന്തെങ്കിലും സംഭവിച്ചതായി ഓര്‍മ്മയുണ്ടോ?” അവന്‍ ചോദിച്ചു.
മഞ്ജുഷ തലേ രാത്രിയിലേക്ക് മനസിനെ പായിച്ചു. അവളുടെ മുഖത്ത് ഭീതി നിഴലിടുന്നത് മോഹനന്‍ കണ്ടു.
“അതേയ്..ഇപ്പഴാ എനിക്കോര്‍മ്മ വന്നത്..ഞാനും വസുന്ധരയും ഒരുമിച്ചാ ഇന്നലെ ഉറങ്ങാന്‍ കിടന്നത്. നീ കാണണം എന്ന് പറഞ്ഞതുകൊണ്ട് എനിക്കുറക്കം വന്നില്ല. അങ്ങനെ നിന്നെ കാത്ത് ജനലിനരുകില്‍ നില്‍ക്കുമ്പോള്‍ ഞാനൊരു കാഴ്ച കണ്ടു.” അവളുടെ കണ്ണുകള്‍ ഭയം കൊണ്ട് വികസിച്ചു.
“പറ..എന്താണ് കണ്ടത്?”
“നമ്മുടെ പറമ്പിലെ പനയുടെ താഴെ ഇരുട്ടില്‍ ഒരു രൂപം…ആ രൂപത്തിന്റെ ഉയരം വേഗം കൂടിക്കൂടി വന്നു..അതിന്റെ തല അങ്ങ് പനയുടെ പൊക്കത്തില്‍ വരെ എത്തി…