“എനിക്കറിയില്ല നിങ്ങൾ രണ്ടു പേരുടെയും സ്നേഹത്തിന്റെ ഇടയിൽ കിടന്നു വീര്പ്പ്മുട്ടി മരിക്കുന്നതു ഞാനാ “.
“നീയൊന്നും പേടിക്കണ്ട, നീയിന്നു മുഴുവൻ ഇരുന്നു ആലോചിക്കൂ. എന്നിട്ട് എനിക്ക് നാളെ ഒരു മറുപടി താ. നിനക്ക് സമ്മതമാണെങ്കിൽ നമ്മൾ സ്വപ്നം കണ്ടതിലും മികച്ച ഒരു ജീവിതമാകും നമുക്കുണ്ടാകുക. അല്ലെങ്കിൽ എല്ലാം പഴയ പോലെത്തന്നെ പക്ഷെ ആ ജീവിതത്തിൽ ഞാൻ എത്രകാലമുണ്ടാകും എന്നത് എനിക്കറിയില്ല “
ഇതും പറഞ്ഞു അവൻ ഫോൺ കട്ടു ചെയ്തു. എന്നാലും അവസാനം പറഞ്ഞ ആ വാക്ക് എന്റെ നെഞ്ചിൽ തറച്ചു.
ഞാനവിടെ കിടന്ന് കുറെ കരഞ്ഞു. എന്റെ മനസിനെ വീണ്ടും ആ പഴയ പേടി ബാധിച്ചിരിക്കുന്നു. നെഞ്ച് പട പട ഇടിക്കാൻ തുടങ്ങിയിരുന്നു. ഞാൻ എന്ത് ആലോചിക്കാനാണ്. ഇതുവരെ ഒറ്റയ്ക്ക് ഈ വീടിനു പുറത്തു പോലും പോകാത്ത ഞാൻ അവന്റെ കൂടെ എങ്ങനെ പോകാനാണ്. പോയിക്കഴിഞ്ഞാൽ അവൻ എന്നെ പൊന്നുപോലെ നോക്കുമെന്നു എനിക്കുറപ്പാണ്. പക്ഷെ ഞാൻ എങ്ങനെ എന്റെ ഇക്കാനെ വിട്ടു പോകും. എന്റെ പൊന്നുമക്കളെ വിട്ടുപോകും. ഇക്കാ എന്നെ കുറിച്ച് എന്തു വിചാരിക്കും. ഈ നാടും നാട്ടുകാരും എന്നെ വെറുക്കില്ലേ. പക്ഷെ എനിക്ക് അവനെയും സംരക്ഷിക്കണം… ഞാൻ ഇല്ലാത്ത ദുഃഖത്തിൽ അവൻ വല്ലതും ചെയ്‌താൽ. ഈ ജന്മം മുഴുവൻ എനിക്ക് സമാധാനമുണ്ടാകില്ല. പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഞാൻ വളരെ സീരിയസ് ആയി തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഞാൻ അവിടുന്ന് പോയി ഒന്നു കുളിച്ചു. കുളിച്ചുകഴിഞ്ഞും എന്റെ മനസിലെ ആധിക്ക് ഒരു ശമനം ഉണ്ടായില്ല. ഭക്ഷണം കഴിക്കാൻ ഇരുന്നു എന്തോ കഴിച്ചെന്നു വരുത്തി ഞാൻ എണീറ്റു. മുറിയിൽ വന്നു കുഞ്ഞിനെ ഉറക്കി വീണ്ടും കിടന്നു. മനസ്സിൽ പല കാര്യങ്ങളും പറന്നു നടക്കുന്നതുകൊണ്ടു ഉറക്കം വരില്ല എന്നുറപ്പാണ്.