നോർമൽ പ്രസവം ആയതുകൊണ്ട് വളരെ പെട്ടന്ന് തന്നെ വീട്ടിൽ എത്താൻ കഴിഞ്ഞു. പിന്നീട് ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ ഒന്ന് സ്വസ്ഥമായി. ഇപ്പൊ അവനോടു സംസാരിച്ചിട്ടു രണ്ടാഴ്ച കഴിയുന്നു. ഞാൻ കുഞ്ഞിന്റെ ഫോട്ടോ അവനു അയച്ചു കൊടുത്തു. പെൺക്കുട്ടിയാണ് എന്ന് പറഞ്ഞ്. നിന്നെപ്പോലെ സുന്ദരിയാണ് എന്ന് പറഞ്ഞ് റിപ്ലൈ തന്നു. അടുത്ത നിമിഷം തന്നെ അവൻ എന്നെ വിളിച്ചു.
എനിക്ക് സന്തോഷവും കരച്ചിലും എല്ലാം കൂടി എന്തുപറയണമെന്ന് ഒരു പിടിയുമില്ലായിരുന്നു. അവനും സൈലന്റായിരുന്നു. ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു
“നിന്നെ ഒരുപാട് മിസ്സ് ചെയ്തടി ഞാൻ “
അതുകേട്ടതും എന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ഞാൻ കരച്ചിലടക്കി വിക്കി വിങ്ങി പറഞ്ഞു
“ഞാനും. ആകെക്കൂടെ എനിക്ക് പ്രാന്ത് പിടിച്ചപോലെയായി എനിക്ക്. “
“ഇനി എന്നെ വിട്ടു പിരിഞ്ഞു പോകുമോ ?”
അവന്റെ നിശ്കളങ്കമായ ചോദ്യത്തിൽ ഞാൻ പതറി.
എന്തുപറയും ഞാൻ. എത്രകാലം പോകും ഈ ബന്ധം എനിക്കറിയില്ല. ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയായി. മനസില്ല മനസ്സോടെ ഞാൻ പറഞ്ഞു
“ഇല്ലടാ. ഞാനുണ്ടാകും ഇനിയെന്നും. “
എന്താണിവിടെ സംഭവിക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല. എന്നിൽ ഒരുപാടു മാറ്റങ്ങൾ വന്നിരിക്കുന്നു. ഇത് വെറും സൗഹൃദമല്ല എന്ന് ഞാൻ ആ നിമിഷം മനസിലാക്കി. അതെ ഞാൻ അവനെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ എന്തുകൊണ്ട് ?.