പലപ്പോഴും ഞാൻ ഇക്കയുടെ സ്ഥാനത്തു നബീലിനെ പ്രതിഷ്ഠിച്ചു പെരുമാറി. ഞാൻ അവരെ രണ്ടുപേരെയും ആത്മാർത്ഥമായി പ്രണയിച്ചുകൊണ്ടിരുന്നു. എന്നും ശുദ്ധമായ പ്രണയ സല്ലാപങ്ങളിലൂടെ നബീൽ എന്റെ പകലുകൾക്കു നിറമേകി.
അങ്ങനെ ഒരു ദിവസം വീട്ടിൽ ഉമ്മാക്ക് പനി, രാവിലെ എഴുനേറ്റു മൂത്തമോളെ സ്കൂൾ പറഞ്ഞുവിടാൻ ഉള്ള തിരക്കിലായിരുന്നു. ഉമ്മ ഉള്ളപ്പോൾ അതൊക്കെ ഉമ്മയാണ് ചെയ്തിരുന്നത്. പനി പകരുമോ എന്ന പേടികൊണ്ടു ഉമ്മ കുഞ്ഞുങ്ങളെയും നോക്കിയില്ല. ഇതിനിടയിൽ ചെറിയ മോൾ കരയുന്നു. എനിക്കാണെങ്കിൽ കൊടുക്കാൻ പാലുമില്ല മുലയിൽ. ഇക്കാക്ക് ജോലിക്ക് പോകാൻ സമയമായി. ആകെ കൂടി ഒരു തിക്കുംതിരക്കായി വീട്ടിൽ. ഇക്കാടെ ഷർട്ട് ഇസ്തിരി ഇടുമ്പോളാണ് മോൾ കരഞ്ഞത് ഞാൻ വേഗം അതിനെ നോക്കാൻ പോയി. ഇതിനിടയിൽ മൂത്തമോള്ടെ ശല്യം ബൂക്കെവിടെ ഡ്രെസ്സെവിടെ എന്ന് ചോദിച്ചു. എനിക്കാകകൂടി പ്രാന്ത് പിടിച്ചു.
ആ നേരത്താണ് ഇക്കാ വിളിക്കുന്നത്. ഇക്കാക്ക് നേരം വഴുകിയിട്ടുണ്ടാകും എന്ന് കരുതി ചെന്ന് നോക്കുമ്പോഴാണ് ഷർട്ട് കരിഞ്ഞുപോയതു കാണുന്നത്. എന്റെ അശ്രദ്ധ.
ഇക്കാ എന്നെ കുറെ ചീത്തപറഞ്ഞു. ഞാൻ കുറെ സഹിച്ചു കേട്ടുനിന്നു. അവസാനം ഞാനും തിരിച്ചു പറഞ്ഞു.
“എനിക്ക് പത്തു കയ്യൊന്നും ഇല്ല, രാവിലെ നേരം എന്തൊക്കെ പണി നോക്കണം ഞാൻ. മോൾ കരഞ്ഞപ്പോൾ നോക്കാൻ പോയതാ ഞാൻ. അറിയാണ്ട് പറ്റിയതാ. പോയത് പോയി ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ “. ഞാൻ അല്പം ഉച്ചത്തിൽ ദേഷ്യത്തോടു കൂടി തന്നെയാ ഇത് പറഞ്ഞത്.
അത് ഇക്കാക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവിടെ ഞങ്ങൾ തമ്മിൽ ആകെ വഴക്കായി. എന്റെ ഒച്ച കൂടി വന്നപ്പോൾ ഇക്കാ എന്റെ മോന്തക്ക് ഒന്ന് പൊട്ടിച്ചു. കുട്ടികൾ അവിടെ ഇരുന്നു കരയുന്നുണ്ടായിരുന്നു പാവങ്ങൾ ഇതൊക്കെ കണ്ടു പേടിച്ചുകാണും.