ഇന്ന് രാവിലെ പോയതാ, രാത്രിയോടെ ഇങ്ങു എത്തും, അവള് നേരത്തെ മേടിച്ച സാരി ഇന്നല അബദ്ധത്തിൽ കീറി, അത്കൊണ്ടാണ് ഇപ്പൊ ഇങ്ങനെ വേണ്ടിവന്നേ, ഇവിടെ അടുത്തല്ലേ കോയമ്പതോർ ..!”
അവൻ പിന്നെയും ചേട്ടനുമായി കത്തിവെപ്പിലേയ്ക്ക് തിരിഞ്ഞു ,
ഞാൻ ഒരു വളിച്ച ചിരിയുമായി തിരിഞ്ഞപ്പോൾ എൻറെ പെങ്ങൾ എന്നെത്തന്നെ നോക്കി നിൽപ്പുണ്ട്
“എന്താടി ഉണ്ടക്കണ്ണി അങ്ങനെ നോക്കുന്നെ ?!”
” അല്ല നിന്റെ ആ കിളവൻ അമ്മാവനെ കാണാനുള്ള ആകാംഷ കണ്ടു ചോദിച്ചതാ, വീണ എവിടെയെന്നറിയാനുള്ള നിന്റെ ഈ ബന്ധപാട് അവിടെയുള്ള മണ്ടന്മാർക്കു മനസിലാവില്ലായിരിക്കും ,
പക്ഷെ എനിയ്ക്കു പുടികിട്ടും..!” അവൾ എന്നെ നോക്കി കണ്ണിറുക്കി
ഞാൻ എന്റെ സ്വസിദ്ധമായ ശൈലിയിലുള്ള ഇളിയും പാസ്സാക്കി വെറുതെ ആ വലിയ വീട്ടിൽ തെണ്ടിത്തിരിഞ്ഞു നടന്നു.!
രാത്രി ഭക്ഷണത്തിനു അഭി വന്നു വിളിച്ചു, നല്ല മാമ്പഴപുളിശ്ശേരിയും കൂട്ടി രണ്ടു ഇടങ്ങഴി ചോറ് ഞാൻ തട്ടി, ഒരു സിഗരറ്റ് വലിക്കാമെന്നു കരുതി പുറത്തേയ്ക്കു ഇറങ്ങിയപ്പോഴേക്കും, എന്റെ വാല് അനിയത്തി ഓടി പുറകെയെത്തി
” എടാ അവിടെ നില്ല് , ഞാനുമുണ്ട് .” അവൾ ഓടിപിടിച്ചു എന്റെ അടുത്തെത്തി
ഞാനും അവളും കൂടി മെല്ലെ നടന്നു, ആ വലിയ പറമ്പിലൂടെ, തെങ്ങിൻ തോപ്പുകളും, വേറെ എന്തൊക്കെയോ കൃഷികളുമായി ആകെ പരന്നു കിടക്കുന്ന പറമ്പു,
കണ്ണെത്താദൂരത്തോളം എന്തൊക്കെയോ ഉണ്ട്,
പറമ്പിലേയ്ക്ക് വേണ്ട വെള്ളത്തിനായി ഒരു മൂന്നടി വീതിയുള്ള ഒരു തോടുമുണ്ട് അതിൽ,
ഞാനും അവളും കൂടെ അ തോടിന്റെ സൈഡിൽ ഇരുപ്പുറപ്പിച്ചു,
ഞാൻ മെല്ലെ പോക്കറ്റിൽ നിന്നും ഒരു സിസ്സർ ഫിൽറ്റർ എടുത്തു കത്തിച്ചു., മുകളിലേയ്ക്കു നോക്കി ഒരു പുകയും വിട്ടു ആ പറമ്പിലേക്ക് ചുമ്മാ ഒന്ന് നോക്കി
” എടാ ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ.!” എന്തോ സീരിയസായ കാര്യം പറയാനുള്ള പോലെ സനു എന്റെ അടുത്തേയ്ക്കു ചേർന്നിരുന്നു
“ഈ സിഗരറ്റു ഒഴികെ എന്തും ചോദിക്കാം, പതിനഞ്ചു രൂപയാ മോളെ, ഒരു തുള്ളി ഞാൻ തരൂല..” ഞാൻ പിന്നെയും വെറുതെ ഒരു പുക കൂടി വലിച്ചു വിട്ടു