പക്ഷെ അവള് പറഞ്ഞതിലും കാര്യമുണ്ട്, വീണയെ ഒന്നുകൂടി കാണുകയും ചെയ്യാമല്ലോ , ഇനിയിപ്പോ എന്റെ യോഗത്തിനു അവിടുന്നാണ് ഒരു പെണ്ണിനെ കിട്ടുന്നതെങ്കിലോ.! ഞാൻ എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു, ഇവിടെ പ്രത്യേകിച്ച് വേറെ പണിയൊന്നും ഇല്ലാലോ.!
അങ്ങനെ ഒരു വെള്ളിയാഴ്ച ഞാനും, സനോജേട്ടനും, സംഗീത ചേച്ചിയും, സനൂജയും കൂടെ ഞങ്ങളുടെ കാറിൽ യാത്ര തിരിച്ചു, അച്ഛൻ വരാത്തത് കൊണ്ട് ‘അമ്മ വന്നില്ല,
ചേച്ചി കൺസീവ്ഡ് ആയതുകൊണ്ടാണ് ഇത്ര നീണ്ട യാത്രയായിട്ടും വണ്ടിയെടുത്തത്, ഇതാവുമ്പോൾ ഇടയ്ക്കിടയ്ക്ക് വണ്ടി നിർത്തി നിർത്തി പോവാമല്ലോ, അങ്ങോട്ട് വണ്ടി ഞാനും ചേട്ടനും മാറി മാറിയാണ് ഓടിച്ചത്, വെള്ളിയാഴ്ച വൈകിട്ട് തന്നെ ഞങ്ങൾ അവിടെയെത്തി
ഞങ്ങളെ സ്വീകരിച്ചത് അമ്മാവന്റെ മകനാണ് , അഭി , വീണയുടെ അനിയൻ.!, ഞാൻ വണ്ടി അവരുടെ വീട്ടിലേ പറമ്പിലേക്ക് ഓടിച്ചു കയറ്റിയതും അവൻ ഓടിയെത്തി .!
ഞങ്ങളെ എല്ലാം വളരെ ആഘോഷത്തോടെ അവൻ ഉള്ളിലേയ്ക്ക് കയറ്റിക്കൊണ്ടുപോയി,
ആവശ്യത്തിന് ബിസിനെസ്സുമായി നടക്കുന്ന അമ്മാവൻ നല്ല സെറ്റപ്പിൽ ആണ്,
ഒരു ഇരുനിലയുള്ള നാലുകെട്ട് വീടാണ് അമ്മാവന്റെ,
വളരെ വിശാലമായ പറമ്പിന്റെ ഒരറ്റത്തുള്ള വീട്,
ശെരിക്കും ഗ്രാമാന്തരീക്ഷം അവിടെമാകെ വിളിച്ചോതുന്നുണ്ടായിരുന്നു,
ഞാൻ ചുമ്മാ ആ വീട് മുഴുവൻ നടന്നു കണ്ടു,
പക്ഷെ എന്റെ ശെരിക്കുള്ള ഉദ്ദേശം മറ്റൊന്നായിരുന്നു, വീണയെ ഒന്ന് കാണണം,
പത്താം ക്ലാസിനു ശേഷം അവളെ ഒന്ന് കാണാൻ പറ്റിയിട്ടില്ല,
പക്ഷെ ആ വീടിന്റെ മുക്കും മൂലയും തപ്പിയ എനിയ്ക്കു അവളെ മാത്രം കണ്ടുപിടിക്കാൻ സാധിച്ചില്ല,
ഞാൻ ഒന്നും മിണ്ടാതെ താഴെ ചേട്ടനും അഭിയും ഇരിക്കുന്നിടത്തേയ്ക്കു ചെന്നു ,
അവർ കൊടുമ്പിരികൊണ്ട രാക്ഷ്ട്രീയ ചർച്ചയിലാണ്, രണ്ടു സഖാക്കളും കൂടെ കട്ട പിടിച്ച വാതുവെപ്പ്.!
“അല്ല അഭിയെ, അമ്മാവൻ എന്തിയെ.?, ഇവിടെയൊന്നും കണ്ടില്ല..!”
ഞാൻ നിഷ്കളങ്കമായ ചോദ്യമെറിഞ്ഞു , അല്ലാതെ വീണയെന്തെന്നു ചോദിച്ചാൽ അവൻ വെറുതെ എന്നെ തെറ്റിദ്ധരിച്ചാലോ, പാവം ഞാൻ
അവൻ പെട്ടെന്ന് സംഭാഷണം നിർത്തിയെന്നേ നോക്കി
” ആ അച്ഛനും, മാമ്മനും, ചേച്ചിയും കൂടെ കോയമ്പത്തൂർ സാരിയെടുക്കാൻ പോയേക്കാണ്,