മറുപടി പറയാതെ ഞാൻ നിശബ്ദമായിരുന്നു…
”അമ്മു തന്റെ ആത്മസുഹൃത്തിനോടു അവസാനമായി സംസാരിച്ചതെന്നാ??”
ചിരി നിർത്തി ഗൗരവം നിറഞ്ഞ സ്വരത്തിൽ അദ്ദേഹം ചോദിച്ചു…
”കുറച്ചുമുൻപേ.. പെണ്ണുകാണാൻ വന്ന കാര്യങ്ങൾ ചോദിച്ച് അവൾ മെസ്സേജ് ചെയ്തിരുന്നു…”
അധികമാലോചിക്കാതെ തന്നെ ഞാൻ മറുപടി പറഞ്ഞു…
”അവസാനമായി ഫോണിൽ സംസാരിച്ചത്??
ആ ചോദ്യത്തിനു മറുപടി നല്കാൻ എനിക്കല്പം ആലോചിക്കേണ്ടി വന്നു…
”രണ്ടാഴ്ച മുൻപായിരുന്നു….”
”അവസാനമായി നിങ്ങൾ തമ്മിൽ കണ്ടത്???”
ഒരുപക്ഷേ അതിനൊരു ഉത്തരം എത്ര ചിന്തിച്ചാലും കിട്ടില്ല…. കാരണം മാസങ്ങൾ ഒരുപാടായിരുന്നു ഞാൻ അവളെ കണ്ടിട്ട്…
”ഇതുകൊണ്ടാണ് ഈ സോഷ്യൽ മീഡിയകളിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറിയത്… വിശാലമായിരുന്ന എന്റെ സൗഹൃദങ്ങളും ബന്ധങ്ങളും അതിലേക്ക് മാത്രമായി ഒതുങ്ങി കൂടി… സ്ഥിരമായി കണ്ടിരുന്നവരും സ്നേഹം പങ്കുവെച്ചിരുന്നവർപോലും ടെക്നോളജിയുടെ വളർച്ചക്കൊപ്പം ജീവിതം വിരൽത്തുമ്പിൽ മാത്രമാക്കിയപ്പോൾ നഷ്ടമായത് ഒരു കൂട്ടം നല്ല സ്നേഹിതരേയും നല്ല ബന്ധങ്ങളുമായിരുന്നു….
കൂട്ടുകൂടാൻ ഒരുപാട് സൗഹൃദമുണ്ടെന്നു പറയുന്നതിലല്ല… വിളിച്ചാൽ ഓടിയെത്താൻ ഒരു സുഹൃത്തെങ്കിലുമുണ്ടെന്നു പറയുന്നതിലല്ലേ നമ്മൾ അഭിമാനിക്കേണ്ടത്…