മാധവനും ജോലി ചെയ്യുന്നത് അവിടെയായിരുന്നു എന്നത് സത്യത്തിൽ എന്നെ കോരിച്ചൊരിപ്പിക്കുന്ന പുതുമഴ പോലെയായിരുന്നു. അവനെ ആ കാര്യം വിളിച്ച് പറഞ്ഞപ്പോൾ എനിക്കുള്ള സന്തോഷത്തിന്റെ അതെ അളവ് അവനിൽ ഉണ്ടായിരുന്നോ എന്നത് എന്നെ കുഴപ്പിച്ചിരുന്നു. പണ്ടും അവൻ അങ്ങിനെ തന്നെയായിരുന്നു എന്ന ചിന്ത എന്നിൽ ചെറുതായൊരു ആശ്വാസമേകി.
തലസ്ഥാന നഗരിയിലേക്ക് വൈദ്യുതിയിൽ പായുന്ന തീവണ്ടിയിലിരുന്ന് പഴയ ഡയറി താളുകൾ വെറുതെ മറച്ച് നോക്കി. മനസ്സിൽ പഴയ ഓർമ്മകൾ നുരഞ്ഞിറങ്ങി കൊണ്ടിരുന്നു. ഡിഗ്രിയുടെ അവസാന നാളുകളിൽ പോകേണ്ടിരുന്ന വിനോദയാത്ര. അന്നെന്റെ ചേച്ചിയുടെ കല്ല്യാണം അടുത്തിരിക്കുന്നതിനാൽ വീട്ടിൽ നിന്ന് പോകാൻ അനുവാദം കിട്ടിയിരുന്നില്ലായിരുന്നു. അന്ന് കുട്ടുകാരെയെല്ലാം നിറഞ്ഞ കണ്ണോടെ യാത്രയാക്കാൻ സ്റ്റേഷനിൽ വന്നു നിന്ന ആ ദിനം ഇന്നും ഓർമ്മയിൽ നിറം മങ്ങാതെ തെളിഞ്ഞ് നിൽക്കുന്നു. വാതിലിൽ എന്തോ ചിന്തിച്ച് എന്നെ മാത്രം നോക്കി നിന്ന മാധവന്റെ ആ രൂപം മറക്കാൻ ഇന്നും കഴിയുന്നില്ല,
കുടുബത്തിലെ സാബത്തിക ബാധ്യത തീർക്കാൻ അമ്മാവന്റെ മകളെ കല്ല്യാണം കഴിക്കേണ്ട അവസ്ഥ അവനിൽ നിർബന്ധപൂർവ്വം വന്നു ചേർന്നപ്പോൾ എന്നെക്കാൾ കൂടുതൽ വിഷമിച്ചതവൻ തന്നെയല്ലേ. അവന്റെ കല്യാണത്തിന്റെ സദ്യ എന്നിലെ പ്രണയത്തിന്റെ ബലിച്ചോറായി കഴിച്ചപ്പോൾ എന്തായിരുന്നു സത്യത്തിൽ എന്റെ അവസ്ഥയായിരുന്നത്. കുറച്ച് കാലം ഡിപ്രഷന്റെ അവസ്ഥാന്തരങ്ങളിൽ ഏകാന്തമായ ജീവിതം ജീവിച്ച് തീർക്കൽ. ചേച്ചിയുടെ കുറുമ്പൻ കുട്ടികൾ തന്നെ ജീവിതത്തിലേക്ക് തിരിച്ച് കയറ്റിയതും പിന്നെയുള്ള കാലം എന്തിനോ വേണ്ടി പടപൊരുതുന്നത് പോലെ പഠനത്തിൽ സമർപ്പിച്ച് പി ച്ച് ഡി എടുത്തതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.