മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

Posted by

അവളെന്നെ വിടാനുള്ള ഒരു ഭാവവും ഇല്ലായിരുന്നു

” ഞാൻ ഇത്ര തലപോണ കാര്യമൊന്നും ചെയ്തില്ലാലോ, ഒന്നുല്ലെലും ഞാൻ നിന്റെ താലികെട്ടിയ ഭർത്താവല്ലേടി.!”

എനിയ്ക്കു ആകെ അങ്കലാപ്പും ദേഷ്യവും ഒരുപോലെ ഇരച്ചുകയറി വന്നു, അങ്കലാപ്പാണ് കൂടുതൽ, അച്ഛനെയും ചേട്ടനെയും അറിയാവുന്ന സ്ഥലമാണ് കടന്നു പോകുന്നതെല്ലാം,

ആരെങ്കിലും ഞങ്ങളുടെ സംഭാഷണം കേട്ടാൽ, ഓടുന്ന വണ്ടിയാണ് എന്നുള്ളതാണ് ആകെയുള്ള ആശ്വാസം

” അതേ ഈ അധികാരമാണല്ലോ എല്ലാ ആണുങ്ങൾക്കും,

ഇത്തിരി മുന്നേ അവൻ എന്നോട് ചോദിച്ചതും ആ അധികാരത്തിൽ ആണല്ലോ,

ഇതുവരെ എന്നോട് അങ്ങനെ അവൻ സംസാരിച്ചിട്ടില്ല,

ഇന്ന് ആദ്യമായി……

അതും എന്റെ മാനത്തിനു അവൻ…..!”

ഭദ്രകാളിയെ പോലെ വിറളിപിടിച്ചിരുന്ന പെണ്ണ് പെട്ടെന്ന് പൊട്ടിക്കരഞ്ഞു..!

ഇവളിങ്ങനെ കേരളത്തിലെ ചില പാർട്ടികാർ ഗ്രൂപ്പ് മാറുന്നപോലെ പെട്ടെന്ന് പെട്ടെന്ന്  വികാരങ്ങൾ മാറ്റിയാൽ ഞാനെന്തു ചെയ്യും.!

പക്ഷെ അവളെ കണ്ട നാൾ മുതൽ എനിയ്ക്കു ഈ കരച്ചിൽ ഒരു വീക്നെസ് ആണ്.!

എന്റെ കയറിവന്ന ദേഷ്യമെല്ലാം എങ്ങോ പിന്നെയും ഓടിമറഞ്ഞു..

ദൈവമേ ഇനി എന്ത് ചെയ്യും..

“വീണേ സാരമില്ല സംഭവിക്കാനുള്ളത് എന്നായാലും സംഭവിക്കും,

നമ്മുടെ കല്യാണം തന്നെ നോക്ക്, ആരെങ്കിലും കരുതിയതാണോ.. ഇങ്ങനെ എ..!”

“അതെ നമ്മുടെ കല്യാണം,

അതാണ് ഇതെല്ലം വരുത്തിവച്ചത്,

നീ എന്റെ ജീവിതത്തിൽ വന്നതുമുതലാണ് എല്ലാം..!”

വീണ പെട്ടെന്നാണ് എന്റെ വാക്കുകളെ മുറിച്ചത്, പൊട്ടിക്കരഞ്ഞ പെണ്ണ് പെട്ടെന്ന് പിന്നെയും ഭദ്രകാളി പരിവേഷം.!

ആഹാ ഇതെല്ലാം ഇപ്പൊ എന്റെ നെഞ്ചത്തായോ, ഞാനെന്തു ചെയ്തു,!

” ഒരുപക്ഷെ നീ എന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു,

നീയാണ് എല്ലാത്തിനും ഉത്തരവാദി..!”

അവളുടെ വാക്കുകൾക്കു മൂർച്ഛയേറി

Leave a Reply

Your email address will not be published. Required fields are marked *