‘അമ്മ ഞങ്ങളെ കയ്യോടെ പിടിച്ചതിനു ശേഷം പറഞ്ഞത് എന്റെ മനസിലേയ്ക്ക് ഓടിവന്നു
“എടാ കുഞ്ഞൂട്ട”, ‘അമ്മ മാത്രം എന്നെ വിളിക്കുന്ന ചെല്ലപ്പേരാണ്,
“നീയും അവളും ഇങ്ങനെ കീരിയും പാമ്പും പോലെ ജീവിക്കുന്നതിന്റെ കാര്യമെന്താ.?”
ആ ചോദ്യത്തിന് എനിയ്ക്കു ഉത്തരമൊന്നുമില്ലായിരുന്നു,
അവളാണ് അമ്മേ അടുക്കാത്തതു എന്ന് പറയണമെന്നുണ്ടായി ,
പക്ഷെ എന്തോ മിണ്ടിയില്ല
“എടാ കുഞ്ഞൂട്ട നീ ഈ ‘അമ്മ പറയുന്നതൊന്നു കേൾക്കു,
എന്റെ അറിവുള്ളടത്തോളം, നീയും അവളും തമ്മിൽ മുൻവൈരാഗ്യത്തിനുള്ള കാരണങ്ങൾ ഒന്നുംതന്നെയില്ല, ആകെ ഉള്ള പ്രശ്നം അവൾക്കുണ്ടായിരുന്ന ആ ഇഷ്ടമാണ്,
നിന്നെ കല്യാണം കഴിച്ചതിലൂടെ അതിനൊരു അവസാനവുമായി,
പിന്നെ… എന്നാലും പെണ്ണിന്റെ മനസ്സല്ലേടാ, അത്ര നാൾ മനസ്സുകൊണ്ട് ഒരാളെ വരിച്ചതിനു ശേഷം പെട്ടെന്നു അതുമാറി ചിന്തിക്കേണ്ടി വന്നാലുള്ള ബുദ്ധിമുട്ടു വേറൊരു പെണ്ണിനെ മനസിലാവുകയുള്ളു,”
‘
അമ്മ ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി,
ഞാൻ അപ്പോഴും ഒന്നും പറയാനില്ലാതെ മിണ്ടാതിരുന്നു.
“ഞാൻ അവളോട് സംസാരിച്ചിരുന്നു,
അവൾക്കു കഴിഞ്ഞു പോയ കാര്യങ്ങൾ മറക്കാൻ തന്നെയാണ് ആഗ്രഹം,
ആ പഴയ പ്രണയം പോലും,
പക്ഷെ അതിനവൾക്കു കുറച്ചു സമയം വേണമെന്നു മാത്രമാണ് അവൾ പറഞ്ഞതു,
ഞാൻ നിന്റെ അമ്മയെപ്പോലെ മാത്രം ചിന്തിച്ചാൽ പോരല്ലോ,
അവളും ഇപ്പോൾ എന്റെ മകളാണ്,
അതാണ് ഞാനും അച്ഛനും കൂടി ചിന്തിച്ചു അന്ന് അങ്ങനെ ഒരു കടുത്ത തീരുമാനം പറഞ്ഞത്,
എത്രയൊക്കെ പറഞ്ഞാലും ഒരു കുടകീഴിൽ തന്നെ കഴിയുമ്പോൾ ഇന്നല്ലേൽ നാളെ അവൾക്കു നിന്നോടുള്ള മനസ്സ് മാറും, എനിയ്ക്കുറപ്പുണ്ട് ,
അല്ലേൽ തന്നെ ഇഷ്ടപെടാതിരിക്കാൻ എന്റെ കുഞ്ഞൂട്ടന് എന്താ ഒരു കുറവുള്ളേ.!”
‘അമ്മ എന്റെ മുടിയിഴകളീലൂടെ കയ്യോടിച്ചു..
ഈ അമ്മമാരുടെ സ്ഥിരം ഡയലോഗാണ് ഇത്,
പക്ഷെ എത്ര കോഞ്ഞാട്ടയായ മകനും അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ടല്ലോ.!
അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്,
ഈ പറയണ അമ്മയും, പിന്നെ തലയ്ക്കു വെളിവില്ലാത്ത എന്റെ ആരവട്ടു പെങ്ങളും മാത്രമാണ്,
ഇത്രനേരം എന്റെ മുഖത്തേയ്ക്കു നോക്കിയട്ടു തന്നെ ഉണ്ടാവുന്ന പെണ്ണുങ്ങൾ,
അതും വേറെ നിവർത്തിയില്ലാതെ കൊണ്ട്.!
ഞാൻ ചിരിച്ചു കൊണ്ട് അമ്മയുടെ തോളിലേയ്ക്ക് ചാഞ്ഞു..