അമ്മേ… ഞങ്ങളിറങ്ങുവാ….!! മുറ്റത്തെ ലൈറ്റിട്ട് വച്ചേക്കുട്ടോ… ! ഞങ്ങള് ചിലപ്പോൾ ലേറ്റായേക്കും അമ്മ കിടന്നോളൂ…. കാത്തിരിക്കയൊന്നും വേണ്ട ട്ടോ… ! ചേച്ചി പറഞ്ഞു.
അധികം നേരം കളയണ്ട… കഴിവതും നേരത്തെ തിരിച്ചു പോന്നോളൂ… ! കുട സൂക്ഷിച്ചോളൂ മക്കളെ… അമ്മ പറഞ്ഞു.
പുറത്തോട്ടിറങ്ങിയപ്പോൾ അധികം താമസിയാതെ ഒരു ജീപ്പ് കിട്ടി.
അവിടെ എത്തിയപ്പോൾ തന്നെ സമയം 7 മണി ആയി. പിന്നെ പെട്ടെന്നൊന്നും തിരികെ വരാൻ പറ്റീല്ല… കാരണം കുറെ ഏറെ പരിചയക്കാരും നാട്ടുകാരും… കുടുംബക്കാരും ബന്ധുക്കളും… നാട്ടു വിശേഷം വീട്ടുവിശേഷം എന്നല്ല വീട്ടിലെ പശുതൊഴുത്തിലെ കാര്യങ്ങൾ വരെ അന്വേഷിച്ചു മാത്രമേ ഞങ്ങളെ വിട്ടുള്ളു… ഒക്കെ ചോദിച്ചും പറഞ്ഞും നേരം പോയതറിഞ്ഞില്ല… ഒൻപതു മണിയോടെ ഇറങ്ങി പുറപ്പെട്ടു.
വരാൻ നേരം ഒരു ജീപ്പെങ്കിലും കിട്ടിയത് കൊണ്ട് പെട്ടെന്ന് തന്നെ ഇവിടെ എത്തി… ഇനി തിരികെ പോകുന്ന കാര്യമാണ് കഷ്ട്ടം….
ആ വയൽ കരയിലൂടെ ഇത്തിരി നടക്കാനുണ്ട്. ആ കുന്ന് ഒഴിവായി കിട്ടും … അത് ഇത്തിരി ഷോട്ട് കട്ടാണ്. ആ ഇരുട്ടിൽ കൂടി നടന്ന് തുടങ്ങിയപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും കൂടി… നമ്മളെ രണ്ടിനെയും ഇങ്ങോട്ട് അയച്ചവരെ കടിച്ചു തിന്നാനുള്ള ദേഷ്യം തോന്നി.
നടരാജ് സർവീസ് തന്നെ ശരണം… വേഗം നടന്നാൽ പെട്ടെന്ന് വീട്ടിലെത്താം…. ഞാൻ പറഞ്ഞു. അവളൊന്നും മൂളി…
നീയെന്തിനാടാ ആ പാവത്തിനോട് ചൂടായത്… ?
അല്ലാതെ പിന്നെ… ? പോകണമെന്ന കാര്യം നേരത്തെ പറയേണ്ടായോ… ?
അതിനു നീ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ, പിന്നെ, ഇപ്പൊ ഉറക്കം ഉണർന്നതല്ലേയുള്ളൂ, പിന്നെങ്ങനെയാ പറയുന്നേ… ? എന്ത് പറഞ്ഞാലും ചെയ്താലും അവസാനം ആ പാവത്തിനാ കുറ്റം മുഴുവനും. തിരിച്ചൊന്നും പറയാത്തത് കൊണ്ടല്ലേ നീയൊക്കെ അവരുടെ മേൽ ഇത്രയും വീറ്കാട്ടുന്നത്…. ?
അതിനു എനിക്കു മറുപടിയൊന്നുമില്ല… ഞാൻ മിണ്ടിയുമില്ല. ! സോറി….