മെഷിനിൽ നിന്നുള്ള ശബ്ദം നിലച്ചു.ആരോ നടന്നു വരുന്ന ശബ്ദം.
അതൊരു പെൺകുട്ടിയായിരുന്നു.കൂടിയാൽ ഇരുപത്തഞ്ച് വയസു തോന്നിക്കുന്ന പ്രകൃതം.ഇട്ടിരിക്കുന്ന ചുവന്ന ചുരിദാറിനു മീതെ ഇളം പച്ച നിറത്തിലുള്ള ഒരു കോട്ടണിഞ്ഞിട്ടുണ്ട്. മുടി പൊക്കി വട്ടം കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഒരു വലിയ ചുവന്ന വട്ടപ്പൊട്ട്, കൈകളിൽ നേർത്ത ഓരോ വള. മങ്ങിയ വെളിച്ചത്തിലും ഞാനവ വ്യക്തമായി കണ്ടു.
” കഴിഞ്ഞില്ലേ റോഷൻ?”
ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി. പരിചിത മുഖം പക്ഷേ തിരിച്ചറിഞ്ഞില്ല.
“ഒരു പത്ത് മിനിട്ട് കൂടി നീ പോയ്ക്കോ ഞാൻ വരാം”
പക്ഷേ അവൾ പോവാൻ കൂട്ടാക്കിയില്ല.
“13 ലെ പേഷ്യന്റ് അത്ര ശരിയല്ല റോഷൻ. എന്നെയവിടുന്നു മാറ്റാൻ മേഡത്തോട് പറയാമോ?”
“അയ്യോ ചതിക്കല്ലെ പൊന്നേ… അത് മേഡത്തിന് വേണ്ടപ്പെട്ട ആളാണ് “
” എന്നു വച്ച് അയാളുടെ ഇംഗിതത്തിന് ഞാൻ നിന്ന് കൊടുക്കണമെന്നാണോ?”
അവൾ കെറുവിക്കുന്നു.
“എന്റെ പൊന്നോ അതല്ല. അവരെ മുഷിപ്പിക്കരുത്. രണ്ടും കൽപിച്ചല്ലേ ഇതിനിറങ്ങിപ്പോന്നത്. മാസാമാസം പുറത്തെ ഹോസ്പിറ്റലുകളിലേക്കാൾ നാലിരട്ടിയല്ലേ ഇവിടുന്നു തരുന്നത്. സഹിച്ചേ പറ്റൂ.”
തുടർന്ന് റോഷന്റെ കൈക്കുള്ളിലായി ആ പെൺകുട്ടി. അനുസരണയുള്ള ഒരു പൂച്ചക്കുഞ്ഞെന്ന പോലെ അവളവിടെ. ചേർന്നു നിന്നു.
“റോഷൻ ഇതെന്താണ് ഈ മുറിയിൽ ചെയ്യുന്നത്?പലപ്പോഴായി ചോദിക്കണമെന്നു കരുതിയതാണ്.”
അവളെ ദേഹത്തു നിന്നും അടർത്തിമാറ്റി അവൻ പറഞ്ഞു.
“ഇവിടെ ഒരു മെഡിസിൻ ഉണ്ടാക്കുവാ.കുഞ്ഞു കുട്ടികൾ അത്രയറിഞ്ഞാൽ മതി.”
അവന്റെ മുഖമപ്പോൾ വലിഞ്ഞു മുറുകിയിരുന്നു.
” മേഡം ഇനിയെപ്പോ വരും? “
പെൺകുട്ടി.
“നാളെ വൈകീട്ട്.ഞാൻ വരാം നീ പോയ്ക്കോ. പിന്നെ പോകുമ്പോൾ ഏഴിലെ സായിപ്പിന് ഉറങ്ങാനുള്ള മരുന്ന് കൊടുത്തേക്ക്.”
” അയാളുടെ ഉഴിച്ചിൽ കഴിഞ്ഞതല്ലേ പിന്നെന്താ പോവാത്തത്?”
“രേഷ്മാ നീയെന്താ പതിവില്ലാത്ത കുറേ ചോദ്യങ്ങളുമായി ….. അയാൾ പോവാത്തതോ നിൽക്കുന്നതോ നിന്റെ വിഷയമല്ല അനാവശ്യ കാര്യങ്ങളിലേക്ക് നീ തല കൊടുക്കണ്ട.”
അവൾ തല കുനിച്ച് ഇറങ്ങിപ്പോയി.. രേഷ്മ പോയ വഴിയിലേക്ക് നോക്കി റോഷൻ കുറേ നേരം ചിന്തിച്ചിരുന്നു.മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി.
പിന്നെ സൈഡിൽ വെച്ച ലാന്റ്ഫോണെടുത്ത് ആരെയോ വിളിച്ചു.
“ഹലോ ”
……..
” നമ്പർ 4ന് ചില സംശയങ്ങളുള്ളതുപോലെ.”
…….
” ഒന്നു രണ്ട് ചോദ്യങ്ങൾ ചോദിച്ചു എന്നോട്. ചോദ്യമത്ര കഴമ്പില്ലെങ്കിലും നമ്മളത് ഗൗരവമായി എടുക്കണം.”
……….
“ഇല്ല. ഞാൻ പറഞ്ഞു വിട്ടിട്ടുണ്ട്. നാളെ എന്തായാലും അവർ വന്നു പോവട്ടെ തീരുമാനമാക്കാം”
……….
“ഒകെ.”
…….
“കഴിഞ്ഞു. ഞാൻ ഭക്ഷണം കഴിക്കാൻ പോവുകയാണ്”
……..
” good nt “
തുടർന്നവൻ മുറി പൂട്ടി താക്കോൽ പാൻസിന്റെ പോക്കറ്റിലേക്കിട്ട് ഇറങ്ങി നടന്നു.
അവനെ പിൻതുടരാൻ ശ്രമിച്ച എന്നെ അലോഷി തടഞ്ഞു.
” ഇതിനകത്ത് എന്താണെന്ന് അറിയണം. നമ്മൾ ഭയക്കുന്ന ആ മെഡിസിൻ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണെങ്കിൽ….. “
” അകത്തെങ്ങനെ കടക്കും?”