വൈകുന്നേരം, പോകെ പോകെ ആകാശം ഇരുണ്ടു വന്നു… മഴക്കാർ മൂടി അടിച്ചു പൊളിച്ചു മഴയും തുടങ്ങി… അപ്പോഴാണ് ചേച്ചി പറഞ്ഞത് ഞാൻ ഓർത്തത്… വീട്ടിലേക്കുള്ള പാതി വഴി പോലും ആയില്ല… ഓട്ടത്തിനിടെ വണ്ടി സൈടിൽ വച്ച്, ഒരു കടത്തിണ്ണയിൽ കയറി നിന്നു… നേരം ഒരുപാട് വൈകി. ഇനിയും വീട്ടിലേക്കു ചെല്ലുമ്പോൾ എന്താകുമോ… !! ചുമ്മാ മൊബൈൽ എടുത്തു നോക്കിയതാ.. 7 മിസ്സ് കാൾ ഡ്രൈവിങ്ങിൽ ഞാൻ അറിഞ്ഞില്ല… വീട്ടിൽ നിന്നാണ്.
ഞാൻ തിരികെ വിളിച്ചു.
ഹലോ…,ഹലോ… അമ്മേ.. !
എവിടെയാ നീയ്യ്… ഞാൻ എത്ര നേരായി നിന്നെ വിളിക്യണു ? ഫോണെടുക്കാത്തതെന്താ ? ചേച്ചിടെ ശബ്ദം.
വണ്ടി ഓടിക്കുമ്പോൾ എങ്ങിനെയാ ചേച്ചി റിങ്ങടിച്ചാലറിയുന്നേ ?
ഞാൻ വീട്ടിലോട്ടുള്ള വഴിയാ. നല്ല മഴയാണ്.. മഴനിന്നാൽ ഉടനെ പുറപ്പെടാം.. അരമണിക്കൂർ കൊണ്ട് വീട്ടിലെത്തും. ചേച്ചി പേടിക്കേണ്ട ഞാൻ ഉടനെ എത്തിക്കൊള്ളാം.
പരുമഴയുടെ ശക്തിയൊന്നു കുറഞ്ഞപ്പോൾ റെയിൻ കോട്ട് വലിച്ചകേറ്റി വേഗം വിട്ടു…
മഴ പിന്നെയും കനത്തു പെയ്തതല്ലാതെ വേറെ വിശേഷമൊന്നും ഉണ്ടായില്ല.. വീട്ടിലെത്തിയപ്പോൾ സമയം 8 മണി കഴിഞ്ഞു. വണ്ടിയുടെ ശബ്ദം കേട്ട് ചേച്ചി വാതിൽ തുറന്ന് പുറത്തു വന്നു. റെയ്ൻകോട്ട് ധരിച്ചിട്ടും വലിയ കാര്യം ഉണ്ടായില്ല…
മുക്കാൽ ഭാഗവും നനഞ്ഞു കുതിർന്ന അവസ്ഥയിലാണ് വീട്ടിലെത്തിയത്. ഒപ്പം എന്നെ ആ കോലത്തിൽ കണ്ട ചേച്ചിയുടെ ഡൈലോഗ്… ഓ., ഒട്ടും നനഞ്ഞിട്ടില്ലല്ലോ…? അതെങ്ങനെയാ..!! ഞാൻ കാര്യം പറഞ്ഞാൽ ഇവിടെ ആർക്കും പിടിക്കില്ല.. ഞാൻ പറഞ്ഞാൽ ഇവിടെ ആർക്കും ഒരു വിലയുമില്ലല്ലൊ.!!
ന്താ, ന്റെ ഉണ്ണ്യേ..ത്… മഴ തോർന്നിട്ട് പോന്നാ പോരാരിരുന്നോ നിനക്ക്, ഇങ്ങനെ മഴ നനഞ്ഞിട്ട്, നീ ഇനി വല്ലതും വരുത്തി വയക്യോ, ന്റെ കുഞ്ഞേ.. നീയ്യ്….? രണ്ടൂസം, കഴിഞ്ഞാൽ പുതിയ ജോലിസ്ഥലത്തേക്ക് പോകാനുള്ള ആളല്ലേ നീയ്യ് ?