രണ്ടു മാസങ്ങള്‍ക്ക് മുന്നേ ഒരു ദിവസം പുലര്‍ച്ചെ ഞാന്‍ പള്ളിയില്‍ സുബഹി നമസ്കരിക്കരിക്കാനിറങ്ങിയതാ. പോകുന്ന വഴിയില്‍ ശരീരമാസകലം ചതഞ്ഞു നൂല്‍ ബന്ധമില്ലാതെ കിടന്ന നിന്നെ ഞാനാ ഇവിടെ എത്തിച്ചത്. ഏതാണ്ട് രണ്ടു ആഴ്ച കഴിഞ്ഞിട്ടാണ് നീ കണ്ണുകള്‍ തുറന്നത് തന്നെ. തലക്കും നട്ടെല്ലിനും പിന്നെ നിന്‍റെ ലൈംഗിക അവയവത്തിനും പറ്റിയ ക്ഷതങ്ങള്‍ മാരകമായിരുന്നു. നീ രക്ഷപ്പെടാന്‍ ഒരു ശതമാനം പോലും ചാന്‍സ് ഇല്ലായിരുന്നു.
ശരീരമാസകലം തളര്‍ന്നു കിടന്ന നീ ജീവിതത്തിലേക്ക് തിരിച്ചു വന്നത് അദ്ഭുതം തന്നെ ആണ്. പരമ കാരുണ്യവാനായ റബ്ബിന്റെ കരുണയോ അതോ ആ പെണ്‍കുട്ടിയുടെ സ്നേഹമോ നിന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നു.
ആ പറയാന്‍ മറന്നു. ഞാന്‍ ഒരു സൂഫി വൈദ്യന്‍ ആണ്. ഇത് പോലെയുള്ള പല ആള്‍ക്കാരെയും ചികിത്സിച്ചു ഭേദമാക്കുന്ന ഒരു സ്ഥലമാണ് ഇത്. ഞങ്ങളുടേത് പരമ്പരാഗതമായ ഒരു ചികിത്സാ രീതിയാണ്.
നിന്നെ തല്ലി ചതച്ചു റോഡില്‍ തള്ളിയപ്പോള്‍ അവര്‍ ചിന്തിച്ചു കാണില്ല ദൈവത്തിന്‍റെ കരുതല്‍ നിനക്കൊപ്പം കാണുമെന്നു. അല്ലെങ്കില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി എനിക്ക് പള്ളിയിലേക്ക് അത് വഴി നടന്നു വരാന്‍ തോന്നിയത് എന്താണ്? നിന്നെ എന്‍റെ മുന്നില്‍ തന്നെ എത്തിക്കാന്‍ കൊതിച്ച ആ ശക്തി ഏതാണ്? ഇവിടെ തന്നെ നിന്നെ ചികിത്സിക്കണമെന്നു എന്ത് കൊണ്ട് ആ ശക്തി തീരുമാനിച്ചു? “
“ബാബാ…..എന്താ…എനിക്കറിയില്ല…..എനിക്കൊന്നും ഓര്‍മയില്ല. “
“ഞാന്‍ പറയാം. നിന്നെ ഇവിടെ കൊണ്ട് വന്നു ഞങ്ങള്‍ ചികിത്സിച്ചു. ആഴ്ചകളോളം നീ ഒരു ജീവച്ഛവമായി കിടന്നു. കണ്ണുകള്‍ പോലും തുറക്കാതെ. പക്ഷെ എന്തോ ഒരു ശക്തി എന്നോട് പറയുന്നുണ്ടായിരുന്നു നീ തിരികെ ജീവിതത്തിലേക്ക് വരുമെന്ന്.
ഒരു ദിവസം തികച്ചും യാദ്രിശ്ചികമായി അവള്‍ ഓടി വന്നു പറഞ്ഞപ്പോള്‍ ആണ് എനിക്ക് മനസ്സിലായത്, ദൈവം എത്ര മഹാനാണെന്ന്. നിന്‍റെ പ്രണയത്തെ നിന്നോട് ചേര്‍ത്തു വെയ്ക്കാന്‍ ദൈവം കളിച്ച നാടകം ആയിരുന്നോ അത്?….
അതെ അവള്‍ നിന്‍റെ പ്രണയിനി ആണ്. അവളുടെ അച്ഛന്‍ ഇവിടെ മാസങ്ങളായി ചികിത്സയിലാണ്. ഏതോ ഒരു പ്രേരണയാല്‍ അവള്‍ ഒരു ദിവസം ഈ മുറിയിലേക്ക് കടന്നു വന്നു.
നിന്നെ കണ്ട മാത്രയില്‍ അവള്‍ തിരിച്ചറിഞ്ഞു. അവള്‍ ഓടി വന്നു എന്നോട് പറഞ്ഞു.
ഞാന്‍ വന്നു നോക്കുമ്പോള്‍ അന്നാദ്യമായി നിന്‍റെ കണ്ണുകള്‍ തുറന്നിരുന്നു. അതില്‍ പ്രതീക്ഷയുടെ മിന്നലാട്ടം ഞാന്‍ കണ്ടു. യാ ഹുദാ…നീ എത്ര മഹാനാണ്.
പക്ഷെ പിന്നീട് ഞങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും നീ പ്രതികരിച്ചില്ല.