ഓഫിസിൽ നിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ അപ്പു പുറത്തേക്കു തലയിട്ടു മാനത്തേക്കു നോക്കി. ദീപാവലി ദിവസം ആകാശത്തു നക്ഷത്രപ്പൂക്കൾ തെളിയുമെന്നാണ് അച്ഛമ്മ പറഞ്ഞിട്ടുള്ളത്. കുട്ടിക്കാലം മുതൽ ദീപാവലിദിവസം അപ്പു മാനത്തേക്കു നോക്കുമെങ്കിലും ഒരിക്കലും നക്ഷത്രപ്പൂക്കൾ കാണാൻ അവനു സാധിച്ചിട്ടില്ല.എങ്കിലും എല്ലാദീപാവലിനാളിലും അവനതു നോക്കും.
അപ്പുവിന്‌റെ കാർ ക്ഷേത്രത്തിനു സമീപമുള്ള റോിഡിലൂടെ വീട്ടിലേക്കു നീങ്ങി. ‘ഭൂരിഗോപഗത ഖലധനുജേന്ദ്ര, പാവനചരിതാ ശ്രീരാമചന്ദ്ര’ സ്വാതിതിരുനാളിന്‌റെ കീർത്തനം ക്ഷേത്രത്തിൽനിന്നുയരുന്നുണ്ടായിരുന്നു.
തറവാടിന്‌റെ മതിലുകളിൽ ചെരാതുകൾ കത്തിനിൽക്കുന്നുണ്ടായിരുന്നു .പടിപ്പുര കടന്ന് അകത്തേക്കു കടന്നപ്പോളും ദീപപ്രഭ,കത്തിച്ചുവച്ച ചെരാതുകൾ എല്ലായിടത്തും ഒളിപരത്തി നിൽക്കുന്നു.അതിനിടയിൽ ഒരു ദീപത്തിനു തിരികൊളുത്തി അഞ്ജലി നിൽക്കുന്നുണ്ടായിരുന്നു.
ഹൗ, ഒരു ദേവകന്യ ഭൂമിയിലേക്കിറങ്ങി വന്നതു പോലെയുണ്ടായിരുന്നു അഞ്ജലിയെ കാണുവാൻ. ഒരു വെളുത്ത കസവുസാരിയും ചുവന്ന ബ്ലൗസുമായിരുന്നു വേഷം. കൈയിൽ വളകൾ, കഴുത്തിൽ ആഭരണങ്ങൾ.അഭൗമമായ ആ സൗന്ദര്യത്തിൽ അപ്പു ഒരു നിമിഷം മതിമറന്നു. കൂട്ടത്തിൽ ഒരു കാര്യം ്അപ്പു ശ്രദ്ധിച്ചു. അഞ്ജലിയുടെ കഴുത്തിൽ കിടക്കുന്ന തന്‌റെ താലി. വിവാഹത്തിനു ശേഷം അഞ്ജലി താലിമാല ഊരിവച്ചിരുന്നു. ആദ്യമായാണ് അവൾ അതു ധരി്ച്ചു കാണുന്നത്.
അപ്പുവിനെ കണ്ടതും, അഞ്ജലിയുടെ മുഖത്ത് ആയിരം പൂത്തിരികൾ ഒരുമിച്ചു കത്തി,ഒരുപാടു തേടി നടന്നതിനു ശേഷം എന്തോ ലഭിച്ച കുട്ടിയെപ്പോലെ.
‘അപ്പൂ, എന്തായിത്?ദീപാവലിയായിട്ടും നേരത്തെ എത്താൻ പറ്റില്ലേ?’ അവന്‌റെ അടുക്കലേക്ക് നടന്നടുത്തുകൊണ്ട് അവൾ ചോദിച്ചു, ചോദ്യത്തിൽ ഒരു പരിഭവം നിറഞ്ഞിരുന്നു.
‘ഞാൻ പറഞ്ഞിരുന്നല്ലോ, എനിക്കു കുറച്ചു പേപ്പേഴ്‌സ്’ വെട്ടിമുറിച്ചു പറയാനാണ് അ്പ്പുവിനു തോന്നിയതെങ്കിലും അവൻ പറഞ്ഞത് പതുക്കെയാണ്. എത്രയൊക്കെ ദേ്ഷ്യമുണ്ടെങ്കിലും അഞ്ജലി അടുത്തേക്കു വരുമ്പോൾ അത് അലിഞ്ഞില്ലാതാകുന്നു. ഈ പെണ്ണിനു വല്ല മാന്ത്രികശക്തിയുമുണ്ടോ, അപ്പൂ ചിന്തിച്ചത് അങ്ങനെയാണ്.
‘ങൂം, ശരി ശരി, വാ അകത്തേക്കു പോകാം, എല്ലാവരും കാത്തിര്ിക്കുന്നു ‘ അപ്പുവിന്‌റെ കൈയ്യിൽ മെല്ലെ പിച്ചിക്കൊണ്ട് അധികാരഭാവത്തിൽ അവൾ പറഞ്ഞു.