അയാൾക്ക് വേണ്ടത് എന്നെ ആയിരുന്നില്ല. അങ്ങിനെ ആയിരുന്നെങ്കിൽ എന്നെക്കാളും, പതിന്മടങ്ങ് മിടുക്കും, സൗന്ദര്യവും ഉള്ള എത്രയോ യുവതികൾ അയാളെ ചുറ്റിപറ്റി സ്വന്തം ഓഫീസിലും, സ്വന്തം കസ്റ്റഡിയിലുമായി അവിടെ തന്നെ ഉണ്ട്… പക്ഷെ അതൊന്നു മായിരുന്നില്ല അയാളുടെ ലക്ഷ്യം എന്നത് ഞാൻ മനസിലാക്കി.
നിത്യവും പാർട്ടി, ക്ലബ്, ഫാമിലി റെസ്റ്ററെന്റ്, എന്നൊക്കെ പറഞ്ഞു എന്നെയും കൂട്ടി പല സ്ഥലങ്ങളും സന്ദർശിക്കുക. കറങ്ങി നടക്കുക പതിവായിരുന്നു.
വെറുതെയെങ്കിലും, പല പല വൻകിട ബിസിനസ്കാരുടെ ഫ്ലാറ്റുകളിൽ സന്ദർശിക്കുക, എനിക്ക് മനസിലാവാത്ത, ചില കോടു ഭാഷകളിൽ അവരോട് സംഭാഷണങ്ങൾ നടത്തുക…….
അതൊക്കെ എന്നെക്കാണിച്ച് വില പറയുന്ന, വൻ ഇടപാടുകാരായിരുന്നു, എന്ന് ഇത്തിരി വൈകിയാണ് എനിക്ക് മനസിലായത് ….. പിന്നെ പിന്നെ അത് പതുക്കെ ബിയർ പബ്, ഡാൻസ് ബാർ, ആഡംബര പാർട്ടികൾ, ക്യാബ്‌റ ബാറുകൾ, എന്നൊക്കെയുള്ള സെറ്റപ്പിലേക്ക് മാറി. പണം കൊടുത്താൽ കിട്ടാത്തതായി ഒന്നുമില്ല, ആ രാജ്യത്ത്.
അന്നൊക്കെ, പലതരത്തിലുള്ള “സെക്സി” ഡ്രെസ്സുകൾ ഉടുക്കാൻ എന്നെ നിർബന്ധിക്കുന്ന പതിവ് തുടങ്ങി… അതിനും ഞാൻ വഴങ്ങിയില്ല…
ഇതിന്റെ പുറകിൽ, ചില നിഗൂഢ ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം ഞാൻ പെട്ടെന്ന് തന്നെ മണത്തറിഞ്ഞു… എന്നെ വലയിൽ പെടുത്താൻ അയാൾ പല പുതിയ തന്ത്രങ്ങൾ പ്രയോഗിച്ചു നോക്കി. അപ്പോൾ മറ്റു പല മാനസിക, ശാരീരിക പ്രശ്നങ്ങൾ കാണിച്ചു ഞാനും അയാളിൽ നിന്നും വഴുതി മാറി നിൽക്കും..
പക്ഷെ പിന്നീട് അതിലും അയാൾക്ക് സംശയം തോന്നി, എന്നെ രഹസ്യമായും നിരീക്ഷിക്കാൻ തുടങ്ങി. അവസാനം ഞാൻ പിടിക്കപ്പെടു മെന്നായപ്പോൾ സഹികെട്ടു, അറ്റകൈക്ക്,….. സ്വകാര്യമായി ഞാൻ ഒരു ഭീഷണി മുഴക്കി…