കരയില്ല ഞാൻ [Noufal Muhyadhin]

Posted by

വീട്ടുമുറ്റത്ത് കൂട്ടുകാരന്റെ വണ്ടി വന്നുകിടപ്പുണ്ട്. പെട്ടെന്ന് വസ്ത്രമൊതുക്കിയതും എടുത്ത് വച്ച് ബെൽറ്റും ഷൂവും വിറക്കുന്ന കൈകൾ കൊണ്ട് എങ്ങിനെയൊക്കെയോ വലിച്ചുകെട്ടി. ഇനിയും നിന്നാൽ എനിക്ക് പോകാനാവില്ല. ഷാനിബ ചെങ്കൽപ്രതിമ പോലെ ചുവരിന്റെ മൂലയിൽ അനങ്ങാതെ നിൽപ്പാണ്. പെട്ടെന്നുണ്ടായ കരുത്തിൽ കതകടച്ച് വേദനിക്കുന്ന പെണ്ണിനെ വലിച്ചടുപ്പിച്ച് ചേർത്തുപിടിച്ചു. ചൂടായിരുന്നു കരിപിടിച്ച പൂമേനിയൊന്നാകെ.
കണ്ണുനീർ തിളച്ചുമറിയുമ്പോഴേയ്ക്കും ചങ്കിൽ അമർത്തിയൊന്നുമ്മ വെച്ച് പുറത്തേയ്ക്ക് കുതിച്ചു. അതിനിടയിൽ അവൾ കൈപിടിച്ചൊന്ന് വലിച്ചുവെങ്കിലും തിരിഞ്ഞു നോക്കിയില്ല. നോക്കാനെനിക്ക് ആവുമായിരുന്നില്ല. തിരിച്ചൊരുമ്മ വാങ്ങാനുള്ള കരുത്തില്ലായിരുന്നു. ആ പിടച്ചിലെനിക്ക് കാണണ്ട.
കണ്ണുനിറഞ്ഞൊന്നും കാണുന്നില്ല. ഉമ്മ കരയുന്നതോ പെങ്ങൾ മുഖം തിരിച്ചതോ ഒന്നും. ഒന്നിനും നിന്നു കൊടുത്തില്ല.
കരയില്ല ഞാൻ…കണ്ണുനിറഞ്ഞോട്ടെ എന്നാലും കരയില്ല!
വേഗം വണ്ടിയിൽ കയറി പെട്ടെന്ന് പോകാൻ തിടുക്കം തോന്നി.എല്ലാ തവണയും പോലെ കൂട്ടുകാർ മുറ്റത്ത് ചുറ്റിനിന്നിരുന്നു. ആരും ഒന്നും മിണ്ടിയില്ല…ഞാനും.
എന്റെ അവസ്ഥ കണ്ട പാവങ്ങൾ പെട്ടെന്ന് തന്നെ വണ്ടിയെടുപ്പിച്ചു.‌ ഇനിയാരോടും യാത്രയില്ല.
വണ്ടി പതിയെ റോഡിലേയ്ക്ക് കടന്നപ്പോൾ വെറുതെയൊന്ന് തിരിഞ്ഞു നോക്കി. ഷാനിബ ജനൽ തുറന്നിട്ട് ഒരു കൈ കമ്പിയിൽ മുറുക്കിപ്പിടിച്ചിരിക്കുന്നു. മറുകൈ താടിയിൽ താങ്ങി ചുണ്ടിലമർത്തി വിതുമ്പലൊതുക്കി… വലിച്ചുകെട്ടിയ മണിവീണക്കമ്പിപോലത് കരയാൻ തുടങ്ങുന്നേയുള്ളൂ.
* * * * * *
ഫേയ്സ് ബുക്കിൽ മികച്ച അഭിപ്രായം കിട്ടിയത് കൊണ്ട് ഇവിടെയും തരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *