ആകെയുള്ളത് അബുക്കാന്റെ ഷുഗറിനുള്ള കുറച്ചു മരുന്നുകൾ മാത്രം. പിന്നെ ഉമ്മാടെ വക… അതുപിന്നെ അങ്ങിനെയാണല്ലോ. എന്തോ കാലത്തിരിന്ന് നുള്ളിപ്പൊളിച്ച് ചട്ടിയിലിട്ട് വറുത്തിരുന്നു. ഉള്ളിലെന്തോ നീറിപ്പുകഞ്ഞു കണ്ണിലൂടെ പുറത്തേയ്ക്കൊഴുകുമ്പോളൊക്കെ ആരും കാണാതിരിക്കാൻ തട്ടം കൊണ്ടത് തുടച്ചുകൊണ്ടിരുന്നു പൊന്നുമ്മ.
പെട്ടിയിൽ വസ്ത്രങ്ങൾ അടുക്കിവെക്കുന്ന എന്റെ ചെമ്പകപ്പെണ്ണ് അടിയിൽ നിന്ന് അടുക്കുതെറ്റി നുരഞ്ഞുപൊങ്ങുന്നെതെന്തോ ഉള്ളിലടുക്കാൻ പാടുപെട്ട് ഇടയ്ക്ക് ബാത്റൂമിൽ കയറി കതകടച്ച് ടാപ്പ് തുറന്നിട്ടു. ആരും കേൾക്കില്ല താൻ കരയുന്നതെന്ന് പൊട്ടിപ്പെണ്ണ് വെറുതേ വിശ്വസിച്ചു.
ഇല്ല, ഇനിയിവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും. പെട്ടെന്നുണ്ടായ ശക്തിയിൽ ബൈക്കെടുത്ത് പള്ളിയിലേയ്ക്ക്. പിറകിലെ പള്ളിക്കാട്ടിനുള്ളിൽ വള്ളിപ്പടർപ്പുകൾ വകഞ്ഞൊതുക്കി കുഞ്ഞുഖബറിനുമുന്നിൽ മുട്ടുകുത്തിനിന്നു. അവൾ കുഞ്ഞല്ലേ, കുനിഞ്ഞിരുന്ന് പറഞ്ഞില്ലെങ്കിൽ അവൾക്ക് കേട്ടില്ലെങ്കിലോ…
“ന്റെ കുഞ്ഞാമിനാ, അന്നോട് ഞാൻ പറഞ്ഞിലേ വാപ്പച്ചി പോവുമ്പോ കരയുല്ലാന്ന്! വാപ്പച്ചിക്ക് അയ്ന്റെ മുന്നെ കരയാലോ…
ഇഞ്ഞി വാപ്പച്ചി പോവുമ്പോ ഇയ്യി കരയൂന്ന് പറഞ്ഞിലേ…
ഇന്ന്ട്ട് കരയാൻ നിക്കാതെ പെട്ടെന്ന് പോയിലേ…”
എന്റെ തൊട്ടടുത്ത് മുങ്ങിത്താവുമ്പോൾ., ഒന്നു പൊങ്ങിയിട്ടുണ്ടാവില്ലേ? അപ്പഴൊന്ന് വാപ്പച്ചിയെന്ന് വിളിക്കാമായിരുന്നു ഒന്നു ശക്തിയിൽ കൈയിട്ടടിച്ചാൽ കേൾക്കുമായിരുന്നു.
മൈലാഞ്ചിച്ചെടിയിനിയും വേരുപിടിച്ചിട്ടുണ്ടാവില്ല. പച്ചമണ്ണുണങ്ങാറായില്ല.
മഴപെയ്തെങ്ങാൻ നനയാതിരുന്നാൽ മതിയെന്റെ കുട്ടിക്ക്.
പൊന്നിൻകുടം കൂരിരുട്ടിൽ പേടിച്ചലറുന്ന മുഖമൊന്ന് കരളിനെ കീറിമുറിച്ചപ്പുറം പോയി. നിന്ന നിൽപ്പിലൊന്ന് മരിച്ചുവീണെങ്കിൽ, ഇന്നുരാത്രി കുഞ്ഞിപ്പൂവിന് കൂട്ടിരിക്കാമായിരുന്നു.
ജീവിക്കാൻ കൊതിയില്ല. പക്ഷേ, മരിക്കാനുമാവില്ല. ഞാനില്ലെങ്കിൽ കരിപുരണ്ട കവിളിലെ കണ്ണുനീർ പിന്നെയാരു തുടക്കും. കരയാനല്ലാതെ കറുത്തൊന്ന് നോക്കാൻ പോലുമറിയാത്ത ഷാനിബയെ സ്നേഹിക്കാനായി ജീവിച്ചേ മതിയാവൂ.
പിന്നെയും അവിടെ നിൽക്കാതെ അവിടുന്ന് ഓടുകയായിരുന്നു. ഒന്നുമല്ല, അവളതെങ്ങാനും കേട്ടാൽ, കിടന്നിടത്തുനിന്നെണീക്കാനാവാതെ ചിണുങ്ങിയാൽ വാപ്പച്ചിയ്ക്ക് പിന്നെ കരഞ്ഞ് കണ്ണു കാണാതാവും… എന്നാലും എന്റെ മോള് എങ്ങനെയാ ടാങ്കിയിൽ പിടിച്ചുകയറി റബ്ബേ… ഉത്തരമില്ലാത്ത ചോദ്യം എനിക്കൊപ്പം ഉറങ്ങാതലഞ്ഞു.