വൈകീട്ട് നാല് മാണിയോട് കൂടി വീട്ടിൽ തിരിച്ചെത്തിയ ഞാൻ വീട്ടിന്റെ ഉമ്മറത്ത് ആരെയും കണ്ടില്ല. ഈ സന്തോഷ വാർത്ത അമ്മയോട് അറീയിക്കാൻ വേണ്ടി, ഞാൻ നേരെ പോയത് അടുക്കളയിലോട്ടായിരുന്നു.
അമ്മേ, എന്ന് വിളിച്ചു കൊണ്ട് അങ്ങോട്ട് ചെന്നപ്പോൾ, അമ്മയും, ചേച്ചിയും കൂടി എന്തോ പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. നേരെ ചെന്ന് രണ്ടുപേരുടെയും കൈകൾ കൂട്ടി പിടിച്ചു മുത്തം കൊടുത്തിട്ടുണ്ട് നെഞ്ചോട് ചേർത്ത് പിടിച്ച്, പറഞ്ഞു…….
അമ്മേ…. ചേച്ചി…. എനിക്ക് ജോലി കിട്ടി…..
ഈ കമ്പനയിലേക്ക് ആകെ പത്ത് പേർക്കാണ് സെലക്ഷൻ കിട്ടിയത്… അതിൽ കേരളത്തിൽ നിന്ന് ആകെ രണ്ടു പേര്….. ഒരു അരമണിക്കൂർ മുൻപാണ് ഹൈദരാബാദിൽ നിന്നും വിളി വന്നത് ….. ഞാൻ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. എന്റെ ജീവിതത്തിലെ ആ നിർണ്ണായകമായ നിമിഷങ്ങളിൽ കുറച്ചു നേരം എല്ലാം മറന്ന് സ്വയം ഞാൻ വെറും മൂന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചു കുട്ടിയായി തീർന്നു…. ആ സന്തോഷം കൊണ്ട് എന്റെ മനസ്സ് തുള്ളിച്ചാടി…..
ഹാവൂ … “എന്റെ ഭഗവതീ”.. “എന്റെ ദേവീ” “എന്റെ പ്രാർത്ഥന നീ കേട്ടൂലോ…ദേവീ….. ഇക്യത് മതി… ന്റെ കുട്ടിക്ക് നല്ലത് മാത്രേ വരൂ…. സമാധാനായി”……
ചേച്ചിയുടെ മുഖം സന്തോഷം കൊണ്ട് താമര പോലെ വിടർന്നു തുടുത്തു… കണ്ണുകൾ… നിറഞ്ഞു. പെട്ടെന്നവൾ മുഖം തിരിച്ചു, ഒളിപ്പിച്ചു. ആരും കാണാതേ ആ സന്തോഷാശ്രുക്കൾ അവൾ തുടച്ചു കളഞ്ഞു … കാരണം എനിക്ക് ഒരു നല്ല ഉയർന്ന ഉദ്യോഗം കിട്ടണമെന്നും… ഞാൻ ഒരു നല്ല നിലയിൽ എത്തി കാണണമെന്നും ഈ വീട്ടിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും പ്രാർത്ഥിച്ചതുമൊക്കെ അവളാണ്….. അന്നും ഇന്നും… എന്നെ നിസ്വാർഥം സ്നേഹിച്ചതും…. പക്ഷെ അതറിയാൻ ഞാൻ വൈകിപ്പോയി….
അമ്മേ, ചേച്ചി നാളെ വൈകീട്ട് എനിക്ക് ഹൈദരാബാദ് ലേക്ക് പോകണം. ചില ഒഫീഷ്യൽ കാര്യങ്ങൾക്കായിട്ട്….. കമ്പനി ഫ്ലൈറ്റ് ടിക്കറ്റ് കൂടി അയച്ചിട്ടുണ്ട്.
അത് കഴിഞ്ഞു നാലഞ്ച് ദിവസം കഴിഞ്ഞേ ഞാൻ തിരിച്ചുവരു…..
കൂട്ടുകാർക്കും മറ്റും ഫോൺ ചെയ്തു വിവരം പറഞ്ഞു…