അന്ന് രാത്രി മുഴുവൻ താൻ ആ വലിയ നഗരത്തിൽ സ്വപ്നങ്ങൾ പേറി നടന്നു..
രേണുവിന് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊടുത്തു..
മറീന ബീച്ചിൽ തിരമാലകളെ നോക്കി നിന്നു.. രാത്രിയുടെ നിലാവെളിച്ചത്തിൽ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്ത് ഉമ്മ വച്ചു..
അടുത്ത ദിവസം ചെക്കപ്പിന് തൊട്ടടുത്ത ഒരു ഹോസ്പിറ്റലിൽ പോയി..
ഡോക്ടറും പ്രെഗ്നൻസി confirm ചെയ്തു..
ഇനി അങ്ങോട്ട് മൂന്നു മാസം ശ്രദ്ധിക്കണമെന്നും പറഞ്ഞു..
ആ മൂന്നു മാസങ്ങൾ മൂന്നു ഋതുക്കൾ പോലെയായിരുന്നു..
പരസ്പരം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചിരുന്ന ഒരു കാലം..
താൻ അവളെ വീട്ടുജോലി ഒന്നും ചെയ്യാൻ സമ്മതിക്കുമായിരുന്നില്ല..
ഓഫീസിലെ ജോലിക്ക് മുൻപോ ശേഷമോ ആയി താൻ തന്നെ അതെല്ലാം ചെയ്തു തീർക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു..
രേണുവിന് അതൊന്നും ഇഷ്ടമല്ലായിരുന്നെങ്കിലും കൂടി ക്ഷീണം അവളെ തളത്തുന്നത് തനിക്കറിയാമായിരുന്നു..
അങ്ങനെ രണ്ടു മാസത്തിനു ശേഷം വീണ്ടും ഒരു ചെക്കപ്പിന് താൻ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ചെന്നു..
ഇത്തവണ ഒരു ആൾട്രാസൗണ്ട് സ്കാൻ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു..
സ്കാൻ ചെയ്ത ശേഷം താൻ അവളെയും കൊണ്ട് ഡോക്ടറുടെ മുറിയിലേക്ക് കയറി..
സ്കാൻ റിപ്പോർട്ട് ഡോക്ടർക്ക് നീട്ടി..
റിപ്പോർട്ട് ഒന്ന് ഓടിച്ചു നോക്കിയ ശേഷം ഡോക്ടർ മിണ്ടാതിരിക്കുന്നത് താൻ ശ്രദ്ധിച്ചു.. അവർ ഒരു മലയാളി ആയിരുന്നത് കൊണ്ട് തന്നെ താൻ ഇടയ്ക്ക് കയറി ചോദിച്ചു..
‘ഡോക്ടർ എന്തെങ്കിലും പ്രശ്നം..??’
അന്നേരം അവർ എന്തോ ആലോചനയിലെന്ന വണ്ണം രേണുവിനോടായി ചോദിച്ചു..
‘രേണുവിന് ഗര്ഭിണിയാകുന്നതിനും മുന്നേ തന്നെ ക്ഷീണം ഉള്ളതായി തോന്നുമായിരുന്നോ..’
അവൾ ഒന്നാലോചിച്ച ശേഷം അതേ എന്ന് മറുപടി പറഞ്ഞു..
‘കല്യാണം കഴിയുന്നതിനു മുൻപും ശേഷവും ശരീരഭാരം കുറഞ്ഞിട്ടുണ്ടോ..’
‘ഡോക്ടർ കല്യാണം കഴിഞ്ഞ ശേഷം എന്തായാലും ഒരു പതിനാല് കിലോയോളം കുറഞ്ഞിട്ടുണ്ട്…’
ഡോക്ടർ നിശബ്ദത പാലിക്കുന്നത് കണ്ട് താൻ പിന്നെയും ചോദിച്ച്..
‘ഡോക്ടർ കുഞ്ഞിനെന്തെങ്കിലും പ്രശ്നം..??’
‘ഒന്നും പറയാറായിട്ടില്ല.. ദാ ഈ ടെസ്റ്റുകൾ കൂടി ചെയ്യണം.. അതിവിടെ ചെയ്യാനുള്ള സൗകര്യമില്ല.. മറ്റെവിടെയെങ്കിലും ചെയ്ത ശേഷം അടുത്ത ദിവസം ,പറ്റുമെങ്കിൽ ഇന്നോ നാളെയോ എന്നെ കൊണ്ടുവന്ന കാണിക്കണം…’
ഡോക്ടറുടെ മറുപടിയിൽ തനിക്കെന്തോ അപ്പോഴും ഒരു ധൈര്യക്കുറവ് തോന്നി..
അന്ന് തന്നെ മറ്റൊരിടത്ത് പോയി ഡോക്ടർ പറഞ്ഞ ടെസ്റ്റുകൾ എല്ലാം ചെയ്ത അവരുടെ ഒ.പി തീരും മുന്നേ തിരികെ ഹോസ്പിറ്റലിലേക്ക് ഓടിയെത്തി..
രേണുവുമായി താൻ അവരുടെ മുറിയിലേക്ക് കയറി … കിട്ടിയ റിപ്പോർട്ട് അവരെ ഏൽപ്പിച്ചു..