അത് പറയുമ്പോൾ തന്റെ കണ്ണിൽ കണ്ണീർ ഉറഞ്ഞുകൂടിയിരുന്നു..
‘ഒക്കെ രാജീവ്.. ഞാൻ പറഞ്ഞെന്ന് മാത്രം..’
ഡോക്ടറിന്റെ റൂമിനു വെളിയിൽ ഇറങ്ങുമ്പോൾ തന്റെ കണ്ണുകൾ തുളുമ്പുന്നത് രേണുവും കണ്ടെന്ന് അയാൾക്ക് തോന്നി..
‘ഡോക്ടർ എന്തു പറഞ്ഞു..’
‘ഒന്നൂല്ല.. നമുക്ക് പോവാം..’
താൻ അവളെയും വിളിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു..
വീട്ടിലെത്തിയപ്പോഴും രേണു ആ ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു..
ഒന്നുമില്ലെന്ന് പഴയ പല്ലവി താനും..
അന്ന് രാത്രി തനിക്കുറക്കം വന്നില്ല..
തിരിഞ്ഞും മറിഞ്ഞും കിടക്കയിൽ ഞെരിപിരി കൊള്ളുന്നത് അവളും അറിഞ്ഞു കാണും..
അവൾ ഉടനെ എഴുന്നേറ്റ് പണ്ടത്തെ തന്റെ ആദ്യ രാത്രിയിലേത് പോൽ ഒരു മെഴുകുതിരി മുറിയുടെ നടുവിലായി കത്തിച്ചു വച്ചു..
മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ അവൾ എന്റെ കൈകളിൽ ഉമ്മ വച്ചു..
‘രാജീവേട്ടന് എന്നോട് എന്തൊക്കെയോ പറയാനുണ്ട്.. നമ്മൾ തമ്മിൽ എന്തിനാ ഒരു മറ.. എനിക്ക് പണ്ട് തൊട്ടേ അറിയാവുന്നതല്ലേ രാജീവന് ഒന്നും മറച്ചു വയ്ക്കാൻ അറിയില്ലെന്ന്.. എന്നോട് പറഞ്ഞൂടെ..’
അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ അതുവരെയും പുറത്തു പറയരുതെന്ന് ആഗ്രഹിച്ച ആ കാര്യങ്ങൾ താൻ അവളോട് പറഞ്ഞു..
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ ആദ്യം ഒന്ന് പകച്ചു എന്നുള്ളത് നേരാണ്.. പക്ഷെ ഞൊടിയിട കൊണ്ട് തന്നെ അവൾ അവളുടെ സങ്കടങ്ങളെ ഉള്ളിൽ ഒളിപ്പിക്കുന്നതായി തനിക്ക് തോന്നി..
‘ഞാൻ പണ്ടും ഒരു ഭാഗ്യമില്ലാത്തവളാ..
കുട്ടിക്കാലത്തെ അച്ഛനെ നഷ്ടപ്പെട്ടോളാ, രേണു സന്തോഷിക്കുന്നത് ദൈവത്തിനു ഇഷ്ടമായിരിക്കില്ല..’
‘അങ്ങനെ ഒന്നുമില്ലടോ.. എല്ലാം ശരിയാവും..’
തനിക്കുറപ്പില്ലാത്ത പ്രതീക്ഷയാണ് വച്ചു നീട്ടുന്നതെന്ന് ഉറപ്പുണ്ടായിട്ടും താൻ അതവൾക്ക് വച്ചു നീട്ടി..
‘അതൊന്നും ഓർത്ത് രാജീവേട്ടന് സങ്കടപ്പെടേണ്ട.. ഡോക്ടർ പറഞ്ഞ പോലെ എന്നെ രാജീവ് അങ്ങു മറക്കണം.. എന്നെ കണ്ടിട്ടേയില്ലാന്നു ഓർക്കണം.. എന്നിട്ട് വേറൊരു നല്ല പെണ്കുട്ടിയെ ഒക്കെ കല്യാണം കഴിച്ചു രണ്ടു മൂന്നു കുട്ടികളൊക്കെയായി നമ്മൾ കണ്ട സ്വപ്നങ്ങളെല്ലാം പൂർത്തിയാക്കണം..’
അതു പറയുമ്പോൾ തന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തുവാൻ രേണു കിണഞ്ഞു ശ്രമിച്ചിരുന്നു..
‘നിന്നെ ഞാൻ ഉപേക്ഷിക്കാനോ.. അതൊരിക്കലുമില്ല..
എന്നെ, എന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന നിന്നെ ഞാൻ ഒരിക്കലും കണ്ടിട്ടേയില്ലെന്ന് ചിന്തിക്കാനോ.. ??
രേണു അതൊന്നും ഈ ജന്മം നടക്കാത്ത കാര്യങ്ങളാണ്..’
രേണുവിന്റെയും തന്റെയും കണ്ണുകളിൽ അന്ന് ആ രാത്രി കണ്ണീർ കണങ്ങൾ തുളുമ്പി നിന്നിരുന്നു..