പിറ്റേന്ന് ഡോക്ടർ പറഞ്ഞ പ്രകാരം ഹോസ്പിറ്റലിലെത്തി.. അവളെ ഓപ്പറേഷൻ തീയറ്ററിലാക്കി താൻ മുറിക്ക് അപ്പുറത്ത് കാത്തിരുന്നു..
മണിക്കൂറുകൾക്കൊടുവിൽ ഡോക്ടർ തന്നെ എത്തി എല്ലാം success ആണെന്നറിയിച്ചു..
രേണുവിനെ ഡിസ്ചാർജ് ചെയ്യാൻ പിന്നെയും ഒരു ദിവസം വേണ്ടി വന്നു.. ഇപ്പോഴത്തെ മുഴ എടുത്ത് കളഞ്ഞെങ്കിലും ഇനിയും അത് പിന്നെയും വരാനുള്ള വലിയ സാധ്യതയെപ്പറ്റി ഡോക്ടർ പോരും മുൻപ് പിന്നെയും ഓർമ്മിപ്പിച്ചു..
അബോർഷൻ കഴിഞ്ഞ അന്ന് തൊട്ട് പക്ഷെ അവൾക്കെന്തോ ആ പഴയ പ്രസരിപ്പ് നഷ്ടമായതായി തനിക്ക് തോന്നി..
ഒറ്റയ്ക്ക് വീട്ടിൽ കുനിഞ്ഞു കൂടി ഇരിക്കാൻ, തന്റെ ലോകത്തേക്ക് മാത്രം ഒതുങ്ങിക്കൂടാൻ അവൾ ശ്രമിക്കുന്നതായി തനിക്കനുഭവപ്പെട്ടു..
അവളെ തനിച്ചാക്കാൻ ഒരിക്കലും ഇഷ്ടമില്ലാതിരുന്നത് കൊണ്ട് ഇത്രകാലത്തെ ജോലി പരിചയം വച്ച് ഭാര്യയുടെ രോഗാവസ്ഥ കൂടി വെളിപ്പെടുത്തിക്കൊണ്ടു ഒരു താത്കാലിക ലീവിന് താൻ അപേക്ഷിച്ചു.
മാനേജർക്ക് തന്റെ ജോലിയിൽ വിശ്വാസമായിരുന്നത് കൊണ്ട് അയാൾ എത്രയും പെട്ടന്ന് തന്നെ അത് സാധിച്ചു തന്നു..
അങ്ങനെ നാളുകൾക്കൊടുവിൽ താൻ നാട്ടിലേക്ക് വണ്ടി കയറി..
ഊർജസ്വലയായ പഴയ രേണുവിന് കാത്തു നിന്ന എല്ലാവരും വിളറി വെളുത്ത് ഒരു പുഞ്ചിരിയിൽ മാത്രം തന്റെ മറുപടികളൊതുക്കുന്ന അവളെക്കണ്ട് അത്ഭുതപ്പെട്ടു..
നാളുകൾ കഴിയുംതോറും അവൾ മെലിഞ്ഞു കൊണ്ടിരുന്നു.. വീട്ടിൽ അവളെ നോക്കാൻ അമ്മയുണ്ടായിരുന്നിട്ടു കൂടി അവൾ തന്നെ വീട്ടുജോലികൾ ചെയ്യുമായിരുന്നു..
ഒടുവിൽ ഒരു വരണ്ട സന്ധ്യയിൽ അവൾ എന്നോട് പറഞ്ഞു അവൾക്ക് ആ പഴയ പാടത്തുകൂടി ഒരിക്കൽ കൂടി നടക്കണം എന്നു.. തനിക്ക് ഒറ്റയ്ക്ക് പോവാൻ വയ്യാത്ത കാരണം രാജീവ് ഒന്ന് കൂടെ വരുമോ എന്നും അവൾ ചോദിച്ചു.
ആകാശത്ത് സൂര്യൻ മറയാൻ വെമ്പിയിരുന്നു…
പഴയ പാടവരമ്പുകൾക്കപ്പുറം വയൽ തൂർത്ത് പുതിയ വീടുകള് വന്നിരുന്നെങ്കിലും അതിരിൽ അപ്പഴും ആറ്റുവഞ്ചികൾ സമൃദ്ധമായിരുന്നു..
അവർക്കൊപ്പം ആ വഴികളിൽ നടക്കുമ്പോൾ താൻ പഴയ രാജീവായി.. അവൾ പഴയ രേണുവും.. ഒഴുക്ക് കുറഞ്ഞ തോട്ടിൽ അവൾ പഴയ പടി കാലുകളാഴ്ത്തിയിരുന്നു..അന്നേരം അവളുടെ കാലവണ്ണകൾ തഴുകി ഒഴുകുന്ന ജലമാവാൻ കൊതിച്ച തന്റെ പഴയ കാലത്തെ താൻ ഒരിക്കൽ കൂടി ഓർമ്മിച്ചു..
‘രാജീവ് , എനിക്കെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.. അന്നത്തെ ആ കാലവും നമ്മുടെ പ്രണയവും വിവാഹവും നമ്മൾ ഒന്നിച്ച കണ്ട കാക്കത്തൊള്ളായിരം സ്വപ്നങ്ങളുമെല്ലാം..
എല്ലാം വീണ്ടും എന്നെ തേടി വരും പോലെ..
എനിക്ക് നിന്നെ പിരിയണ്ട എന്നിപ്പോ തോന്നുന്നു.. പക്ഷെ പിരിയാതെ വയ്യല്ലോ..’
അവൾ പയ്യെ ചിരിച്ചു..