ഓർമ്മകൾ പൂക്കുന്ന താഴ്വര [വെടിക്കെട്ട്‌]

Posted by

അവൾ ചിരിച്ച് കൊണ്ട് അവന്റെ കൈയെടുത്ത് തന്റെ നിറുകയിലേക്ക് വച്ചു..

അവനും അന്നേരം ചിരിച്ചു..
അവളുടെ നിറുകയിൽ തൊട്ട് സത്യം ചെയ്തു..
വീട്ടിലേക്ക് തിരിയും മുൻപുള്ള ഇടവഴിക്ക് മുന്നേ അവൾ അവനെ കൈവീശിക്കാണിച്ചു.. നാളെ കാണാം എന്ന് പറഞ്ഞു..

മുട്ടോളമെത്തുന്ന മുടി ഉലച്ച് അവൾ നടന്നു മറയുന്നത് അന്നവൻ നോക്കി നിന്നു..
പറയാതെ ക്ഷണിക്കാതെ തന്റെ ജീവിതത്തിലേക്ക് അവൾ കടന്നു വന്നതും സത്യം ചെയ്യിച്ചതുമെല്ലാം വെറുമൊരു മിഥ്യയായി അവനു തോന്നി..

അന്ന് രാത്രി അവനുറങ്ങാൻ കഴിഞ്ഞില്ല..
അവളെ കുറിച്ച് ആലോചിച്ചുകൊണ്ടു അവൻ രാത്രി തള്ളിനീക്കി.. പുലരിയിലെപ്പോഴോ ഉറങ്ങിയപ്പോഴാകട്ടെ സ്വപ്നത്തിൽ ആറ്റുവഞ്ചികളും ഏന്തി പാടവരമ്പിൽ നിൽക്കുന്ന അവളെ തന്നെ അവൻ സ്വപ്നം കാണുകയും ചെയ്തു..

പിറ്റേന്ന് രാവിലെ നല്ല ഉറക്ക ക്ഷീണത്തോടെയാണവൻ എഴുന്നേറ്റത്..
അന്ന് പതിവ് പോലെ അവൻ സ്‌കൂളിലേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ അതിരിനരികിൽ അവൻ അവളെക്കണ്ടു.. പഴയ പടി അവൻ അടുത്തെത്തിയപ്പോൾ അവൾ മുന്നിൽ നടക്കാൻ തുടങ്ങി..

പ്രഭാത സൂര്യന്റെ കിരണങ്ങളിൽ അവളുടെ മുടിയിഴകൾ തിളങ്ങിയിരുന്നു..
നിറുകിലിരുന്ന തുളസിക്കതിരും തുഷാര ബിന്ദുക്കൾ ഇറ്റു വീഴുന്ന കാർകൂന്തലും ആ പ്രഭാതത്തെ അവനു ഒരിക്കലും മറക്കാൻ കഴിയാത്തതാക്കി..

ക്ലാസെടുക്കുന്ന നേരവും അവൻ അവളെത്തന്നെ ശ്രദ്ധിച്ചു.. അവളും അത് ഒരു വേള കണ്ടെന്ന് അവനു തോന്നിയപ്പോൾ അവൻ കണ്ണുകൾ പിൻവലിച്ചു..
അന്നുച്ചയ്ക്ക് ചോറുണ്ണാൻ നേരം അവൾ അവനെയും വിളച്ചുകൊണ്ട സ്‌കൂലിനപ്പുറത്തെ മാവിൻ തോട്ടത്തിലേക്ക് നടന്നു.. വീട്ടിൽ നിന്ന് അമ്മയുണ്ടാക്കി അയച്ച കപ്പയും മുളക് ചമ്മന്തിയും മാത്രമുണ്ടായിരുന്ന അവന്റെ പാത്രത്തിലേക്ക് അവൾ സ്വന്തം പാത്രം തുറന്ന് സ്നേഹം പങ്കുവച്ചു..
അവളുണ്ടാക്കിയ പയറുപ്പേരിയും പരിപ്പ് കറിയും എങ്ങനെയുണ്ടെന്ന് ചോദിച്ചു..
അവൻ ചിരിച്ചുകൊണ്ടു എല്ലാം നന്നായിരിക്കുന്നു എന്നും പറഞ്ഞു ..

Leave a Reply

Your email address will not be published. Required fields are marked *