അതുകൊണ്ടു തന്നെ രണ്ടു വ്യത്യസ്ത ഇടങ്ങളിൽ അവർ പ്രീഡിഗ്രിക്ക് ചേർന്നു..
ഹോസ്റ്റലിലെ വരണ്ട സായാഹ്നങ്ങളിലും മദ്യ ലഹരിയിൽ ഭ്രമം തുടങ്ങിയ കാലങ്ങളിലും അവൾ എന്ന സ്വപ്നം അപ്പോഴും അവന്റെ കണ്ണിൽ ഉണ്ടായിരുന്നു..
അവൾ എന്ന സ്വപ്നം കണ്ണിലുള്ളത് കൊണ്ട് തന്നെ തന്റെ ലക്ഷ്യങ്ങളെക്കുറിച്ചു രാജീവ് എന്നും ചിന്തിച്ചു.. പ്രീഡിഗ്രി കഴിഞ്ഞു ഉടൻ തന്നെ അവൻ ഒരു ഡിപ്ലോമ കോഴ്‌സും നടത്തി…
രേണുകയുടെ വീട്ടിൽ കല്യാണ ആലോചനകൾ വന്നു കൊണ്ടിരിക്കുന്ന കാലം.. അവളോട് ഒന്ന് സംസാരിക്കാൻ തന്നെ ഈ ലോകത്തിന്റെ മുഴുവൻ കണ്ണു വെട്ടിക്കേണ്ടി വന്നിരുന്ന ആ കാലം..
അന്ന് കൈയിൽ വന്നു ചേർന്ന ആ ഡിപ്ലോമ സർട്ടിഫിക്കറ്റും ക്യാംപസ് സെലക്ഷണിൽ വിപ്രോയിലേക്കുള്ള ഒരു പോസ്റ്റിംഗ് ഓർഡറുമായി അവൻ നേരെ അവളുടെ വീട്ടിലേക്ക് കയറി ചെന്നു..
അവളുടെ അച്ഛൻ ആദ്യം എതിർത്തെങ്കിലും പിന്നീട് അവരുടെ വീട്ടുകാർ പരസ്പരം നടത്തിയ ചർച്ചയിൽ എല്ലാം ഒത്തുതീർപ്പായി..
രാജീവിന്റെ അമ്മയ്ക്കാണെങ്കിൽ അവൾ വീട്ടിൽ വന്ന് പരിചയമുള്ളത് കൊണ്ട് അവളെ അത്രയ്ക്കും ഇഷ്ടമായിരുന്നു..
പ്രണയം അങ്ങനെ വിവാഹത്തിലേക്ക് വഴി തുറന്നു…
ഒരിക്കൽ ഒരു നനുത്ത സന്ധ്യയിൽ നിറുകയിൽ കൈ ചേർത്ത് വച്ച് തന്നെ സത്യം ചെയ്യിച്ച അവളെ തന്നെ ഒടുവിൽ നിറുകയിൽ ഒരു സിന്ദൂരകുറി ചാർത്തി താൻ ജീവിതത്തിലേക്ക് കൈപിടിച്ചു..
******************
‘കൂ….. കൂ…….’
ട്രെയിനിന്റെ നീട്ടിയുള്ള കൂവലാണ് അയാളെ ഓർമ്മകളിൽ നിന്ന് മടക്കി കൊണ്ട് വന്നത്..
വണ്ടി ഏതോ പരിചിതമല്ലാത്ത ഒരു സ്റ്റേഷനിൽ എത്തിയിരിക്കുന്നു..
കുറച്ചേറെ പേർ വണ്ടിയിലേക്ക് കയറി..
ആ രാത്രി നേരത്തും വിൽപന തുടർന്നിരുന്ന ഒരു കാപ്പിക്കാരന്റെ കയ്യിൽ നിന്നും കാപ്പി വാങ്ങി അയാൾ ഊതിക്കുടിച്ച് കൊണ്ടിരുന്നു..
കാപ്പി കുടിക്കുന്നതിനിടയിൽ അയാൾ അപ്പുറത്തെ സീറ്റിൽ ചേർന്നിരിക്കുന്ന ആണ്കുട്ടിയെയും പെണ്കുട്ടിയെയും ശ്രദ്ധിച്ചു.. അവളുടെ വാക്കുകൾക്കായി കാത് കൂർപ്പിച്ചിരിക്കുന്ന ആ ആണ്കുട്ടിയിൽ തന്റെയും രേണുവിന്റെയും ഭൂതകാലം രാജീവ് ഒരിക്കൽ കൂടി കണ്ടു..
വണ്ടി സ്റ്റേഷൻ പിന്നിട്ടുകയാണ്..
നനുത്ത കാറ്റു പിന്നെയും ജനാലയിലൂടെ അയാളെ ഓർമ്മകളിലേക്ക് തിരികെ നടത്തി..