ഉടായിപ്പ് BSNL പോലല്ല, മെസ്സേജ് ഓഫർ ചെയ്താൽ അൺലിമിറ്റഡ് മെസ്സേജുകൾ വിടാം. ആഹാ. സിമ്മ് കിട്ടിയതിന്റെ ഏഴാം നാൾ ശശിയണ്ണന്റെ പഴയ മൊബൈലിൽ നിന്ന് ഞാൻ അയച്ചു സുല്ഫിക്കൊടു ഹായ്.
തിരിച്ചൊരു “ആരാ ഇത്?” പോയിട്ട് തെറി പോലും വന്നില്ല. പിന്നുള്ള മെസ്സേജോന്നും ഡെലിവർ ആയില്ല. സ്വതവേ പേടിത്തൊണ്ടനായ ഞാൻ അങ്ങനെ സിമ്മ് വാങ്ങിയതിന്റെ പതിനാലാം നാൾ അത് ഓടിച്ചുകളയേണ്ടി വന്നു.
“ഒളിച്ചിരുന്നിട്ട് കാര്യമില്ല. ഗൊറില്ല വാർ ഫേർ നടത്താൻ സമർത്ഥരായ ഗൂർഖകൾ പോലും കാര്യത്തോടടുക്കുമ്പോൾ നേർക്ക് നേരെ വന്നാണ് ജുദ്ധം ചെയ്യുന്നത്”. കട്ട റമ്മിന്റെ ചവർപ്പ് മാറാൻ അതിലോട്ട് കൊക്ക കോള കമ്മത്തികൊണ്ട് ശശിയണ്ണൻ എനിക്കുപദേശം തന്നു.
“ജുദ്ധമല്ലണ്ണാ, യുദ്ധം. യുക്തിവാദിയുടെ യു”. അടിച്ചു കിറുങ്ങിയിരുന്ന ബിബിന് ജീവനുണ്ടന്ന് അപ്പോഴാണറിഞ്ഞത്.
“വോ, തന്നെ, ഡൽഹിയിലൊക്കെ ജുദ്ധം എന്നാണ് പറേണത്”.
പണ്ട് പോളി പഠിച്ചുകഴിഞ്ഞു കുറച്ചു കാലം ശശിയണ്ണൻ ഡൽഹിയിലെ ഏതോ കൂറ കെമിക്കൽ ഫാക്ടറിയിൽ നിന്നിരുന്നു. അതിന്റെ സീനിയോറിറ്റി അണ്ണൻ അപ്പോൾ വിതറി.
ബിബിൻ തിരിച്ചു കോമയിലേക്ക് പോയി.
മൂന്നാം വർഷത്തിലെ ആദ്യ സെമെസ്റ്ററിലെ ഓണാവധിക്കാണ് ഞങ്ങൾക്ക് ടൂർ. ഓണത്തിന്റെ പത്തു ദിവസവും അല്ലാതെ അഞ്ചു ദിവസം കൂട്ടി മൊത്തം പതിനഞ്ചു ദിവസം. അതിന്റെ “പ്ലാനിങ് ആൻഡ് ഇനിഷിയേറ്റീവ്” കമ്മിറ്റിയിലെ അംഗങ്ങൾ ഒത്തുകൂടി പ്ലാൻ ചെയ്തു പ്ലാൻ ചെയ്തു അവസാനം ജവാനിലും ഓംലെറ്റിലും എത്തി നിക്കുന്ന സമയത്താണ് ഞാൻ ശശിയണ്ണനോട് ഉപദേശം ചോയ്ച്ചത്. അതെന്റെ തെറ്റ്. പക്ഷെ അണ്ണൻ പറഞ്ഞതിലും കാര്യമുണ്ട്.
കാരണം, ക്ലാസ്സിലെ പ്രധാന സഖാവുമാരിലൊരാളും, അടുത്ത യൂണിയൻ ജനറൽ സെക്രട്ടറി ആവും എന്ന് എകദേശം ഉറപ്പായ ജിതിൻ രമേശന് അവളുടെ മേലൊരു കണ്ണുണ്ടെന്ന് കാരക്കമ്പി എനിക്ക് കിട്ടിയിരുന്നു. കാസർകോടുകാരനും സുമുഖനും കവിയും ട്രാക്ക് ആൻഡ് ഫീൽഡ് കോളേജ് ടീമിലുള്ള ജിതിനുമായി നമ്മക്കൊന്നും പിടിച്ചുനിൽക്കാൻ പറ്റില്ല. അത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ അന്നെനിക്കുണ്ടായിരുന്നു.