സാമന്ത ഇല്ലങ്ങളിലെ ഇളം തലമുറക്കാരെല്ലാം എന്തെങ്കിലുമൊക്കെ വിദ്യ പഠിക്കാൻ പോകുന്നു എന്ന് കണ്ടപ്പോഴാണ് ശങ്കരൻ തമ്പിക്കും തന്റെ മകനെ കുറിച്ച് ചിന്തയുദിച്ചത്. ഒരു കാര്യവും വെറുതെ ചിന്തിക്കുന്ന തരക്കാരനായിരുന്നില്ല അയാൾ. ഉടനെ മകനെ മുന്നിലേക്കു വിളിച്ചു: “ഇന്ന് തന്നെ പുറപ്പെട്ടോളാ കൃഷ്ണാ, ചാത്തന്നൂർ കളരിയിലേക്ക്. ചെറുപ്പത്തിൽ കാണിച്ചു തന്നിട്ടുള്ള അടവുകൾ ഇപ്പോഴും മറന്നിട്ടില്യ ന്നു ഞാൻ അറിഞ്ഞു. ഇനി ഒട്ടും അമാന്തിക്കേണ്ട. പതിനെട്ടടവും പഠിച്ച ചേകവർ ആയി വരാ”… ലക്ഷ്മിയെ പിരിയേണ്ടി വരും എന്നതൊഴിച്ചാൽ, ചാത്തന്നൂർ കളരിയിലേക്ക് പറഞ്ഞു വിടാനുള്ള അച്ഛന്റെ തീരുമാനത്തിൽ അയാൾക്കു സന്തോഷം മാത്രമേ തോന്നിയുള്ളൂ. കളരി അച്ഛന്റെ കയ്യിൽ നിന്നും അഭ്യസിച്ച അന്ന് കുറിച്ചിട്ടതാണ്, ചേകവർ ആയി പേരെടുക്കണം എന്നുള്ള മോഹം. മെയ്‌വഴക്കവും ചുവടുകളും ഇത്ര കാലം മിനുക്കി സൂക്ഷിച്ചതും ഇതിനു വേണ്ടി തന്നെ. കൃഷ്ണൻ ഉടനെ ഭാണ്ഡം നിറച്ചു. ലക്ഷ്മിയോട് എങ്ങനെ പറയുമെന്നായിരുന്നു അവന്റെ ദുഃഖം. പക്ഷേ അവളുടെ മറുപടി അവനെ ഞെട്ടിച്ചു കളഞ്ഞു: “ഇക്കൊരു ദുഖോം ഇല്ല്യ, പഠിച്ചു ചേകോൻ ആയി വന്നാ ഇന്റെ കഴുത്തിൽ ഈ കയ്യോണ്ടൊരു മിന്നു കെട്ടും എന്ന് ഇക്കൊരുറപ്പ് തന്നാ മതി”. അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. നിറകണ്ണുകളോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു, നീ എന്റേതെന്ന് പരദേവതകളെ തൊട്ട് ശപഥം ചെയ്ത്, അവൻ തുനിഞ്ഞിറങ്ങി, ചാത്തന്നൂർ കളരിയിലേക്ക്..!!!
അന്ന് പോയിട്ട്, ഇന്നാണ് കൃഷ്ണൻ തമ്പി തിരിച്ചെത്തുന്നത്. വന്നത് ലക്ഷ്മിയെ മനപ്പൂർവം അറിയിച്ചില്ല അയാൾ. ഒന്നു ഞെട്ടിക്കാം എന്ന് കരുതി അടുക്കളയുടെ പിന്നാമ്പുറത്ത് കാത്തു നിൽക്കുമ്പോഴാണ് ചെറിയമ്മ മേൽപ്പുര തൂക്കാൻ വിളിച്ചു പറയുന്നത് കേട്ടത്. മേൽപ്പുരയിൽ താനും ലക്ഷ്മിയും ചിലവഴിച്ച ഒരുപാട് രാത്രികളുടെ ഓർമ അയാളുടെ സിരകളെ ചൂടു പിടിപ്പിച്ചു. പണിക്കാരുള്ളത് കൊണ്ട് മുൻവാതിൽ വഴി കേറാനാവില്ല. ലക്ഷ്മി കാണുമെന്നുള്ളത് കൊണ്ട് അടുക്കള വഴി കേറാനുമാവില്ല. പഴയ കൃഷ്ണൻ തമ്പി ആയിരുന്നെങ്കിൽ ഇതൊരു ദുർഘട നിമിഷമായേനെ.