ഞാൻ അടുക്കളയിലിരുന്ന് അമ്മ ചുട്ടുതരുന്ന ദോശ ചൂടോടെ ഓരോന്നായി കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു
“അമ്മയിതാരോടാ ഇങ്ങനെ പിറുപിറുത്തുകൊണ്ടിരിക്കുന്നേ”… ?
“ആരോടും പറയാൻ… ഇപ്പൊ അടുത്ത് ഉള്ളത് നീയല്ലേ”…
“ഇവിടെ ഇപ്പൊ കേൾക്കാൻ വേറെ ആരാണ് ഉള്ളത്”…. ??
“എന്നാ, പറഞ്ഞാൽ അനുസരണയുള്ള മൊതലാണെങ്കിൽ കൊള്ളാം”…
“പറഞ്ഞതിന്റെ വിപരീതമേ ചെയ്യൂ അവള്… പിന്നെ ഏത് പടച്ചോനോടാ പറയേണ്ടത്”….. ??
“ഇപ്പൊ എന്താ ഇത്ര സീരിയസ് മാറ്റർ”… ??
“തനിച്ചോറങ്ങുല്ല, അസത്ത് അത് തന്നെ”….
“എന്റൊപ്പം താഴത്തെ മുറിയിൽ കിടന്നോളാൻ പറഞ്ഞാൽ ങേഹേ…. ജീവൻ പോയാലും കേക്കത്തില്ല”….അമ്മ പറഞ്ഞു.
“അതിനിപ്പോ, നമ്മുക്ക് എന്ത് ചെയ്യാൻ സാധിക്കും അമ്മേ”…?
“ങാ… മൂന്നാല് ദിവസത്തെ കാര്യമല്ലേയുള്ളൂ… സാരമില്ല അവളത് അഡ്ജസ്റ്റ് ചെയ്തോളും അമ്മയെന്തിനാ ഇത്രയും ടെന്ഷനടിക്കുന്നെ”….
“അവള് ഒറങ്ങീല്ലെങ്കീ…. അവളാരെയും ഒറക്കത്തില്ല ഈ വീട്ടിൽ… അതല്ലേ സ്വഭാവം”… !?!
“ഈ വീട്ടിൽ ആർക്ക് അസുഖം വന്നാലും വേണ്ടില്ല… അവൾക്കു വരരുത്…. ഇവിടെ ആർക്കും സ്വൈര്യം തരില്ല അവള്.”…
“എന്താ അമ്മേ ഇത്…. അവള് കൊച്ചല്ലേ.”… ?
“മം… അതെ, അതെ കൊച്ച്… അത് പത്തിരുപതു വർഷം മുൻപ്….
ഞാൻ അവളുടെ ഈ പ്രായത്തിലേയ്, രണ്ടു പെറ്റു…
എന്നിട്ട അവളുടെ കാര്യം പറയുമ്പം മാത്രം കൊച്ച്. ”
“കെട്ടിച്ചു വിടാനുള്ള പ്രായമായി… എന്നിട്ടും ഇപ്പോഴും കൊച്ചാണ് പോലും കൊച്ച്.”…
ഞാൻ ചിരിച്ചു കൊണ്ട് അത് നിസ്സാരമാക്കി തള്ളി…
“അമ്മ വെറുതെ അവളെ പറഞ്ഞിട്ടെന്താ കാര്യം, പണ്ടേ അവള് അങ്ങനെ തന്നെയാണ്…
പിന്നെ, ഇപ്പം അവളെ പറഞ്ഞിട്ട് ഫലമുണ്ടോ അമ്മേ “…?
“നീയൊരുത്താനാ അവളെ ഇത്ര കൊഞ്ചിച്ചു വഷളാക്കിയ ആള്.”….
“ഞാനെന്തു പറഞ്ഞാലും അവളുടെ ഭാഗം പിടിക്കാൻ നീയുണ്ടല്ലോ.”..??
“ആ…. അവളെയും കൊണ്ട് അനുഭവിക്കുന്നത് ഇപ്പൊ ഞാനാ… ഈ കഴിഞ്ഞ ദിവസങ്ങളിൽ അവൾ എന്നെ പെടുത്തിയ പാട് ചില്ലറയല്ല.
അതാ ആ ജാൻസി പെണ്ണിനെ ഞാൻ ഇങ്ങോട്ട് വിളിച്ചേ… അവൾക്ക് കൂട്ടിന് ”