‘ഒന്ന് മുഖത്തേക്ക് നോക്കെടോ , ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഇത്രക്ക് നാണം ഉണ്ടോ? താൻ സ്കൂളിൽ ഒക്കെ വലിയ സംഭവം ആണെന്നാണല്ലോ ഷാഹിന പറഞ്ഞത് ‘
ഇത് പറഞ്ഞപ്പോൾ അൻഷിദ യുടെ മുഖം വാടിയത് നൗഫൽ ശ്രദ്ധിച്ചു. അവളുടെ താടിക്ക് പിടിച്ചു മുഖം ഒന്നുയർത്തിയപ്പോൾ കണ്ണ് നിറഞ്ഞിരിക്കുന്നു.
‘അയ്യോ , എന്ത് പറ്റി, മോൾക്ക് സ്കൂളിൽ വല്ല പ്രണയവും ഉണ്ടോ ,ഈ കല്യാണത്തിന് ഇഷ്ടം ഉണ്ടായിരുന്നില്ലേ? ‘
അവനെ അമ്പരിപ്പിച്ചു കൊണ്ട് ഒരു പൊട്ടി കരച്ചിൽ ആയിരുന്നു പ്രതികരണം.ഒരു നിമിഷം അവൻ ആകെ പതറി പോയി. ഒരു നിമിഷം ഒരുപാടു ചിന്തകൾ മനസ്സിലേക്ക് ഇരച്ചു കയറി.
‘ഇങ്ങനെ കരയാതെ കാര്യം പറ മോളെ..’
‘എനക്ക്.. എനക്കിനിയും പഠിക്കണം’ ഏങ്ങലടിച്ചു കൊണ്ടവൾ പറഞ്ഞു.
അമ്പരപ്പ് മാറി പെട്ടന്നതൊരു ചിരിയായി നൗഫലിന് .
‘ നാളെ പരീക്ഷ വല്ലതും ഉണ്ടോ ഇപ്പൊ ഇരുന്ന് പഠിക്കാൻ?’
‘അതല്ല,എനിക്ക് തുടർന്ന് പഠിക്കണം.’
‘അതിനു പഠിക്കേണ്ടന്നു മോളോട് ആരേലും പറഞ്ഞോ? ‘
‘ഉം,ഉപ്പ പറഞ്ഞിനി. പെണ്ണുങ്ങൾ പഠിച്ചിട്ട് എന്തിനാ,ഇത്രയും പഠിപ്പൊക്കെ മതി എന്ന് ‘
‘ആഹാ, എന്നാൽ ഉപ്പാനോട് പറ ,ഉപ്പാന്റെ പെണ്ണുങ്ങൾ അത്ര പഠിച്ച മതിയാകും .പക്ഷെ നൗഫലിന്റെ പെണ്ണിന് ആ പഠിപ്പ് പോരാന്നു. എടി പൊട്ടി പെണ്ണെ നീ പറഞ്ഞില്ലെങ്കിലും ഞാൻ നിന്നെ ഇനിയും പഠിപ്പിക്കും.
ഒരു കൈ കൊണ്ട് കണ്ണീർ തുടച്ചു അവൾ ചോദിച്ചു , ‘സത്യം ?’
‘അതെയെടി,എനിക്കും ഇഷ്ടം നല്ല പഠിപ്പും വിവരവും ഉള്ള പെണ്ണിനെയാ .ഒരാളുടെ സൗന്ദര്യം എന്ന് പറയുന്നത് അയാളുടെ ബുദ്ധിയും വ്യക്തിത്വവും കൂടി ആണ് എന്ന് വിശ്വസിക്കുന്ന ആളാ ഞാൻ .
‘പിന്നെന്തിനാ ഈ +2 കഴിഞ്ഞ എന്നെ കെട്ടിയെ ,ഏതേലും ഡോക്ടറെയോ എൻജിനീയറായോ കെട്ടിക്കൂടെ ഇങ്ങക്ക് .’