യക്ഷയാമം 9
YakshaYamam Part 9 bY വിനു വിനീഷ്
“ഹഹഹ, എല്ലാം അറിയണം ലേ ?..”
“മ്, എന്തായാലും ഇവിടെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല്യാ, ഇത് സർപ്രൈസ് ആയിപ്പോയി.”
“ഞാൻ ഇവിടെതന്നെയാണ് ഉണ്ടാവാറ്.
പിന്നെ ജോലിയെന്നുപറഞ്ഞാൽ….
പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ മലയാളം അധ്യാപകനാണ്.
പേര് സച്ചി സച്ചിദാനന്ദൻ.
“ഓഹ്.. അധ്യാപകൻ ആണല്ലേ, അപ്പൊ മാഷേയെന്ന് വിളിക്കലോ ?.”
“അതിനെന്താ, വിളിക്കാലോ.
ഇവിടെ എവിടാ കുട്ടിടെ വീട് ?..”
കൈയിലുള്ള പുസ്തകം മടക്കിവച്ചുകൊണ്ട് അയാൾ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു.
“ഞാൻ കീഴ്ശ്ശേരിയിലാ..”
“അവിടെ ?..”
അയാൾ തീക്ഷണതയോടെ ചോദിച്ചു.
“ഗണേശന്റെ മകൾ.”
“ഓ, ഗണേശേട്ടന്റെ മകളാണ് ലേ, മൂപ്പരെ അറിയാം, കുറെ മുൻപ് കണ്ടപരിചയമുണ്ട്. അച്ഛൻ വന്നിട്ടുണ്ടോ?”
“ഇല്ല്യാ, മനക്കലെ പ്രതിഷ്ഠാദിനത്തിന് വരും.”
“എന്നാ കുട്ടിപൊയ്ക്കോളൂ, ഇവിടെ ഒറ്റക്ക് നിൽക്കേണ്ട, ”
അയാൾ തിരിഞ്ഞുനിന്നുകൊണ്ട് പറഞ്ഞു.
“അതെന്താ മാഷേ ഞാനൊരു ശല്യമായോ?”
അല്പം വിഷമത്തോടെ ഗൗരി ചോദിച്ചു.
“അല്പം. ഇതെന്റെ സമയമാണ്, എന്റെ ഓർമ്മകൾക്കൊപ്പം ഞാൻ സഞ്ചരിക്കുന്ന സമയം. ”
പുഞ്ചിരിപൊഴിച്ചുകൊണ്ട് സച്ചി പറഞ്ഞു.
മറുത്തൊന്നും പറയാതെ ഗൗരി തിരിഞ്ഞുനടന്നു.
“പാവം നിരാശാകാമുകനായിരിക്കും. എന്നാലും എന്തോ ഒരു പന്തികേട് ണ്ടല്ലോ, നാളെ അംബലത്തിൽ വരുമ്പോൾ ഈ സമയത്ത് ഒന്നൂടെ വന്നുനോക്കണം, ഇവിടെയെന്താ പണിയെന്ന് അറിയാലോ.”
ഗൗരി സ്വയം പറഞ്ഞുകൊണ്ട് മനയിലേക്ക് നടന്നു.
വഴിക്കുവച്ചാണ് അംബലത്തിൽവച്ചുകണ്ട അനി എന്ന ചെറുപ്പക്കാരനെ വീണ്ടുംകണ്ടത്.
“താനോ, ന്താ ഈ വഴിയിൽ”