മലർക്കിളികൾ വരവായ്
Malakkilikal Varavaayi Author : Aisha Poker
അറബികടലിന്റെ തളിർ കാറ്റേറ്റ് വാങ്ങുന്ന ഒരു ചെറിയ ഗ്രാമം, സായം സന്ധ്യ ചാലിച്ച സിന്ദൂരം നെറ്റിയിൽ തൊട്ട് അറബി കടലിന്റെ തിരമാലകൾ ഉതിർക്കുന്ന പാൽനുര പാദസരമായ് അണിഞ്ഞ ഒരു സുന്ദര ഗ്രാമം.. മലപ്പുറം ജില്ലയുടെ ഒരു കടലോര ഗ്രാമം എന്റെ താനൂർ.. “താനൂരിൽ ചക്ക തിന്നാൻ പോയ പോലെ“ എന്നൊക്കെയുള്ള പഴമൊഴികൾ പ്രസിദ്ധമാണ്. താനൂർ എന്ന പ്രദേശം ചക്കയുടെ മാത്രം നാടല്ല.ഇന്ത്യൻ സ്വതന്ത്രസമരചരിത്രത്തിലെ പോരാട്ടങ്ങൾ അനവധി നടന്ന ഒരുനാട് കൂടിയാണ്.. ഈ താനൂരിലെ ഒരു വല്യ സമ്പന്ന കുടുംബമാണ് എന്റേത്, എന്റുപ്പൂപ്പാക് പഴയ കാലത്ത് ബർമ്മയിൽ ബിസിനസ് ആയിരുന്നു, ആ പാരമ്പര്യം പിന്തുടർന്ന് എന്റെ ഉപ്പയും ഉപ്പയുടെ അനിയന്മാരുമെല്ലാം ഇന്ന് പല രാജ്യങ്ങളിലും ബിസിനസ് ചെയ്ത് പോരുന്നു,… ഇനി എന്നെ കുറിച്ച് പറയാം.എന്റെ പേര് ഷാദിൽ അഹമ്മദ്, ഇപ്പോൾ വയസ്സ് 25 എം ബി എ കഴിഞ്ഞ് ഇപ്പോൾ വാപ്പയുടെ കൂടെ മലേഷ്യ യിൽ ആണ്.. 5.11 അടി ഉയരം നല്ല വെളുത്ത നിറം, അത്ലറ്റ് ബോഡി ഇതൊക്കെ ആണ് എന്നെ കുറിച്ചുള്ള ചെറിയ വിവരണം..
ഹൃദയത്തിനുള്ളിൽ ആദ്യം സ്ഥാനം കൊടുത്ത പുരുഷനെ എങ്ങിനെ ഒരു പെണ്ണിന് മറക്കാനാവും, മനസ്സിന്റെ മണിച്ചെപ്പിനുള്ളിൽ ആദ്യമായ് പെറുക്കി വെച്ച ഓർമ്മത്തുണ്ടുകളെ എങ്ങിനെയാ പൂർണ്ണമായി മറക്കാനാവുക, ജീവിതം വഴി പിരിഞ്ഞാലും ഓർമ്മകൾ മാഞ്ഞു പോവില്ലല്ലോ…
എത്ര വസന്തങ്ങൾ പിന്നാലെ വന്നാലും ആദ്യ വസന്തത്തിന്റെ കുളിർമ്മയും അനുഭവവും ഒന്ന് വേറെ തന്നെയല്ലേ…
എനിക്കും ഉണ്ടായിരുന്നു അത് പോലെ ഒരോർമ്മ, ഒരു നഷ്ട പ്രണയത്തിന്റെ ഒരോർമ്മ.. പക്ഷേ ഇപ്പോഴെനിക് അതിനെ കുറിച്ചോർത്തു വലിയ വിഷമം തോന്നാറില്ല, കാരണം ഈയടുത്ത് ഞാനവളെ വീണ്ടും കണ്ടു, ഇവിടെ മലേഷ്യയിൽ വെച്ച്..