“രാവിലെ 8.30 ന് സെറ്റിൽ എത്തണം .. സോങ്ങ് ആണ് എടുക്കുന്നത് .. ഞാൻ എട്ടുമണിക്ക് കൃത്യം എത്താം .. ചേട്ടൻ ആഹാരം കഴിക്കുവാൻ മറക്കരുത് “
ഉത്തരവാദിത്വത്തോടുകൂടി ഡിന്നർ ബോക്സ് അദ്ദേഹത്തിന്റെ ടേബിളിലേക്ക് എടുത്തു വെച്ചു കൊണ്ട് ഞാൻ പറഞ്ഞു.
അദ്ദേഹത്തോട് ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് നാലാം നമ്പർ കോട്ടേജിൽ നിന്നും ഞാൻ പുറത്തിറങ്ങി.
കോട്ടേജിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ സമയം 11 കഴിഞ്ഞിരുന്നു. അകത്തേക്ക് കേറിയപ്പോൾ ഉള്ളതിനേക്കാൾ അധികം തണുപ്പ് ആയി കഴിഞ്ഞു പുറത്ത്. തണുപ്പു കൊണ്ട് പല്ലുകൾ പരസ്പരം കൂട്ടിയിടിക്കുന്ന അവസ്ഥ. ഈ വിറയലിന്റെ ഇടയിലും മനസ്സിൽ സന്തോഷിക്കുവാൻ ഒരു കാരണം , നിയുക്ത ചേച്ചിയും സിജു ഏട്ടനും. ഓരോന്ന് ആലോചിച്ച് കോട്ടേജിലെ പാർക്കിംഗ് ഏരിയയിലൂടെ നടന്നു പുറത്തേക്ക് കടക്കാൻ ഒരുങ്ങിയപ്പോൾ ഒരു പിൻ വിളി.
“എടാ … നീ ഇതുവരെ പോയി ല്ലെ “
തിരിഞ്ഞുനോക്കിയപ്പോൾ സംവിധായകൻ വിമൽ നടേശൻ ആണ്. കൂടെ പേരറിയാത്ത രണ്ടു പേരും.
“ഇല്ല സാർ .. ഞാൻ സിജു ഏട്ടൻറെ കോട്ടെജിൽ ആയിരുന്നു “
“അയാളെ മണിയടിച്ച് കൂടെ കൂടിക്കോ .. നിന്നെക്കൊണ്ട് അതൊക്കെ പറ്റൂ “
ഒരു ശാപ വചനംപോലെ വിമൽ സാർ പറഞ്ഞു.
‘പിന്നെ നീ അങ്ങ് വലിയ കുന്നേലെ ഒൗത അല്ലേ … അതു കൊണ്ടാണല്ലോ ആദ്യ പടം തന്നെ എട്ടു നിലയിൽ പൊട്ടിച്ചത് .. ഒന്ന് പോ മലരേ …’
അയാളെ മനസ്സിൽ തെറി പറഞ്ഞ് നിൽക്കുന്നതിനിടയിൽ എനിക്ക് നേരെ വീണ്ടും വിമൽ സാറിൻറെ ചോദ്യം.
“നിനക്ക് കാറോടിക്കാൻ അറിയാമോ ?”