“നാൻ മൂന്നാറിൽ ഇരുന്ത വരുകിരെൻ “
അറിയാവുന്ന തമിഴിൽ ഞാൻ പറഞ്ഞൊപ്പിച്ചു.
“ഓകെ .. വെയിറ്റ് പണ്ണുകോ. നാൻ അഞ്ച് നിമിഷത്തെ ഉള്ളിൽ വരുകിരെന് “
ഇത് പറഞ്ഞു കൊണ്ട് മറു തലയ്ക്കൽ ഫോൺ നിശബ്ദമായി.
10 മിനിട്ടുകൾക്ക് ശേഷം ഇഡലി ഷോപ്പിന്റെ പിൻ ഭാഗത്തെ വഴിയിൽ കൂടി ഒരു അമ്മയും കുഞ്ഞും കാറിൻറെ അടുത്തേക്ക് വന്നു. ബാക്ക് ഡോർ തുറന്ന് അകത്തേക്ക് കയറിയ അവരുടെ സൗകര്യത്തിനായി കാറിനുള്ളിലെ ലൈറ്റ് തെളിയിച്ചു പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കി.
കാറിനുള്ളിലെ അരണ്ട മഞ്ഞ വെളിച്ചത്തിൽ എവിടെയോ കണ്ടു മറന്ന ഒരു മുഖം. കയ്യിലുള്ള കുഞ്ഞിന് കഷ്ടിച്ച് ഒരു രണ്ടു വയസ്സ് പ്രായം കാണും.
“നിങ്ങള് മലയാളിയാണോ ?”
“അതേ .. പേര് ജിജോ “
“ഫോൺ വിളിച്ചപ്പോൾ തപ്പിത്തടഞ്ഞ് തമിഴ് സംസാരിക്കുന്നത് കേട്ടപ്പോഴേ എനിക്ക് തോന്നി .. “
അവർ എന്നോട് പറഞ്ഞു.
പെട്ടെന്ന് അവർ അഭിനയിച്ച ഏതാനും ചില സിനിമകളുടെ പേര് മനസ്സിലേക്ക് ഓടിയെത്തി. ‘സമ്മർ ഇൻ കൊടൈക്കനാൽ ‘എന്ന മൂവിയിൽ അഭിനയിച്ച ജയശ്രീ എന്ന നടി ആയിരുന്നു അത് . വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് പോയ അവരെ പിന്നീട് മലയാള സിനിമ മറന്നു കഴിഞ്ഞിരുന്നു.
“ജയശ്രീ മാഡം അല്ലേ .. ?”
“ഹൊ .. എൻറെ പേരൊക്കെ ഇപ്പോഴും ഓർത്തിരിക്കുന്ന ആൾക്കാർ ഉണ്ടോ ?”
“മാഡം അഭിനയിച്ച ചില സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് ..”
“സന്തോഷം … ചില സിനിമകളിൽ അഭിനയിച്ചത് കൊണ്ടാണ് ഇന്ന് ഈ ഗതി എനിക്ക് വന്നത് “