മെത്രാൻ അച്ഛൻറെ ഇടയ ലേഖനം പോലെ ആർക്കും മനസ്സിലാകാത്ത എന്തോ ഒരു മറുപടി അവർ നൽകി.
പിന്നീട് ഒന്നും എനിക്ക് അവരോട് സംസാരിക്കാൻ തോന്നിയില്ല. മൂന്നാറിന്റെ തണുപ്പ് ലക്ഷ്യമാക്കി വളരെ വേഗത്തിൽ ഞാൻ കാറു പായിച്ചു.
വിമൽ നടേശൻ എന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കി നടിയുമായി 6 മണിക്ക് മുൻപ് തന്നെ കാർമല ഗിരി എസ്റ്റേറ്റിലേക്ക് ഞാനെത്തി.
സംവിധായകന്റെ ഒപ്പം രാത്രി ഞാൻ കണ്ട അപരിചിതരായ രണ്ടു പേരിൽ ഒരാൾ , ഞങ്ങൾ വരുന്ന വഴി എവിടെയെത്തി എന്ന് വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. അയാൾ ആ തണുപ്പത്ത് ഞങ്ങളെക്കാത്ത് എസ്റ്റേറ്റിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നിരുന്നു.
“പ്രൊഡ്യൂസർ സാർ ഒന്നാംനമ്പർ കോട്ടേജിൽ ഉണ്ട് .. നീ പോയി അയാളെ ഒന്ന് കണ്ട് ഗുഡ്മോർണിംഗ് പറഞ്ഞിട്ട് പോരേ .. “
നടി യോട് ആയി അയാൾ പറഞ്ഞു.
ഒരു കാലത്ത് അല്പ സ്വല്പം പേരും പെരുമയും ഒക്കെ ഉണ്ടായിരുന്ന നടിയെ നീ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത ആ വ്യക്തിയോട് എനിക്ക് നീരസം തോന്നി.
“ഇത്ര കാലത്തെ പ്രൊഡ്യൂസർ എഴുന്നേറ്റ് കാണുമോ ?”
കുഞ്ഞിനെ മൂന്നാറിലെ തണുപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഒരു ടർക്കിയിൽ പൊതിഞ്ഞ് മാറോട് ചേർത്ത് ജയശ്രീ അയാളോട് ചോദിച്ചു.
“എഴുന്നേറ്റോന്നോ .. കൊള്ളാം നല്ല കഥ , അയാള് പറഞ്ഞിട്ടാണ് ഈ തണുപ്പത്ത് വന്നു എനിക്ക് നിൽക്കേണ്ടി വന്നത് നീ വന്നാലുടനെ അറിയിക്കാൻ പറഞ്ഞിട്ട് .. “
“എങ്കിൽ ശരി ഞാൻ ഇപ്പോത്തന്നെ പോയി സാറിനെ കണ്ടോളാം .. “
അയാൾക്ക് മറുപടി നൽകിക്കൊണ്ട് ജയശ്രീ കുഞ്ഞുമായി പ്രൊഡ്യൂസറിന്റെ കോട്ടേജിലേക്ക് പോകാനൊരുങ്ങി.