“നീയെന്തിനാ ഈ കൊച്ചിനെ ഒക്കെ എടുത്തോണ്ട് ഇങ്ങോട്ട് വന്നത് ഇതിനെ അവിടെയെങ്ങാനും ഇട്ടു വന്നാൽ പോരായിരുന്നോ “
കോട്ടേജിലേക്ക് നടക്കാൻ ഒരുങ്ങിയ ജയശ്രീ യോട് ആയി അയാൾ ചോദിച്ചു.
“ഒറ്റക്ക് എങ്ങനെയാണ് കുഞ്ഞിനെ അവിടെ ആക്കിയിട്ടു വരുന്നത് അതു കൊണ്ടാണ് കൂടെ എടുത്തത്… ഈ തണുപ്പത്തേക്ക് കൊണ്ടു വരാൻ എനിക്ക് താത്പര്യം ഉണ്ടായിട്ടല്ല .. “
കുഞ്ഞിനെ മാറോട് ഒന്നുകൂടെ ചേർത്ത് അമർത്തി കൊണ്ടുള്ള ജയശ്രീയുടെ മറുപടിയിൽ എനിക്ക് വിഷമം തോന്നി.
“നീ വെറുതെ പ്രാരാബ്ദം പറഞ്ഞു നിൽക്കാതെ കുഞ്ഞിനെ ഇവനെ ഏൽപ്പിച്ചിട്ട് അയാളെ പോയി കണ്ടിട്ട് വാ .. “
എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് ജയശ്രീ യോട് ആയി അയാൾ പറഞ്ഞു.
“എടാ .. ഇവള് പോയിട്ട് വരുന്നത് വരെ നീ കുഞ്ഞിനെ ഒന്ന് നോക്കൂ … “
ആജ്ഞാപിക്കുന്ന സ്വരത്തിൽ എന്നോടായി അയാൾ പറഞ്ഞു.
മറുത്ത് ഒരക്ഷരം എതിര് പറയാതെ കുഞ്ഞിനെ എനിക്ക് നേർക്ക് ജയശ്രീ നീട്ടി. രണ്ടു വയസ്സോളം പ്രായം വരുന്ന ആ കുഞ്ഞിന്റെ ഉറക്കത്തിന് കേടു വരാത്ത രീതിയിൽ പതുക്കെ ഞാൻ അതിനെ എടുത്ത് എന്റെ തോളോട് ചേർത്തു.
ജയശ്രീ പ്രൊഡ്യൂസറുടെ കോട്ടേജിലേക്ക് പോയ നിമിഷമാണ് കുഞ്ഞിന് മഞ്ഞു കൊള്ളും എന്ന കാര്യം ഞാൻ ഓർത്തത്. ധൈര്യപൂർവ്വം കുഞ്ഞിനെ കിടത്താനോ കേറി ചെല്ലാനോ പറ്റിയ ഒരു കോട്ടേജ് എനിക്ക് അവിടെയില്ല. പെട്ടെന്നാണ് ലേക്ക് സൈഡിലുള്ള സിജു ഏട്ടൻറെ നാലാം നമ്പർ കോട്ടേജ് മനസ്സിലേക്ക് വന്നത്. നേരം പരപരാ വെളുത്തു വരുന്നതേയുള്ളൂ അടുത്തുള്ള കാഴ്ചകൾ പോലും മഞ്ഞിനാൽ മറയപ്പെട്ടിരിക്കുന്നു , ടർക്കിയിൽ കുഞ്ഞിനെയും മൂടി കൊണ്ട് ഞാൻ ലേക്ക് സൈഡിലൂടെ നാലാം നമ്പർ കൊട്ടേജിന് മുന്നിലെത്തി , അതിൻറെ സിറ്റൗട്ട് ഏരിയയിൽ കുഞ്ഞിന് തണുപ്പ് ഏൽക്കാത്ത വിധം ഭദ്രമായി പുതപ്പിച്ചു കിടത്തി.
പെട്ടെന്നാണ് പ്രൊഡ്യൂസറുടെ ഒന്നാം നമ്പർ കോട്ടേജിൽ എന്തിന് ആയിരിക്കും ഇത്രേം വെളുപ്പിനെ ജയശ്രീ വന്നാലുടൻ ചെല്ലാൻ പറഞ്ഞത് എന്ന ഒരു തോന്നൽ മനസ്സിലേക്ക് വന്നു. കുഞ്ഞിൻറെ സുഖനിദ്ര ഉറപ്പുവരുത്തിയ ശേഷം ഒന്നാം നമ്പർ കോട്ടേജിലേക്ക് വീണ്ടും വച്ചു പിടിച്ചു. അവിടെയും സ്ഥിതിക്ക് മാറ്റമൊന്നുമില്ല കൊട്ടേജും പരിസരവും മഞ്ഞിനാൽ മൂടപ്പെട്ട് കിടക്കുകയാണ്.