സാധാരണ ഭക്ഷണം കഴിച്ചതിന് ശേഷം ആണ് രേഷ്‌മ രാഹുലിനെ കാണാൻ പോകാറുള്ളത്… ഇന്നെന്താണ് തനിക്ക് പറ്റിയത്… വല്ലാത്ത ഒരു ഏകാന്തത… ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ ഒരു തോന്നൽ… അവൾ ചോറ്റുപാത്രം ബാഗിൽ തിരികെ വച്ച് ഗ്രൗണ്ട് ലക്ഷ്യമാക്കി നടന്നു… ആൻസി നേരത്തെ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് പോയിരുന്നു…. എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയത്ത് അവൾ സിയാദിന്റെ കൂടെ പുറത്തേക്ക് പോവാറുണ്ട്… എന്തെങ്കിലും സ്വസ്ത്ഥമായി സംസാരിക്കാനായിരിക്കും….. അല്ലെങ്കിൽ അവൾ എപ്പഴും എന്റെ കൂടെയല്ലേ… ആൻസി അവന്റെ കൂടെ പോകുമ്പോൾ ഒരിക്കൽ പോലും തടയാൻ രേഷ്മ ശ്രമിച്ചിട്ടില്ല… അങ്ങനെ ഒന്നും തനിക്ക് നേടേണ്ട എന്ന് അവൾ ഉറപ്പിച്ചിരുന്നു….അവൾ കാന്റീൻ ലക്ഷ്യമാക്കി നടന്നു…
രാഹുൽ വരാറായിട്ടില്ല… വന്നാലും തന്നെ അങ്ങനെ ശ്രദ്ധിക്കാൻ ഒന്നും പോകുന്നില്ല എന്ന് അവൾക്ക് അറിയാമായിരുന്നുതാനും… അവന്റെ പുറകെ നടക്കുന്ന കാര്യം ഇപ്പോൾ കോളേജിൽ ഒട്ടുമിക്ക കുട്ടികൾക്കും അറിയാം…. അതുകൊണ്ടാണോ എന്നറിയില്ല… തന്നെ ഇപ്പോൾ നോക്കുന്ന എല്ലാ കുട്ടികളിലും ഒരു സ്നേഹത്തിന്റെ അംശം അവൾക്ക് കാണാൻ കഴിയാറുണ്ട്… ക്യാന്റീനിനോട് ചേർന്ന് നിൽക്കുന്ന വാകച്ചോട്ടിലേക്ക് അവളുടെ ശ്രദ്ധ പെട്ടന്ന് കടന്ന് ചെന്നു…
രാഹുൽ… അവൻ ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്… പെട്ടെന്നാണ് അവൾക്ക് അവർ ആരൊക്കെയാണെന്ന് മനസ്സിലായത്….
അതെ അന്സിയും സിയാദും തന്നെ…. അവർ എന്താ രാഹുലിനോട് സംസാരിക്കുന്നത്… അവൾ അങ്ങോട്ട് നടക്കാൻ തുടങ്ങിയതും സിയാദ് രേഷ്മയെ കണ്ടു… പെടുന്നനെ അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയി… അവൻ അന്സിയുടെ കൈ പിടിച്ച് വലിച്ച് അവിടെ നിന്നും നടന്നകന്നു… അവന്റെ മനസ്സിൽ ഇപ്പോൾ തനിക്ക് ഒരു സ്ഥാനവും ഇല്ല എന്ന് അവൾ വേദനയോടെ മനസ്സിലാക്കി… തന്നെ നോക്കുന്ന അവന്റെ കണ്ണുകളിൽ അവൾക്ക് ഇപ്പോൾ ആ പഴയ കരുതൽ കാണാനില്ല, പകരം പകയാണ് കാണുന്നുന്നത്… തനിക്ക് ചുറ്റും ഒരു രക്ഷാ വലയം പോലെ നിന്നിരുന്നവൻ ഇപ്പോൾ തൻ്റെ സാന്നിധ്യം പോലും വെറുക്കുന്നു… എന്നും അവന്റെ കൂടെ കാണണം എന്ന് അവൻ മോഹിച്ച അവന്റെ കൂട്ടുകാരിയെ ഇപ്പോൾ അവൻ ഒന്ന് നോക്കാൻ പോലും പലതവണ ആലോചിക്കുന്നു…
രേഷ്മയുടെ ഹൃദയം തകർന്നു തുടങ്ങുകയായിരുന്നു…. അവളുടെ സുഹൃത്തായിരുന്നവൻ, അവളുടെ ജ്യേഷ്ട്ടനായിരുന്നവൻ, അതിനേക്കാൾ എല്ലാം ഉപരി മറ്റെന്തൊക്കെയോ ആയിരുന്നവൻ, തിരിഞ്ഞു നടന്നപ്പോൾ തന്റെ നെഞ്ചിൽ അമർന്നിറങ്ങിയത് കാരമുള്ളിനേക്കാൾ കാഠിന്യമേറിയ എന്തോ ആണെന്ന് അവൾക്ക് തോന്നി… രാഹുൽ തന്നെ നോക്കുന്നുണ്ട്… വയ്യ ഇനി അവന്റെ അവഗണന കൂടി താങ്ങാൻ വയ്യ… തന്റെ വിഷമം ഉള്ളിലൊതുക്കി അവൾ നടന്നകന്നു…
“രേഷമേ….”
പുറകിൽ നിന്നൊരു വിളികേട്ട് അവൾ തിരിഞ്ഞു നോക്കി…