അവിടന്ന് ഇറങ്ങി നിരാശയോടെ നില്‍ക്കുന്ന രവിയങ്കിളിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു..
“..അങ്കിള്‍ ഇനി സ്വര്‍ണ്ണം മാത്രമേ വാങ്ങാനുള്ളോ…??”
“…അതേ മോനെ… മുപ്പത് പവനാ… ഏതാണ്ട് ഏഴര ലക്ഷം രൂപ വരും… എന്താ ചെയ്യാന്ന് എനിക്കൊരു രൂപോമില്ല..”
“…എന്തായാലും നമുക്ക് ആ ജുവല്ലറിയിലും കൂടിയൊന്നു പോയി നോക്കാം.. എന്താ..?
“…പണം കൊടുക്കാതെ അവര് സ്വര്‍ണ്ണം തരില്ലല്ലോ മോനേ.. പിന്നെ അവിടെ പോയി നോക്കിയാലും എന്താ പ്രയോജനം..”
“… എന്തായാലും ലോണ്‍ പാസ്സായതല്ലേ… നമുക്ക് അവരോടു കാര്യം പറഞ്ഞിട്ട് ഒരു ചെക്ക് കൊടുത്ത് നോക്കാം.. അടുത്ത ബുധനാഴ്ച്ച അക്കൌണ്ടില്‍ ക്യാഷ് വരുവല്ലോ… അപ്പോള്‍ മാത്രം ചെക്ക് പ്രൊഡ്യൂസ് ചെയ്താ മതിയെന്ന് അവരോടു പറഞ്ഞു നോക്കാം…”
“..ഉം… എന്തായാലും പോയി നോക്കാം വേറെ വഴിയില്ലല്ലോ..” ജുവല്ലറി ഒരു കിലോമീറ്റര്‍ മാറിയായിരുന്നു.. എന്റെ ജീപ്പില്‍ ഞങ്ങള്‍ അവിടെയ്ക്ക് പോയി.
“..അയ്യോ സാറേ… നിങ്ങള് പറഞ്ഞതൊക്കെ എനിക്ക് മനസ്സിലായി.. പക്ഷേ പണം അടയ്ക്കാതെ സ്വര്‍ണ്ണം തരാന്‍ പറ്റില്ല…”
“…എടോ താന്‍ ഈ ജുവല്ലറിയുടെ മാനേജറല്ലേ… താന്‍ വിചാരിച്ചാല്‍ ഇദ്ദേഹത്തെ സഹായിക്കാന്‍ പറ്റില്ലേ… നിങ്ങള്‍ രണ്ടുപേരും ഈ നാട്ടുകാരുമാണ്.. ഇങ്ങനെ ഒരു അവസ്ഥയായത് കൊണ്ടല്ലേ ഞങ്ങള്‍ പണം പിന്നീട് തരാം എന്ന് പറയുന്നത്..”
“…സാറേ രവിച്ചേട്ടനെ എനിക്കറിയാം.. പക്ഷേ മുതലാളി സമ്മതിക്കില്ല.. പിന്നെ ഈ മാനേജര്‍ എന്നൊക്കെ പേര് മാത്രമേ ഉള്ളു… ഞാനിവിടത്തെ വെറും ജീവനക്കാരനാ.. നാളെ മുതല്‍ മുതലാളി ജോലിക്ക് വരണ്ടാ എന്ന് പറഞ്ഞാല്‍ ജീവിക്കാന്‍ ഞാന്‍ വേറെ വഴി നോക്കേണ്ടി വരും… അതുകൊണ്ട് നിങ്ങളൊന്നും വിചാരിക്കരുത്… പണം അടച്ചാല്‍ ഉടന്‍ സ്വര്‍ണ്ണം തരാം..” മാനേജര്‍ അയാളുടെ നിസ്സഹായാവസ്ഥ പറഞ്ഞു.
“..ശരി.. എങ്കില്‍ ഒരു കാര്യം ചെയ്യൂ… നിങ്ങള്‍ ബില്ലെടുത്തോ പണം ഞാന്‍ അടച്ചോളാം… എന്റെ അക്കൌണ്ടില്‍ ആവശ്യത്തിനുള്ള ക്യാഷ് ഉണ്ട്.. പക്ഷേ ഞാനാണ് പണം അടച്ചത് എന്ന കാര്യം നാലാമത് ഒരാള്‍ അറിയില്ല എന്ന് നിങ്ങള്‍ എനിക്ക് വാക്ക് തരണം…”