“…എടാ മണ്ടാ… ഞങ്ങളിത് ഇന്നലെയേ സംസാരിച്ചു… അവളിന്ന് നിനക്ക് അവരെ പരിചയപ്പെടുത്തിയത് പോലും ആ ഉദ്ദേശം വച്ചാ… പിന്നെ അഞ്ജനയുടെ സംസാരം കേട്ടിട്ട് നിന്നോടും താല്‍പ്പര്യം ഉള്ളപോലെയാ എനിക്ക് തോന്നിയത്…” അവളുടെ വാക്കുകള്‍ എന്റെ ഉള്ളില്‍ തേന്മഴ പെയ്യിച്ചു..
“…എന്താ രണ്ടും കൂടി ഒരു ഗൂഡാലോചന…” ഞാനും പഞ്ചമിയും സംസാരിക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് ആദി അടുത്തേയ്ക്ക് വന്നു.
“…ഹേയ് ഒന്നുമില്ലാടീ..” അതും പറഞ്ഞ് പഞ്ചമി മാണിക്യന്റെ അടുത്തേയ്ക്ക് പോയി.
“..എന്താ ദേവേട്ടാ നിങ്ങള് സംസാരിച്ചോണ്ടിരുന്നേ…”
“…അതോ… നിനക്ക് ഒരു പുതിയ ശത്രു ഉണ്ടായ കാര്യം പറഞ്ഞതാ…”
“..ങ്ങ്ഹേ… അതാരാ…??”
“…അഞ്ജന…!! അനുപമയുടെ അനിയത്തി…”
“…ഒന്ന് പോ ദേവേട്ടാ… ഞാന്‍ അവളെ കുഞ്ഞുനാളിലേ അറിയുന്നതല്ലേ… അവളൊരു പാവാ… എനിക്കെന്റെ സ്വന്തം അനിയത്തിയെപ്പോലാ അവള്… പിന്നെങ്ങനാ അവളെന്റെ ശത്രു ആവുന്നേ…??”
“…എനിക്ക് വേണ്ടി അവളെ കല്യാണം ആലോചിച്ചാലോ…??”
“…കൊല്ലും ഞാന്‍ രണ്ടിനേം…” കണ്ണുരുട്ടി അവളെന്റെ കഴുത്തില്‍ വേണ്ടനിപ്പിക്കാതെ കുത്തിപ്പിടിച്ചു… ഞാന്‍ ശ്വാസം കിട്ടാത്തപോലെ അഭിനയിച്ചു.. അവളുടെ പ്രവര്‍ത്തി കണ്ട് എന്റെ മടിയില്‍ ഇരുന്ന മിഥുന്‍കുട്ടന്‍ അവളുടെ കൈയില്‍ അവന്റെ കുഞ്ഞിക്കൈകൊണ്ട് തല്ലി… എന്നോടുള്ള അവന്റെ സ്നേഹം കണ്ട് ഞങ്ങള്‍ രണ്ടും ചിരിച്ചു.. ഞാനും ആദിയും കുഞ്ഞിനേയും എടുത്ത് പുറത്തേയ്ക്ക് നടന്ന്‍ ആല്‍ത്തറയില്‍ പോയിരുന്നു സംസാരിച്ചുകൊണ്ടിരുന്നു..
കുറച്ചു കഴിഞ്ഞ് ചടങ്ങുകള്‍ എല്ലാം തീര്‍ത്ത് എല്ലാവരും പുറത്തേയ്ക്ക് ഇറങ്ങി… മണവാട്ടിമാരെല്ലാവരും കൂടി ആല്‍ത്തറയ്ക്കടുത്തെയ്ക്ക് വന്നു.. ഞങ്ങള്‍ സംസാരിച്ചിരുന്നു… ഓരോരുത്തരും മിഥുന്‍കുട്ടനെ മാറിമാറി എടുത്ത് കളിപ്പിച്ചു… കുറേ സുന്ദരികളുടെ നടുക്ക് നില്‍ക്കുന്ന എന്നെ നോക്കുന്ന അവിടെക്കൂടിയ മറ്റ് ആണുങ്ങളുടെ കണ്ണില്‍ അസൂയ ഞാന്‍ കണ്ടു… അത് കണ്ടപ്പോള്‍ ചെറിയ ഒരഹങ്കാരം എനിക്ക് തോന്നാതിരുന്നില്ല…
പെട്ടന്നാണ് ഞാന്‍ മറ്റൊരു കാഴ്ച്ച കണ്ടത്… അമ്പലത്തില്‍ നിന്നും വടിയും കുത്തിപ്പിടിച്ച് പുറത്തേയ്ക്ക് വന്ന പട്ടമ്മാള്‍ തലകറങ്ങി വീഴുന്നു.. ആരോരുമില്ലാത്ത പ്രായം ചെന്ന ഒരു അമ്മൂമ്മയാണ് പട്ടമ്മാള്‍.. വര്‍ഷങ്ങള്‍ക്ക് മുന്പ് എവിടന്നോ ഇവിടെ എത്തിപ്പെട്ടതാണ് അവര്‍… രാവിലെ അമ്പലക്കുളത്തില്‍ കുളിച്ച് ശുദ്ധിയായി അവര്‍ ശ്രീകോവിലിനു മുന്‍പിലെ കെട്ടില്‍ ഇരുന്ന്‍ ദേവീ സ്തുതികള്‍ പാടും…