“…വളരെ ശരിയാ ദേവാ… എന്നാല്‍ ആദിയെ പിണക്കുന്നതും ബുദ്ധിയല്ല..”
“…ഉം… എന്തെങ്കിലും വഴി തെളിയും…” ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.
“…ദേവാ… മറ്റുള്ളവരുടെ വിഷമം കാണുമ്പോള്‍ മനസ്സലിയുന്ന സ്വഭാവമാ നിനക്ക്… അതാ ഇന്നലെ ആദിയുടെ കണ്ണുനിറഞ്ഞപ്പോള്‍ നിന്റെ മനസ്സലിഞ്ഞത്… പക്ഷേ നീ പേടിക്കണ്ട… നിന്റെ ആ നല്ലമനസ്സിന് ഇപ്പോഴത്തെ ഈ പ്രശ്നങ്ങള്‍ക്കൊക്കെ ഉടന്‍ പരിഹാരം ഉണ്ടാവുമെന്ന് എന്റെ മനസ്സ് പറയുന്നു… എല്ലാം ശരിയാവും അല്ലേടീ ചുന്നരീ…” മുത്തിനെ വശത്ത് നിന്നും കെട്ടിപ്പിടിച്ചു ആട്ടിക്കൊണ്ടാണ് പഞ്ചമി സംസാരിച്ചത്.. പിന്നെ എനിക്ക് പറ്റിയ ഒരു പെണ്ണിനെ കണ്ടു പിടിക്കുന്ന കാര്യമായി മുത്തും പഞ്ചമിയും തമ്മിലുള്ള സംസാരം.. അത് തീരുമാനമാകുന്നതിനു മുന്‍പേ വീടെത്തി.
പിറ്റേന്ന്‍ ബുധനാഴ്ച ഞങ്ങളുടെ പാര്‍ട്ട്നേഴ്സ് എല്ലാവരും വന്നു… ഞാനും മാണിക്യനും കൂടി അവരെ കരിപ്പൂരില്‍ നിന്നും പിക് ചെയ്ത് അട്ടപ്പാടിയിലെ എസ്റ്റേറ്റില്‍ എത്തിച്ചു… അവിടത്തെ കാര്യങ്ങള്‍ നോക്കാനായി വാസുചേട്ടന്‍ മാത്രം പോരാ എന്ന് തോന്നിയതുകൊണ്ട് മാണിക്യനെ അവിടെ നിര്‍ത്തിയിട്ടാണു ഞാന്‍ പോന്നത്..
വരുന്ന വഴി അജു നെടുമ്പാശ്ശേരിയില്‍ എത്തിയ വിവരം പറഞ്ഞു അവന്‍ വിളിച്ചു.. ഉച്ചയോടുകൂടി അവന്‍ എത്തിയെന്നും യാത്രയൊക്കെ സുഖമായിരുന്നെന്നും പറഞ്ഞപ്പോള്‍ ഞാന്‍ നാളെ അങ്ങോട്ട് വരുന്നുണ്ട് അവിടെ വച്ചു കാണാം എന്നും പറഞ്ഞ് ഫോണ്‍ വച്ചു..
അവനോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അവന്റെ കാര്യം ചുമ്മാ ഓര്‍ത്തു… മുത്തച്ഛന്റെ മരണശേഷം തറവാട്ടില്‍ നിന്നും ഭാഗവും മേടിച്ചു വല്യച്ഛനും കുടുംബവും തറവാട്ടില്‍ നിന്നും താമസം മാറ്റിയിരുന്നു… മാലിനി മേമ്മയുടെ (അജുവിന്റെ അമ്മ) നാട് എന്റെ അമ്മയുടെ നാട്ടില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ മാത്രം അപ്പുറത്തായിരുന്നു… ആദി പഠിച്ചിരുന്ന കോളേജ് ആ റൂട്ടിലായിരുന്നു ..
തറവാട്ടില്‍ നിന്നും വീതം കിട്ടിയ കാശുകൊണ്ട് അവിടെ കുറച്ചു സ്ഥലം വാങ്ങി വീടൊക്കെ വച്ച് താമസിച്ചെങ്കിലും വല്യച്ഛന്‍ ആളൊരു ധൂര്‍ത്തനായിരുന്നു.. അതുകൊണ്ടെന്തായി കൈയില്‍ ഉണ്ടായിരുന്നതും, വീതം കിട്ടിയതും എല്ലാം തിന്നും കുടിച്ചും തീര്‍ത്തു… അവസാനം കുടിച്ചു കുടിച്ചു കരളുപഴുത്ത് നാല്‍പ്പത്തിഅഞ്ചാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു… സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന പുള്ളി സ്ഥിരമായി ജോലിക്കു വരാതെ ആയതോടെ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നിര്‍ബന്ധിച്ച് വി.ആര്‍.എസ്. എടുപ്പിച്ചിരുന്നകൊണ്ട് മരണശേഷം ആശ്രിതനിയമനം പോലും അജുവിനോ അവന്റെ അമ്മയ്ക്കോ കിട്ടിയില്ല.