അജുവിനെ കാണാന്‍ അവന്റെ വീട്ടില്‍പോയി തിരിച്ചു വരുന്നവഴി ഞാന്‍ അമ്മയുടെ തറവാട്ടില്‍ ഒന്ന് കയറിയിരുന്നു. അമ്മാവന്മാരൊക്കെ വെള്ളിയാഴ്ച്ച വൈകുന്നേരം എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നാട്ടില്‍വരെ വന്നിട്ട് തറവാട്ടില്‍ കയറാതെ പോകുന്നത് മോശമല്ലേ എന്ന് കരുതിയാണ് ഞാന്‍ ചെന്നത്.. കല്യാണത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചു പറഞ്ഞിരുന്നപ്പോഴാണ് ഈ നാട്ടില്‍ നിന്നും കല്യാണത്തില്‍ പങ്കെടുക്കേണ്ടുന്ന അമ്മയുടെ ചില ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ട നാട്ടുകാര്‍ക്കും വാരാനുള്ള വണ്ടി ഏര്‍പ്പാടാക്കിയിട്ടില്ല എന്ന് ചെറിയമ്മാവാന്‍ പറയുന്നത്.
അവിടെ നിന്നും തിരിച്ചു വരുന്നവഴി വട്ടക്കുളത്തുള്ള ഒരു ട്രാവല്‍സിന്റെ വീഡിയോകോച്ച് എയര്‍ബസ്സ് ബുക്ക് ചെയ്യാന്‍ ചെന്നപ്പോള്‍ കുറച്ചു പണം അവര്‍ അഡ്വാന്‍സ് ചോദിച്ചു.. ബന്ധുവീടുകളിലെ സന്ദര്‍ശനം മാത്രം ഉദ്ദേശിച്ചു വന്ന എന്റെ കൈയില്‍ അവര്‍ ആവശ്യപ്പെട്ട പണം ഉണ്ടായിരുന്നില്ല… എ.ടി.എമ്മില്‍ നിന്നും എടുക്കാമെന്നു കരുതി കവലയില്‍ വന്നപ്പോള്‍ അത് പ്രവര്‍ത്തനരഹിതം… അങ്ങനെയാണ് ഞാന്‍ ബാങ്കിലെ കൌണ്ടറില്‍ നിന്നും നേരിട്ട് കാര്‍ഡ് സ്വൈപ്പ് ചെയ്ത് ക്യാഷ് എടുക്കാമെന്ന് കരുതി ബാങ്കിലെത്തിയത്.. ചെറിയ ബ്രാഞ്ചായതുകൊണ്ട് അവിടെ ആകെ രണ്ടു കൌണ്ടറുകളെ ഉണ്ടായിരുന്നുള്ളൂ… അതിന്റെ ചെറിയ തിരക്കും ഉണ്ടായിരുന്നു.. അങ്ങനെ ക്യൂ നില്‍ക്കുന്ന സമയത്താണ് ഞാന്‍ ആ മദ്ധ്യവയസ്കരുടെ സംഭാഷണം ശ്രദ്ധിച്ചത്..
ഒരാള്‍ നല്ല ഉയരമുള്ള ആളായിരുന്നു.. ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റുമാണ് വേഷം.. അയാളുടെ കഷണ്ടിത്തലയില്‍ ആഷ് കളര്‍ ആര്‍മി ബെരറ്റ്ക്യാപ് വെച്ചിട്ടുണ്ട്.. ഇന്‍സര്‍ട്ട് ചെയ്ത ഷര്‍ട്ടില്‍ പൊതിഞ്ഞ് വച്ചിരിക്കുന്ന ചെറിയ കുടവയറുമായി പാന്റിന്റെ പോക്കറ്റില്‍ ഇടത്തെ കൈ തിരുകി നിന്നുകൊണ്ടുള്ള അയാളുടെ സംസാരത്തില്‍ നിന്നും ഒരു എക്സ്സര്‍വ്വീസ് മാനാണെന്ന് കാണുന്ന ആര്‍ക്കും മനസ്സിലാകും..
മറ്റേയാള്‍ക്ക് അഞ്ചരയടിക്ക് മുകളില്‍ പൊക്കം കാണും.. മുണ്ടും നീല ഖദര്‍ ഷര്‍ട്ടുമാണ് വേഷം.. ഷര്‍ട്ടിന്റെ സ്ലീവ് മുട്ട് വരെ മടക്കി വച്ചിട്ടുണ്ട്.. കൈയില്‍ ഒരു ചെറിയ ക്യാഷ്ബാഗ്.. നന്നായി അധ്വാനിക്കുന്ന ആളാണെന്നു ശരീരപ്രകൃതിയില്‍ നിന്നും മനസ്സിലാവും.. നല്ല ഉറച്ച ശരീരം.. അവരുടെ സംസാരത്തില്‍ നിന്നും അജു വിവാഹം കഴിക്കാനിരിക്കുന്ന അനുപമയുടെ അച്ഛന്‍ രവീന്ദ്രന്‍ അങ്കിളാണ് അതെന്നു എനിക്ക് മനസ്സിലായി..