എന്ത് പറയാനാവോ വിളിക്കുന്നത്.എന്തായാലും ഇന്ന് സമയമില്ല ടെസ്റ്റ് ഉള്ളതാണെന്ന് പറഞ്ഞ് എങ്ങനേം ഒഴിവാകണം
“ എന്താ അച്ഛാ? “
“ നിനക്കിന്ന് ക്ലാസ്സ് ഉണ്ടോ? “
വായിലെ മുറുക്കാൻ കോളാമ്പിയിലേക്ക് തുപ്പിയിട്ട് അച്ഛനെന്നെ നോക്കി
“ ഇല്ല പക്ഷേ ഒരു പരീക്ഷയുണ്ട്.”
“ ഇന്ന് ഞാനും ഭാരതിയും കണിയാമ്പുറത്തെ കല്യാണത്തിന് പോകുന്നുണ്ട്.നീ പരീക്ഷ കഴിഞ്ഞ് വരാൻ വൈകിയാൽ ധൃതിയിൽ നീയങ്ങോട്ട് വരണമെന്നില്ല.രാത്രി അങ്ങോട്ടേക്ക് വാഹനങ്ങൾ കുറവാ.പുലർച്ചെ എണീറ്റ് സാവധാനം വന്നാൽ മതി.”
ശബ്ദം കേട്ട് അമ്മയും ഉമ്മറത്തേയ്ക്ക് വന്നു
“ശരി അച്ഛാ…. “
“പിന്നെ ഒരു കാര്യം കൂടി പുതിയ ഇനം വിത്തിനങ്ങൾ വന്നിട്ടുണ്ടെന്ന് കൃഷിഓഫീസർ വിളിച്ചിരുന്നു.നാളെ രാവിലെ തന്നെ പ്രഥാന ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നുണ്ടെന്നറിഞ്ഞു.അതുകൊണ്ട് വിനോദ് ഇന്ന് തൃശൂർക്ക് പോകുന്നുണ്ട്.നീ പരീക്ഷ കഴിഞ്ഞ് വരാൻ താമസിച്ചാൽ നീരചയെയും കൂട്ടി വരണം.അവളും വീട്ടിലൊറ്റക്കല്ലേ ഇവിടെ കിടന്നോട്ടെ..”
“ ശരി അച്ഛാ വൈകുകയാണേൽ ഞാൻ ചേച്ചിയെയും കൂട്ടാം.എനിക്കും രാത്രി ഒരു കൂട്ടാകുമല്ലോ…”
അച്ഛൻ പതിയെ കസേരയിൽ നിന്നെഴുന്നേറ്റ് കണക്കുപുസ്തകങ്ങൾ കൈയിലെടുത്ത് വീട്ടിനുള്ളിലേക്ക് കയറിപ്പോയി.വിനോദേട്ടൻ എന്റടുത്ത് വന്നു
“ നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാനവളോട് കതക് ഉള്ളിൽ നിന്ന് നന്നായി പൂട്ടിയിട്ട് കിടന്നോളാൻ പറയാം..”
“ അയ്യോ ഒരു ബുദ്ധിമുട്ടുമില്ല ചേട്ടാ ഞാനിവിടെ ഏതായാലും ഒറ്റയ്ക്കല്ലേ ചേച്ചിയുള്ളത് എനിക്കുമൊരു ധൈര്യമാ..”
“ ശരി ഞാനെന്നാൽ അവളോട് പറഞ്ഞേക്കാം…”
വിനോദേട്ടൻ നടന്നകലുന്നത് അൽപ്പനേരം നോക്കിനിന്നു പിന്നെ നേരെ അടുക്കളയിലെത്തി അടുക്കി വച്ചിരുന്ന പാത്രങ്ങളിൽനിന്ന് ഒരു പ്ലേറ്റ് കഴുകിയെടുത്ത് 3 ദോശയും ചമ്മന്തിക്കറിയുമായി ഉമ്മറത്തേക്ക് നടന്നു.വാതിൽപടിയിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി
“ നിനക്ക് അകത്തിരുന്ന് കഴിക്കാനൊരു സ്ഥലവുമില്ലാത്തോണ്ടാണോ ഇവിടിരുന്ന് കഴിക്കുന്നെ? “
അമ്മയുടെ വക ശകാരം തുടങ്ങിയപ്പോൾ പെട്ടെന്ന് പ്ലേറ്റിലുള്ളത് അകത്താക്കി.ഒരു തോർത്തുമായി നേരെ കുളത്തിലേയ്ക്ക് പോയി.ധരിച്ചിരുന്ന വസ്ത്രങ്ങൾ ഊരി പടിക്കെട്ടിന് മുകളിൽ വച്ച് തോർത്തുടുത്ത് വെള്ളത്തിലേക്ക് ഒരു ചാട്ടം വച്ച് കൊടുത്തു.വെള്ളത്തിനെന്താ തണുപ്പ്.