“സൂക്ഷിച്ച്” പപ്പ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. എന്റെ ഉള്ള് ഭീതികൊണ്ടും തണുപ്പുകൊണ്ടും ആലിലപോലെ വിറയ്ക്കുന്നുമുണ്ടായിരുന്നു. സൂക്ഷിക്കാൻ പറഞ്ഞ പപ്പയാണ് പക്ഷേ വീണത്.
“പപ്പാ!” ഞാനലറി.
“അയ്യോ! ജോർജേട്ടാ!” അമ്മയുടെ ശബ്ദം മഴയിൽ പാതി മുങ്ങിപ്പോയി.
പപ്പയെ കാണുന്നുണ്ടായിരുന്നില്ല. എനിക്ക് ശബ്ദം വരുന്നുണ്ടായിരുന്നില്ല. അമ്മ ചിലമ്പിച്ച ശബ്ദത്തിൽ പപ്പയെ ഉറക്കെ വിളിച്ച് കരയുന്നുണ്ടായിരുന്നു. മുന്നിലേയ്ക്ക് നീങ്ങാനോ വെള്ളത്തിൽ മുങ്ങി പപ്പയെ അന്വേഷിക്കാനോ ഞങ്ങൾക്ക് കരുത്തില്ലെന്ന് എനിക്ക് തോന്നി. ടോർച്ച് പപ്പയുടെ കൈയ്യിലായിരുന്നു. അതും പപ്പയ്ക്കൊപ്പം മുങ്ങിപ്പോയിരുന്നു. പൂർണമായ ഇരുട്ടിലും മഴയിലും ഞങ്ങൾ പകച്ചുനിന്നു.
******************
ഒരുമിനിട്ടോളമെടുത്തു പപ്പ പൊങ്ങിവരാൻ.
“ബണ്ട് പൊട്ടി.” പപ്പ കിതച്ചുകൊണ്ട് പറഞ്ഞു.
ആദ്യം എനിക്കത് മനസ്സിലായില്ല. നമ്മളിനി എന്ത് ചെയ്യും എന്ന അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് സംഗതി എനിക്ക് കത്തിയത്. മലവെള്ളത്തിൽ ബണ്ട് പൊട്ടിയിരിക്കുന്നു. അക്കരയുമായി ബന്ധം മുറിഞ്ഞിരിക്കുന്നു. മുറിഞ്ഞിടത്താണ് പപ്പ മുങ്ങിപ്പോയത്. ഇപ്പോൾ ഇത് പൂർണമായുമൊരു തുരുത്താണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത, പുറം ലോകത്തെത്താൻ യാതൊരു വഴിയുമില്ലാത്ത തുരുത്ത്.
പപ്പ ആലോചിക്കുകയായിരുന്നു. ആലോചിച്ചുനിൽക്കാൻ സമയവുമില്ലായിരുന്നു. വെള്ളം പെരുകി വയറിന്റെ പകുതിവരെ ആയിരിക്കുന്നു.
“ഒരു വഴിയുണ്ട്, വാ.” പപ്പ വീടിനു നേരെ നീന്തി. പപ്പയുടെ ബാഗുംടോർച്ചും മലവെള്ളത്തിൽ എവിടെയോ നഷ്ടപ്പെട്ടിരുന്നു. ഇരുളിൽ ഞാനും അമ്മയും തോളിലേറ്റിയ ബാഗുകളുമായി പപ്പയുടെ നിഴലിനെ പിന്തുടർന്നു.
പപ്പ പിന്നാമ്പുറത്തേക്കാണ് പോയത്. പകുതിമുങ്ങിയ വീടിന്റെ ഓരത്ത് ഷേഡിനടിയിൽ വിറയ്ക്കുന്ന എന്നെ ചേർത്തുപിടിച്ച് അമ്മയും വിറച്ചുനിന്നു. തിരിച്ചു വരുമ്പോൾ പപ്പയുടെ കൈയ്യിൽ ഏണി ഉണ്ടായിരുന്നു.
“നമുക്ക് മുകളിലേയ്ക്ക് കയറാം.” ഏണി വീടിന്റെ അരികിൽ ചാരിക്കൊണ്ട് പപ്പ പറഞ്ഞു. ഞാനണാദ്യം കയറിയത്. എന്റെ പുറകെ അമ്മയുണ്ടായിരുന്നു.