ടെറസിൽ മഴ നിർത്താതെ പെയ്യുകയായിരുന്നു. ഞങ്ങൾ മൂവരും മഴയുടെ താണ്ഡവം കണ്ട്, മഴയുടെ അലർച്ച കേട്ട് കോൺക്രീറ്റിനു മേലെ ഇരുന്നു. ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. എത്ര നേരം ഇരുന്നു എന്നോർമ്മയില്ല. അമ്മ എന്നെ ചേർത്ത് പിടിച്ചിരുന്നു. മഴയിൽ അമ്മയുടെ നനഞ്ഞ ഉടലിൽ നിന്ന് ആവി ഉയരുന്നത് ഞാനറിഞ്ഞു. അമ്മയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് ആ തോളിൽ തല ചായ്ച്ച് ഞാനിരുന്നു.
കാൽപ്പാദം പിന്നെയും വെള്ളത്തിൽ മൂടുന്നതും ചന്തി മുങ്ങിത്തുടങ്ങുന്നതുമറിഞ്ഞാണ് എല്ലാവരും മൌനത്തിൽ നിന്നുണർന്നത്. ടെറസിന്റെ അരയടി പൊക്കമുള്ള ഇഷ്ടികത്തിട്ട കവിഞ്ഞ് വെള്ളം കയറിവരുന്നു!
ഇത്രനേരവും ഞാൻ മാത്രം അനുഭവിച്ചു വന്ന ജീവഭയം പപ്പയെയും അമ്മയെയും ബാധിച്ചു തുടങ്ങിയതായി ഞാനറിഞ്ഞു.
“ജോർജ്ജേട്ടാ..” അമ്മ കരയുകയായിരുന്നു.
“നീ സമാധാനിക്ക്. നമുക്ക് വഴിയുണ്ടാക്കാം.” പപ്പ പറഞ്ഞു. പക്ഷേ ആ ശബ്ദം ദുർബലമായിരുന്നു എന്നെനിക്ക് തോന്നി.
“വഴിയുണ്ട്. വാ.” പപ്പ എഴുന്നേറ്റു. ഞങ്ങളും.
പപ്പ വാട്ടർടാങ്കിനു നേരെയാണ് നടന്നത്. 500 ലിറ്റർ വെള്ളം കൊള്ളുന്ന, വട്ടത്തിലുള്ള ആ കറുത്ത പിവിസി വാട്ടർടാങ്ക് അഞ്ചടി പൊക്കമുള്ള നാലു കോൺക്രീറ്റ് തൂണുകൾക്ക് മേലെയുള്ള തട്ടിലാണ് നിൽക്കുന്നത്.
“കേറ്” പപ്പ എന്നോട് പറഞ്ഞു.
“പക്ഷേ ഇതിലെങ്ങനെ?” അമ്മ സംശയവും വേവലാതിയും ഒരുമിച്ച് കലർത്തി.
“അതൊക്കെയുണ്ട്.” പപ്പ എന്നെ വാട്ടർടാങ്കിലേക്ക് എടുത്ത് കയറ്റിക്കൊണ്ട് പറഞ്ഞു.
“ഇനി നീയാ വെള്ളം തുറന്നുവിട് ശ്രീ..” പപ്പ തുടർന്നു.
ഞാൻ ടാങ്കിന്റെ സൈഡിൽ കുന്തിച്ചിരുന്ന് വാൽ വ് തുറന്ന് ടാങ്കിലെ വെള്ളം തുറന്നു വിട്ടു. കുറെ സമയം വേണമായിരുന്നു ടാങ്ക് കാലിയാകുവാൻ. ഞാൻ നോക്കുമ്പോൾ പപ്പ അരണ്ട വെട്ടത്തിൽ ടെറസിന്റെ മൂലയിൽ അടുക്കിവെച്ചിരുന്ന ഇഷ്ടികകൾ പെറുക്കിയെടുത്ത് ടാങ്കിരിക്കുന്ന തട്ടിനടിയിലേയ്ക്ക് കൊണ്ടുപോകുകയാണ്. ടെറസിലിപ്പോൾ വെള്ളം പപ്പയുടെ മുട്ടിനു താഴെ ഉണ്ടെന്ന് തോന്നുന്നു.