ഓഫീസ് സമയം കഴിയാറായി വന്നതോടെ എന്റെ മനസ് കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ തുടങ്ങി. ഇനി അവന്റെ അടുത്ത പരിപാടി അവളെ ഒപ്പം ബൈക്കില്‍ കൊണ്ടുപോകുക എന്നതായിരിക്കും. ഇല്ല..ഉച്ചയ്ക്ക് അവിടെ മറ്റു പെണ്‍കുട്ടികള്‍ കൂടി ഉള്ളതുകൊണ്ട് ശാലിനി പോയതാണ്. ഇവിടെ വേറെ പെണ്ണുങ്ങള്‍ ആരും ഇല്ലല്ലോ. പരിചയമില്ലാത്ത ആണുങ്ങളുടെ കൂടെ ഇരുന്നു കഴിക്കാന്‍ അവള്‍ക്ക് വിഷമം കാണും. അതിന്റെ അര്‍ഥം അവള്‍ക്ക് അജിത്തിനെ ഇഷ്ടമയിട്ടു പോയി എന്നല്ല. അങ്ങനെ ഞാന്‍ ആശ്വസിച്ചെങ്കിലും എന്റെ മനസിന്റെ മറ്റൊരു കോണില്‍ വേറെ ഒരു ആധി സുനാമി പോലെ രൂപപ്പെട്ടു വരുന്നുണ്ടായിരുന്നു. ഇല്ല..ശാലിനി അവന്റെ കൂടെ ബൈക്കില്‍ പോകില്ല. അവള്‍ വൈകിട്ട് തന്നോട് ചോദിക്കും എപ്പോഴാണ് പോകേണ്ടത് അന്ന്. അപ്പോള്‍ തനിക്ക് അവളെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് പോകാന്‍ പറ്റും. അതെ..അങ്ങനെ ചെയ്യണം.
അന്നത്തെ പ്രവൃത്തിസമയം തീര്‍ന്നു. സ്റ്റാഫുകള്‍ ഒന്നൊന്നായി എന്നോട് പറഞ്ഞിട്ടു പോയി. അവസാനമാണ് ശാലിനി വന്നത്. അവളെ കണ്ടപ്പോള്‍ എന്റെ മനസ് പൂത്തുലഞ്ഞു.
“സര്‍..പൊക്കോട്ടെ” അവള്‍ സൌമ്യമായി ചോദിച്ചു.
“ബസ് സ്റ്റോപ്പിലേക്ക് ഞാനുമുണ്ട് ശാലിനി..വണ്‍ മിനിറ്റ്..”
“സര്‍.അജിത്ത് സര്‍ എനിക്ക് ലിഫ്റ്റ് തരാം എന്ന് പറഞ്ഞു..ഹി ഈസ് വെയിറ്റിംഗ്…”
അവള്‍ ലേശം മടിച്ചാണ് അങ്ങനെ പറഞ്ഞത്. എന്റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ എനിക്ക് തോന്നി. ഞാന്‍ അവളെ നോക്കാതെ തലയാട്ടി. എന്റെ തൊണ്ടയുടെ താഴെ നിന്നും പൊക്കാനാകാത്ത ഒരു വലിയ ഭാരം മേലേക്ക് കയറി വരുന്നത് പോലെ എനിക്ക് തോന്നി. ശരീരം പാടെ തളര്‍ന്നവനെപ്പോലെ ഞാന്‍ ഇരുന്നു. പുറത്ത് അജിത്തിന്റെ ബൈക്ക് സ്റ്റാര്‍ട്ട് ആകുന്ന ശബ്ദം കേട്ടു ഞാന്‍ വേഗം ചെന്നു ജനലിലൂടെ നോക്കി. അവന്റെ പിന്നിലേക്ക് കയറി ഇരിക്കുന്ന ശാലിനി. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. മനസും ശരീരവും തളര്‍ന്ന ഞാന്‍ എന്റെ സീറ്റില്‍ ഇരുന്നു. രാവിലെ ഒരു മാലാഖയെപ്പോലെ എന്റെ മനസിലേക്ക് പറന്നുകയറിയവള്‍ ഇപ്പോള്‍ കൂട് വിട്ടു പോകുന്ന പക്ഷിയെപ്പോലെ എന്നില്‍ നിന്നും പറന്നു പോയിരിക്കുന്നു.
രാത്രി അല്പം പോലും ഉറങ്ങാന്‍ എനിക്ക് സാധിച്ചില്ല. സാമാന്യം ഭേദപ്പെട്ട ജോലി ഉണ്ടായിട്ടും, വീട്ടിലെ പ്രാരാബ്ധങ്ങളും കടങ്ങളും തീര്‍ക്കേണ്ടതുള്ളതുകൊണ്ട് എനിക്ക് സ്വന്തമായി യാതൊന്നും അപ്പോഴും ഉണ്ടായിരുന്നില്ല. ഒരു സ്കൂട്ടര്‍ എനിക്കും ഉണ്ടായിരുന്നു എങ്കില്‍, ശാലിനി എന്റെ കൂടെ വന്നേനെ എന്നെനിക്ക് തോന്നി. അജിത്തിനെപ്പോലെ വിലകൂടിയ ബൈക്ക് വാങ്ങാനൊന്നും എനിക്ക് കഴിയില്ല. പക്ഷെ ഒരു പഴയ സ്കൂട്ടര്‍ എങ്കിലും വാങ്ങാന്‍ തനിക്ക് പറ്റില്ലേ? തനിക്കൊരു വണ്ടി ഉണ്ടെങ്കില്‍ അവള്‍ തന്റെ കൂടെയും വരും. അങ്ങനെ അന്നുമുതല്‍ ഞാന്‍ കുറേശ്ശെ പണം മിച്ചം പിടിച്ച് നാലഞ്ച് മാസങ്ങള്‍ കൊണ്ട് ഒരു പഴയ സ്കൂട്ടര്‍ വാങ്ങി. അത് തുടച്ചു മിനുക്കി ആദ്യമായി ഓഫീസിലേക്ക് പോയപ്പോള്‍ ഞാനും എന്തൊക്കെയോ ആയി എന്നൊരു തോന്നല്‍ മനസിലുണ്ടായി.
“ഹായ് ദീപക് സര്‍ സ്കൂട്ടര്‍ വാങ്ങിയോ..പാര്‍ട്ടി വേണം സര്‍” ഞാന്‍ ചെന്നപ്പോള്‍ അജിത്ത് പറഞ്ഞു.
“പഴയ സ്കൂട്ടര്‍ ആണ് അജിത്ത്..ഇതിനും വേണോ പാര്‍ട്ടി”
എന്റെ കണ്ണ് ശാലിനിയില്‍ ആയിരുന്നു. പക്ഷെ അവളുടെ നോട്ടം എന്റെ മേലായിരുന്നില്ല; അജിത്തിന്റെ മേല്‍ ആയിരുന്നു. സ്കൂട്ടര്‍ വാങ്ങിയതിന്റെ ആഹ്ലാദം എന്റെ മനസില്‍ നിന്നും നിമിഷനേരം കൊണ്ട് ഓടിയൊളിച്ചു.
അന്ന് വൈകിട്ടും ശാലിനി അജിത്തിന്റെ ഒപ്പം പോയില്ല. കാരണം അന്നവന്റെ കൂടെ പോയത് രേഖയാണ്. ശാലിനി ബസിനാണ് പോയത്. എനിക്ക് അവളോട് എന്റെയൊപ്പം വരുന്നോ എന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അവള്‍ ബസ് കയറാന്‍ കാത്തു നില്‍ക്കുന്ന ഇടത്ത്കൂടി ഞാന്‍ സ്കൂട്ടറില്‍ പോയി. എന്നെ അവള്‍ കണ്ടോ എന്നുപോലും എനിക്ക് അറിയില്ലായിരുന്നു.
“എന്താ ദീപക് സാറെ ഇത്.. ആ കൊച്ച് ബസ് സ്റ്റോപ്പില്‍ നിന്നിട്ട് സാറ് അതിനൊരു ലിഫ്റ്റ് കൊടുക്കാതെ പോയത് മോശമായിപ്പോയി..ഒന്നുമില്ലെങ്കിലും സാറിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന കുട്ടിയല്ലേ?”
അടുത്ത ദിവസം രാവിലെ അജിത്ത് എന്നോട് ചോദിച്ചു.
“ഇതാരാണ് അജിത്തിനോട് പറഞ്ഞത്?” ഞാന്‍ അത്ഭുതം മറച്ചു വച്ചില്ല.
“അവള് തന്നെ..രാവിലെ എന്റെ കൂടെയല്ലേ അവള് വന്നത്…ങാ പിന്നെ സാറെ അവള്‍ക്കൊരു സന്തോഷ വാര്‍ത്ത ഉണ്ട്..അത് അവള്‍ തന്നെ നേരില്‍ സാറിനോട് പറയും” അങ്ങനെ പറഞ്ഞിട്ട് അവന്‍ പോയി.