എന്റെ മനസിലെ നഷ്ടബോധം മെല്ലെ മായുന്നത് ഞാനറിഞ്ഞു. അപ്പോള്‍ എന്നെ അവള്‍ കണ്ടിരുന്നു; താന്‍ വണ്ടി നിര്‍ത്തി ലിഫ്റ്റ് കൊടുക്കണം എന്നവള്‍ ആഗ്രഹിച്ചിരുന്നു. തന്റെ കുറ്റം കൊണ്ടാണ് അവള്‍ ഒപ്പം വരാഞ്ഞത്. ഛെ…താന്‍ അവളോട് ചോടിക്കെണ്ടാതായിരുന്നു..
അജിത്ത് നല്ലവനാണ് എന്നെനിക്ക് ജീവിതത്തില്‍ ആദ്യമായി അന്ന് തോന്നി. അവനത് പറഞ്ഞിരുന്നില്ലെങ്കില്‍ താന്‍ അറിയുമായിരുന്നില്ലല്ലോ. എന്താണോ അവള്‍ക്ക് പറയാനുള്ള സന്തോഷവാര്‍ത്ത? എന്തായാലും ഇന്ന് താന്‍ അവളെ ഒപ്പം കൊണ്ടുപോകും. അവളെ കാണുമ്പോള്‍ത്തന്നെ ഇന്നലത്തെ കാര്യം പറയണം. അവള്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നത് താന്‍ കണ്ടിരുന്നില്ല എന്ന് പറഞ്ഞാല്‍ മതി. ഇന്ന് അങ്ങനെ സംഭവിക്കില്ല എന്നും എന്റെ ഒപ്പം വരാം എന്നും പറയണം. എന്റെ മനസിന്റെ സന്തോഷത്തിന് പരിധികള്‍ ഇല്ലായിരുന്നു. നാളിതുവരെ ഒരു പെണ്‍കുട്ടിയും എന്റെയൊപ്പം എവിടെയും വന്നിട്ടില്ല; എന്നെ സ്നേഹത്തോടെ നോക്കിയിട്ട് പോലുമില്ല. പക്ഷെ എന്റെ ശാലിനി എന്നെ സ്നേഹിക്കുന്നുണ്ട്. ലോകത്തിലേക്കും ഏറ്റവും ഭാഗ്യവാന്‍ ഞാനാണ് എന്നെനിക്ക് തോന്നി.
എന്തോ സംശയം ചോദിക്കാനായി ശാലിനി ക്യാബിനിലേക്ക് വന്നപ്പോള്‍ ഞാനവളെ പ്രേമവായ്പ്പോടെ നോക്കി. ഹോ.ഇതാണ് എന്റെ പെണ്ണ്. എന്റെ ജീവിതസഖി..എന്നെ അവള്‍ സ്നേഹിക്കുന്നുണ്ട്! ഇല്ലെങ്കില്‍ അജിത്തിനോട് അങ്ങനെ പറയേണ്ട കാര്യമുണ്ടോ? എന്റെ ചക്കരെ നിന്റെ മനസ് ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ..എന്നോട് ക്ഷമിക്ക് മോളെ..ഞാന്‍ മനസ്സില്‍ പറഞ്ഞു.
“സര്‍..ഇത് എങ്ങനെയാണ് ചെയ്യേണ്ടത്”
എന്റെ മുന്‍പില്‍ ഒരു പേപ്പര്‍ വച്ച ശേഷം അവള്‍ ചോദിച്ചു. ആ തുടുത്തു മനോഹരമായ വിരലുകള്‍ കണ്ടപ്പോള്‍ അവയില്‍ ചുംബിക്കാന്‍ എനിക്ക് ആര്‍ത്തി തോന്നി.
“ഞാന്‍ അജിത്തിനെ കണ്ടിരുന്നു…ശാലിനിക്ക് എന്തോ ഗുഡ് ന്യൂസ് പറയാന്‍ ഉണ്ട് എന്നവന്‍ പറഞ്ഞു..എന്താണത്?” ആകാംക്ഷ അടക്കാനാകാതെ ഞാന്‍ ചോദിച്ചു.
ശാലിനി നാണിച്ചു തുടുത്ത് വിരല്‍ കടിച്ച് എന്നെ നോക്കി. എന്റെ മനസ് ബലൂണ്‍ പോലെ ഭാരമില്ലതായി അനന്തവിഹായസ്സിലൂടെ പാറിപ്പറക്കാന്‍ തുടങ്ങി.
“അത്..സര്‍…എന്റെ മാര്യേജ് ഫിക്സ് ചെയ്തു…ഉച്ചയ്ക്ക് അദ്ദേഹം നേരില്‍ ഇങ്ങോട്ട് വരുന്നുണ്ട്..അപ്പോള്‍ പറയാം എന്ന് കരുതി വെയിറ്റ് ചെയ്യുകയായിരുന്നു” എന്റെ മുഖത്ത് നോക്കാതെയാണ് ശാലിനി അത് പറഞ്ഞത്.
ഒരു കൂടം കൊണ്ട് എന്റെ തലയ്ക്ക് അടികിട്ടിയാല്‍ എനിക്കിത്ര വേദന ഉണ്ടാകില്ലായിരുന്നു. ഞാന്‍ കെട്ടിപ്പൊക്കിയ സ്വപ്നങ്ങളുടെ കൂടാരം ഒരു നിമിഷംകൊണ്ട് തകര്‍ന്നു വീഴുന്നത് ഞാന്‍ കണ്മുന്നില്‍ കണ്ടു. കണ്ണില്‍ ഇരുള്‍ കയറിയവനെപ്പോലെ ഞാന്‍ ശാലിനി കൊണ്ടുവന്ന പേപ്പറിന്റെ സംശയം തീര്‍ത്ത് കൊടുത്തു. ഒരക്ഷരം അവളുടെ വിവാഹത്തെപ്പറ്റി ചോദിക്കാനോ, അഭിനന്ദിക്കാനോ എനിക്ക് സാധിച്ചില്ല. ഞാന്‍ മരിച്ചവനെപ്പോലെ ആയിത്തീര്‍ന്നിരുന്നു. അപ്രതീക്ഷിതമായി എന്റെ മനസിലേക്ക് ചേക്കേറിയ ആ പഞ്ചവര്‍ണ്ണക്കിളിയെ ആരോ ബലമായി എന്നില്‍ നിന്നും പിടിച്ചകത്തി കൊണ്ടുപോകുന്നു! ഞാന്‍ തളര്‍ന്ന് ഒരു ജോലിയും ചെയ്യാനാകാതെ കസേരയില്‍ പിന്നോക്കം ഇരുന്നു. അങ്ങനെ എത്ര സമയം പോയി എന്നെനിക്ക് അറിയില്ല. ആരോ വരുന്നത് കേട്ടു ഞാന്‍ വെറുതെ ഒരു പേപ്പര്‍ എടുത്ത് അതിലേക്ക് നോക്കിയിരുന്നു.
“സര്‍..ദിസ് ഈസ് നവീന്‍..നവീന്‍ അലക്സ്..എന്റെ വുഡ് ബി..”
ശാലിനിയുടെ ശബ്ദം കേട്ടു ഞാന്‍ തല ഉയര്‍ത്തി നോക്കി. വെളുത്ത് സുമുഖനായ നല്ല ഉയരമുള്ള ഒരു പയ്യന്റെ കൂടെ നില്‍ക്കുന്ന ശാലിനി.
“എന്ത് പറ്റി സര്‍..മുഖം വല്ലാതെ ഇരിക്കുന്നല്ലോ” അവള്‍ എന്റെ ഭാവഭേദം കണ്ടു ചോദിച്ചു.