“നത്തിംഗ്..ഒരു തലവേദന..ഹായ് നവീന്‍ ഗ്ലാഡ് ടു മീറ്റ് യു..” ഞാന്‍ എഴുന്നേറ്റ് അവനു ഹസ്തദാനം നല്‍കി.
“താങ്ക് യു സര്‍..” അവന്‍ പറഞ്ഞു.
“ആള്‍ ദ ബെസ്റ്റ് ടു ബോത്ത് ഓഫ് യു..ചെല്ല് ശാലിനി..നവീനെ എല്ലാവരെയും പരിചയപ്പെടുത്തൂ..”
ഞാന്‍ പറഞ്ഞു. അവള്‍ തലയാട്ടി. അവന്റെ പിന്നാലെ പുറത്തേക്ക് ഇറങ്ങാന്‍ നേരം ശാലിനി എന്നെ തിരിഞ്ഞൊന്നു നോക്കി. ആ കണ്ണുകളിലെ ഭാവം എന്താണ് എന്നെനിക്ക് മനസിലാക്കാന്‍ സാധിച്ചില്ല.
അവര്‍ പോയപ്പോള്‍ ഞാന്‍ കൈലേസ് എടുത്ത് മുഖം പൊത്തി പൊട്ടിക്കരഞ്ഞു. കുറെ ഏറെ നേരം. എന്റെ ഭാഗ്യത്തിന് ആ സമയത്ത് ആരും ഉള്ളിലേക്ക് വന്നില്ല. ജനലിന്റെ അരികില്‍ ചെന്നു ഞാന്‍ പുറത്തിരിക്കുന്ന എന്റെ പഴയ സ്കൂട്ടറിലേക്ക് നോക്കി.
“എന്നെപ്പോലെ നീയും നിര്‍ഭാഗ്യവാന്‍ ആണെടാ…ശാലിനിയെ വഹിക്കാനുള്ള ഭാഗ്യം നിനക്കില്ല….” ഞാന്‍ തകര്‍ന്ന മനസോടെ സ്വയം പറഞ്ഞു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാലിനിയുടെ വരവ് നവീന്റെ ഒപ്പമായി. പെണ്ണുകാണല്‍ ചടങ്ങ് നടന്നു എന്നും അടുത്ത മാസം വിവാഹനിശ്ചയം നടക്കുമെന്നും ഞാന്‍ പലരില്‍ നിന്നുമായി അറിഞ്ഞു. ജീവിതത്തോടു കടുത്ത വിരക്തി തോന്നിയെങ്കിലും എന്നെ പഠിപ്പിച്ചു വലുതാക്കിയ എന്റെ അച്ഛനെയും അമ്മയെയും ഓര്‍ത്ത് ഞാന്‍ ജീവിച്ചു. അവര്‍ക്ക് വാര്‍ധക്യത്തില്‍ ഒരു തണലായി മാറാന്‍ എങ്കിലും എന്റെ ഈ ജന്മം കൊണ്ട് ഗുണമുണ്ടാകട്ടെ എന്ന് കടുത്ത നിരാശയുടെ നടുവിലും ഞാന്‍ ചിന്തിച്ചു. എന്നും വളരെ ആഹ്ലാദവതിയായി പുതിയ വേഷങ്ങള്‍ അണിഞ്ഞെത്തുന്ന ശാലിനിയെ കടുത്ത നഷ്ടബോധത്തോടെ നോക്കി നെടുവീര്‍പ്പിടാനല്ലാതെ എനിക്ക് ഒന്നും സാധിക്കുമായിരുന്നില്ല. രാവിലെ അവളെ കൊണ്ട് വിട്ടിട്ട് പോകുന്ന നവീന്‍ വൈകിട്ട് അവളെ തിരികെ കൊണ്ടുപോകാന്‍ എത്തും.
അടുത്ത ദിവസം രാവിലെ ശാലിനി എന്റെ ക്യാബിനില്‍ എത്തി.
“സര്‍..ഇന്ന് എനിക്ക് അവധി വേണം” നാണത്തോടെ അവള്‍ പറഞ്ഞു.
“എന്താ ശാലിനി? എന്ത് പറ്റി?”
“നവീനും ഞാനും കൂടി ഒരു സിനിമ..അല്പം ഷോപ്പിംഗ്” അവള്‍ വിരല്‍ കടിച്ചു നാണിച്ച് മുഖം കുനിച്ചു.
“പൊയ്ക്കോ”
അവളെ നോക്കാതെ ഞാന്‍ പറഞ്ഞു. ശാലിനി എന്റെ മുഖത്തേക്ക് അല്‍പനേരം നോക്കിനിന്ന ശേഷം പോയി. പുറത്ത് നവീന്റെ ബൈക്ക് വന്നതും അവള്‍ പോയതും ഞാനറിഞ്ഞു. എന്റെ മനസ്സില്‍ നിന്നും ദുഃഖം മാറി അവിടം ഏറെക്കുറെ കല്ലുപോലെ ആയിത്തീര്‍ന്നിരുന്നു. ആശകള്‍ക്കോ മോഹങ്ങള്‍ക്കോ ഇനിയൊരിക്കലും അവിടെ സ്ഥാനമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.
അടുത്ത ദിവസം ശാലിനി ഓഫീസില്‍ എത്തിയില്ല. തോംസണ്‍ ആണ് അവള്‍ വന്നില്ല എന്ന് പറഞ്ഞത്. ഫോണ്‍ ചെയ്തിരുന്നോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ ഇല്ലെന്നു മറുപടി നല്‍കി. അവളെ കാണുമ്പോഴാണ് എനിക്കെന്റെ മനസ് കൈമോശം വരുന്നത്. കാണാതിരുന്നാല്‍ അത്രയ്ക്ക് സമാധാനമുണ്ട്. എങ്കിലും അവളില്ലാത്ത ഓഫീസ് ശൂന്യമയാത് പോലെ എനിക്ക് തോന്നി. പ്രസരിപ്പോടെ ഓടിനടക്കുന്ന ശാലിനി ഇപ്പോള്‍ അവിടെയില്ല. അവളുടെ അസാന്നിധ്യം എല്ലാവര്‍ക്കും ഒരു മ്ലാനത സമ്മാനിച്ചിരുന്നു. അതോ എനിക്കങ്ങനെ തോന്നിയതോ.